Image

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍

Published on 15 May, 2019
അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍


കോഴിക്കോട്: മുക്കം  നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍  വീണ്ടും പരീക്ഷയൈഴുതാന്‍ വിദ്യാര്‍ഥികളുടെ തീരുമാനം. ആദ്യം പരീക്ഷ എഴുതില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും  വിദ്യാര്‍ഥികള്‍ അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പ് അധികൃതരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ബുധനാഴ്ച പരീക്ഷ എഴുതാന്‍ വീണ്ടും അപേക്ഷ നല്‍കി. 

സേ പരീക്ഷയോടൊപ്പം പ്രത്യേക സംവിധാനത്തോടും സൗകര്യത്തോടും കൂടിയാണ് ഫലം തടയപ്പെട്ട രണ്ടു പേരുടെയും പരീക്ഷ നടക്കുക. ഇക്കാര്യം വിദ്യാര്‍ഥികളുടെ മൊഴിയെടുക്കവെ ഉറപ്പുനല്‍കിയിരുന്നു.

ഈ വര്‍ഷം തന്നെ  കോളജ് പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസരം ഉള്‍പ്പെടെ നഷ്ടപ്പെടുകയില്ലെന്ന അധ്യാപകരുടെയും  വിദ്യഭ്യാസ വകുപ്പിന്റെയും ഉറപ്പിന്മേലാണ് കുട്ടികള്‍ വീണ്ടും പരീക്ഷയെഴുതുന്നതിന് രക്ഷിതാക്കളും സമ്മതം മൂളിയത്.

അധ്യാപകന്‍ പൂര്‍ണ്ണമായും പരീക്ഷ എഴുതിയ പ്ലസ് ടുസയന്‍സ് വിഭാഗത്തിലേയും കൊമേഴ്‌സ് വിഭാഗത്തിലേയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷ എഴുതുന്നത്.  ജൂണ്‍ 10ന് സേ പരീക്ഷയോടൊപ്പമാകും ഇവരുടെ പരീക്ഷ നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകന്‍ എഴുതിയ ഉത്തരകടലാസ് പോലീസ് കസ്റ്റഡിയിലെടുക്കും. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്തെ പരീക്ഷാഭവനിലാണ് ഇവയുള്ളത്. ഉത്തരകടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിന് പിന്നാലെ കേസിലെ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക