Image

കമലഹാസനെ ചെരുപ്പെറിയുന്നവര്‍ പറയണം... ഗോഡ്സെ ഹിന്ദു തീവ്രവാദിയല്ലാതെ മറ്റാര്?

കലാകൃഷ്ണന്‍ Published on 16 May, 2019
കമലഹാസനെ ചെരുപ്പെറിയുന്നവര്‍ പറയണം... ഗോഡ്സെ ഹിന്ദു തീവ്രവാദിയല്ലാതെ മറ്റാര്?


തമിഴ്നാട്ടില്‍ നിന്ന് കമലഹാസന്‍ ഇന്നത്തെ ഇന്ത്യയില്‍ ഉയര്‍ത്തേണ്ട ഏറ്റവും പ്രധാന സംവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദു ആയിരുന്നു. ആയാളാണ് നാഥുറാം ഗോഡ്സെ. ഹിന്ദു തീവ്രവാദം എന്നൊന്നുണ്ട്. രാഷ്ട്രപിതാവിന്‍റെ ജീവനെടുത്തത് ആ ഹിന്ദു തീവ്രവാദമാണ്. ഇതാണ് കമലഹാസന്‍ ഉയര്‍ത്തിവിട്ട സംവാദം. 
2019 ലോക്സഭാ ഇലക്ഷനില്‍ ആര്‍ജവത്തോടെ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തേണ്ടയിരുന്ന സംവാദം തന്നെയായിരുന്നു ഇത്. അല്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയവും ഇത് തന്നെയായിരുന്നു ആകേണ്ടിയിരുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഹിന്ദുത്വ ആശയമാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വശത്ത്. ബിജെപിക്കൊപ്പം പൂര്‍ണ്ണമായും ഹിന്ദുത്വവാദികള്‍ എന്ന് പറഞ്ഞ് ഒപ്പം നില്‍ക്കാന്‍ ശിവസേന മാത്രമാണുള്ളത്. 
പ്രതിപക്ഷം അഥവാ മറുവശം എപ്പോഴും അവകാശപ്പെടുന്നത് മതേതര കക്ഷികള്‍ അല്ലെങ്കില്‍ മതേതര മുന്നണി എന്നാണ്. കോണ്‍ഗ്രസ് മുതല്‍ സിപിഎം വരെയുള്ള എല്ലാ പാര്‍ട്ടികളും സെക്യുലര്‍ എന്ന് അവകാശപ്പെട്ടു തന്നെയാണ് പ്രതിപക്ഷത്ത് നില്‍ക്കുന്നത്. എന്നിട്ടും ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും കമലഹാസന്‍ ഉയര്‍ത്തിയ വിഷയം അതേ തീവ്രവതയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല. എന്തിന് സിപിഎം പോലും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം സംഘപരിവാര്‍ തീവ്രവാദം എന്നൊക്കെ പറയുമെങ്കിലും കമലഹാസന്‍ പറഞ്ഞത് പോലെ ഹിന്ദു തീവ്രവാദം രാഷ്ട്രീയ ആശയത്തിനും അതീതമായി ഒരു അസ്ത്വിത്തമാണ് എന്ന് പറഞ്ഞിട്ടില്ല. പറയാന്‍ ധൈര്യം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് തുടങ്ങി ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ എങ്ങനെ മൃദുഹിന്ദുത്വം കൊണ്ട് എതിര്‍ക്കാം എന്ന് മാത്രമാണ് എപ്പോഴും നോക്കാറുള്ളത്. രാമന് പകരം കൃഷ്ണനെയോ, ശിവനെയോ ബിംബവല്‍ക്കരിച്ച് ബിജെപിയെ എതിരിടുക എന്ന തന്ത്രം പോലും പയറ്റാറുണ്ട് യു.പിയിലും രാജസ്ഥാനിലുമൊക്കെ. 
എന്നാല്‍ കമലഹാസന്‍റേത് വ്യക്തതയുള്ള രാഷ്ട്രീയ പ്രശ്നമായിരുന്നു, ചോദ്യമായിരുന്നു. ഹേറാം എന്ന പേരില്‍ ഗോഡ്സെയുടെ രാഷ്ട്രീയത്തെ ഗാന്ധിയന്‍ രാഷ്ട്രീയം കീഴടക്കുന്ന മികച്ച സിനിമ ചെയ്ത കമലഹാസന്‍ ഒരു തികഞ്ഞ രാഷ്ട്രീയ ബുദ്ധിജീവിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ രാഷ്ട്രീയ ബുദ്ധജീവിയില്‍ നിന്ന് രാഷ്ട്രീയക്കാരനായപ്പോള്‍ എത്രത്തോളം അഗ്രസീവാകും കമലഹാസന്‍ എന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളു. എന്നാല്‍ ആ സംശയം മാറിയിരിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് കമലഹാസന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തമായ സ്പെയ്സ് നേടിയിരിക്കുന്നു. പ്രാദേശിക തമിഴ് രാഷ്ട്രീയത്തിലല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ. 
കമലഹാസന്‍ ഉയര്‍ത്തിയ ഹിന്ദു തീവ്രവാദത്തിന്‍റെ ചോദ്യം എത്രത്തോളം പ്രസക്തമാണെന്ന് അതിന്‍റെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാം. ഇന്ത്യയിലെ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും കമലഹാസനെ സപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയില്ല. എന്നാല്‍ ഹിന്ദുവിനെ അപമാനിച്ചു എന്ന് പറഞ്ഞ് കമലഹാസനെതിരെ കേസ് നല്‍കിയിരിക്കുന്നു. കമല്‍ മുസ്ലിം പ്രീണനം നടത്തുകയാണ് എന്ന് ബിജെപി അപലപിച്ചിരിക്കുന്നു. ഹിന്ദുക്കള്‍ തീവ്രവാദം നടത്തുകയില്ല എന്ന് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രസംഗിച്ചു. ഇന്നലെ തമിഴ്നാട്ടില്‍ കമലഹാസനെതിരെ ചെരുപ്പേറ് നടത്തിയിരിക്കുന്നു ബിജെപി. ബിജെപിയുടെ തീവ്രമുഖമായ പ്രജ്ഞാ സിംഗ് ഗോഡ്സെ അപമാനിച്ചതിന് കമലഹാസന്‍ മാപ്പ് പറയണം എന്ന് ആജ്ഞാപിച്ചിരിക്കുന്നു. പോരെ പൂരം. 
ഗോഡ്സെ ഹിന്ദു തീവ്രവാദിയാണ് എന്ന് പറഞ്ഞതിനാണ് ഈ കോലാഹലങ്ങള്‍. ഗോഡ്സെ നമ്മുടെ രാഷ്ട്രപിതാവിനെ, ലോകത്തെ തന്നെ ഏറ്റവും ആരാധ്യനായ ഒരു മഹാത്മാവിനെ കൊന്ന് കളഞ്ഞവനാണ്, കൊല്ലാന്‍ കാരണം അയാളുടെ തീവ്രമതബോധമാണ് എന്നത് എങ്ങനെയാണ് തമസ്കരിക്കാന്‍ കഴിയുക. അതൊരു യഥാര്‍ഥ്യമല്ലേ. ആരും തുറന്ന് പറയാന്‍ തയാറാകാത്ത യഥാര്‍ഥ്യം. ഗോഡ്സെയെക്കുറിച്ച് വാതോരാതെ പറയുകയല്ല, ഗോഡ്സെയ്ക്ക് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചാണ് പറയേണ്ടിയിരുന്നത്. അത് പറയാന്‍ കമലഹാസന്‍ ധൈര്യം കാണിച്ചിരിക്കുന്നു എന്നതാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വഴിത്തിരിവ്. കമലിന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ഇനി എന്ത് സ്പേയ്സാണ് ലഭിക്കുക എന്ന് പറയുക വയ്യ. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു അതിശക്തനായ പോരാളി തന്നെയാണ് ജന്മ്ം കൊണ്ടിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക