Image

മെയ് 23: അത് ആരായിരിക്കും? അത് എന്തായിരിക്കും?- (ഡല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 17 May, 2019
മെയ് 23: അത് ആരായിരിക്കും? അത് എന്തായിരിക്കും?- (ഡല്‍ഹികത്ത് :പി.വി.തോമസ്)
മെയ് 23 ന് ഒരു വിധി എഴുത്ത് നടക്കുകയാണ്. അടുത്ത പ്രധാനമന്ത്രിയും ഭരണകക്ഷിയും ആണ് വിഷയം. ആരായിരിക്കും അത്? എന്തായിരിക്കും അത്?
ഈ ദിവസങ്ങളില്‍ ദല്‍ഹിയില്‍ മുഴങ്ങി കേള്‍ക്കുന്ന ചോദ്യം ഇതാണ്. തെരുവുകളിലും മെട്രോ തുടങ്ങിയ പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലും അധികാരത്തിന്റെ ഇടനാഴികളിലും പ്രസ് കഌബിലും നാഷ്ണല്‍ മീഡിയ സെന്‍ട്രറിലും എല്ലാം പരസ്പരം ചോദിക്കപ്പെടുന്ന ചോദ്യം ഇതാണ്. ആരായിരിക്കും അടുത്ത പ്രധാനമന്ത്രി? ഏത് പാര്‍ട്ടി അല്ലെങ്കില്‍ ഏത് മുന്നണി ആയിരിക്കും അധികാരത്തില്‍ വരിക? ഇന്‍ഡ്യ മുഴുവന്‍ ചോദിക്കപ്പെടുന്ന ചോദ്യം ഇതാണ്. ഒരു പക്ഷേ വിദേശത്തും. കാരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയയില്‍ ആണ്.
നരേന്ദ്രമോഡിയും ബി.ജെ.പി.യും തിരിച്ചു വരുമോ? അതോ ഒരു അട്ടിമറി വിജയത്തിലൂടെ പ്രതിപക്ഷം അധികാരം തിരിച്ചു പിടിക്കുമോ? എങ്കില്‍ ആരായിരിക്കും പ്രധാനമന്ത്രി? രാഹുല്‍ഗാന്ധി? മമത ബാനര്‍ജി? മായാവതി? ചന്ദ്രബാബു നായ്ഡു? ചന്ദ്രശേഖര്‍റാവു? നവീന്‍ പട്‌നായ്ക്? ബി.ജെ.പി.യില്‍ തന്നെ മോഡിയെ മാറ്റി നിതിന്‍ ഗഡ്ഗരിയെ പ്രതിഷ്ഠിക്കുവാനുള്ള സാദ്ധ്യത ഉണ്ടോ? ഈ ചോദ്യങ്ങള്‍ ആണ് ഇന്ന് ഇന്‍ഡ്യയെ കലുഷിതം ആക്കി കൊണ്ടിരിക്കുന്നത്. മറുപടിക്ക് ഒരാഴ്ച മതി. പക്ഷേ ആ മറുപടി വളരെ നിര്‍ണ്ണായകം ആണ്. അതു കൊണ്ടാണ് ജനം ഈ ചോദ്യം എവിടെയും എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും ഇത്.

എനിക്ക് ചിലകാര്യങ്ങള്‍ സുവ്യക്തം ആണ്. ഒന്ന്, ബി.ജെ.പി.ക്ക് 2014-ല്‍ ലഭിച്ചതു പോലെയുള്ള കേവല ഭൂരിപക്ഷം(282) ലഭിക്കുവാന്‍ പോകുന്നില്ല. രണ്ട് കോണ്‍ഗ്രസ് 44 സീറ്റില്‍ നിന്നും നൂറിന് മുകളില്‍ പോകും. ബി.ജെ.പി.യുടെ താഴേക്കുള്ള വരവ് എത്രയെന്നും കോണ്‍ഗ്രസിന്റെ മുകളിലേക്കുള്ള പോക്ക് എത്രയെന്നും നോക്കിയാല്‍ മതി. ബി.ജെ.പി. 282-ന് മുകളില്‍ പോകുമെന്ന് മോഡിയും അമിത്ഷായും അവകാശപ്പെട്ടത് സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിച്ചേ മതിയാകൂ. അതുപോലെ തന്നെ കോണ്‍ഗ്രസ് 44-ല്‍ നിന്നും 125 കടക്കണമെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണം. രണ്ട് കാര്യവും വച്ച് നോക്കുമ്പോള്‍ പറയുവാനുള്ളത് ചിലപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നാണ്. പക്ഷേ, ഇവിടെ അല്പം ബുദ്ധിമുട്ടാണ്.
ഇനി അടുത്തകാര്യം. പ്രാദേശീക പാര്‍ട്ടികള്‍ അടുത്ത ഗവണ്‍മെന്റ് രൂപീകരണത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അത് എങ്ങനെ ആയിരിക്കും ആര്‍ക്ക് അനുകൂലം ആയിരിക്കുമെന്നകാര്യം വഴിയെ വിശകലനം ചെയ്യാം.
ഇങ്ങനെ ഒരു തൂക്ക് ലോകസഭ വരുമെന്ന സാഹചര്യത്തില്‍ ആരായിരിക്കും അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കുമെന്നതാണ് ചോദ്യം. ആ ചോദ്യം ആണ് ഏറ്റവും അടിസ്ഥാനപരവും. അതിനുള്ള ഉത്തരം മെയ് 23-ന് ശേഷമുള്ള സംഭവവികാസങ്ങള്‍ നല്‍കും. പക്ഷേ, ഒരു കാര്യം ഉണ്ടാ. രാഷ്ട്രപതി ഭവനില്‍ നിന്നുമുള്ള ആദ്യത്തെ ക്ഷണം ലഭിക്കുക മോഡിക്ക് ആയിരിക്കും. അതില്‍ രാഷ്ട്രീയം ഉണ്ട് അക്കങ്ങള്‍ ഉണ്ട്. ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ക്ഷണിക്കുക ഏറ്റവും വലിയ ഒറ്റകക്ഷിയെ ആയിരിക്കും. അത് ബി.ജെ.പി. ആകുവാന്‍ ആണ് സാദ്ധ്യത. മാത്രവുമല്ല ഏററവും വലിയ പ്രീ-പോള്‍ സഖ്യവും എന്‍.ഡി.യെ ആയിരിക്കും. അതുകൊണ്ട് ഗവണ്‍മെന്റ് രൂപീകരണത്തിനുള്ള ആദ്യ അവസരം മോഡിക്കും എന്‍.ഡി.എ.ക്കും ലഭിക്കുവാന്‍ ആണ് സാദ്ധ്യത. ഇതില്‍ ഇവര്‍ വിജയിക്കുമോ? ഇനി പ്രതിപക്ഷത്തിന്റെ കാര്യം.് പ്രതിപക്ഷം ചിത്രത്തില്‍ വരണമെങ്കില്‍ അവര്‍ ഒരു പോസ്റ്റ്-പോള്‍ സഖ്യം ഉണ്ടാക്കി എം.പി.മാരുടെ പേരും വിവരവും ഉള്ള പട്ടിക സമര്‍പ്പിച്ച് രാഷ്ട്രപതിയെ ബോദ്ധ്യപ്പെടുത്തണം അവര്‍ക്ക് ഒരു ജീവനക്ഷമവും, വിശ്വാസയോഗ്യവും സുസ്ഥിരവും ആയ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ സാധിക്കുമെന്ന്. ഇവിടെയാണ് ഭരണസഖ്യത്തിന്റെയും അവരുടെ നോമിനിയായ രാഷ്ടപതിയുടെയും രാഷ്ട്രീയം വരുന്നത്. മുന്‍ അനുഭവങ്ങള്‍ നന്നല്ല. ്അത് മാത്രവും അല്ല തെരഞ്ഞെടുപ്പിന് മുമ്പും വിഘടിതമായ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിന് ശേഷം പെട്ടെന്ന് അങ്ങ് യോജിക്കുവാന്‍ സാധിക്കുമോ? അതില്‍ എന്തെങ്കിലും കാലതാമസം സംഭവിച്ചാല്‍ അവര്‍ക്ക് അവസരം നഷ്ടപ്പെടും. സോണിയഗാന്ധി എല്ലാ പ്രതിപക്ഷകക്ഷികള്‍ക്കും മെയ് 21-ലെ മീറ്റിംങ്ങില്‍ പങ്കെടുക്കുവാന്‍ കത്തെഴുതിയിട്ടുണ്ടെങ്കിലും അതിന്റെ വിജയം കണ്ടറിയണം. ഏതായാലും ഗവണ്‍മെന്റ് രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ അത്ര എളുപ്പം ആയിരിക്കുകയില്ല. ബി.ജെ.പി.ക്കും വിഘടിത പ്രതിപക്ഷത്തിനും.
ഇതില്‍ നിര്‍ണ്ണായകഘടകം ബി.ജെ.പി.ക്ക് എത്ര സീറ്റ് കിട്ടും എന്നുള്ളതാണ്. അതുപോലെ കോണ്‍ഗ്രസിനും പ്രാദേശിക കക്ഷികള്‍ക്കും.

ആദ്യം ബി.ജെ.പി.യിലേക്ക് വരാം. മോഡിയുടെയും അമിത്ഷായുടെയും അവകാശപ്രകാരം ബി.ജെ.പി. 300 സീറ്റുകളിലേറെ നേടും. ഈ അവകാശവാദം യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം ഇപ്പോഴത്തെ സാഹചര്യത്തില്‍. പരിശോധിക്കാം.

ഉത്തര്‍പ്രദേശ് ആണ് മോഡിയെ 2014- ല്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. അവിടെയുള്ള ആകെ സീറ്റുകളില്‍ 80-ല്‍ 73-0 ബി.ജെ.പി.യും സഖ്യം നേടി(71+2). ഉത്തര്‍പ്രദേശി ചിത്രം ഇപ്പോള്‍ വ്യത്യസ്തം ആണ്. അവിടെ സമാജ് വാദി പാര്‍ട്ടി- ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം അതിശക്തം ആണ്. അത് 50-ന് മുകളില്‍ സീറ്റ് നേടിയേക്കാം എന്നാണ് വിലയിരുത്തല്‍. അങ്ങനെ എങ്കില്‍ ബി.ജെ.പി.യുടെ പതനം ഉത്തര്‍പ്രദേശില്‍ നിന്നും ആരംഭിക്കും.

ബീഹാര്‍. ഉത്തര്‍പ്രദേശും ബീഹാറും കൂടിയാല്‍ 120 സീറ്റുകള്‍ ആണ് (80+40). ഇതില്‍ ബി.ജെ.പി. 2014-ല്‍ 95 സീറ്റുകള്‍(73+22) നേടിയത് ആണ്. ബീഹാറില്‍ നിതീഷ് കുമാറും രാം വിലാസ് പസ്വാനും ആയി സഖ്യം ഉണ്ടെങ്കിലും പഴയ വിജയം ആവര്‍ത്തിക്കുവാന്‍ വിഷമിക്കും. മദ്ധ്യപ്രദേശും(29-ല്‍ 27) രാജസ്ഥാനും(25-ല്‍ 25-0) ഗുജറാത്തും(26-ല്‍ 26-0) മഹാരാഷ്ട്രയും(48-ല്‍ 41) ഛത്തീസ്ഘട്ടും(11-ല്‍ 10-0) ആവര്‍ത്തിക്കുവാന്‍ എളുപ്പം അല്ല. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ബി.ജെ.പി.ക്ക് പ്രതീക്ഷയുള്ളത് ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും(4-ല്‍ നാലും 5-ല്‍ 5-0) ആണ്. ഒപ്പം അസമും. ദല്‍ഹിയില്‍ 7-ല്‍ 7 സീറ്റുകളും നേടിയത്. നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടാണ്. പഞ്ചാബും അത്ര എളുപ്പം അല്ല. 2014- നുശേഷം അവിടെ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിച്ചു. ഹരിയാനയും(10-ല് 7) ബി.ജെ.പി.ക്ക് പരീക്ഷണം ആണ്. ബംഗാളിലെ 42 സീറ്റുകളില്‍ ബി.ജെ.പി. 2014-ല്‍ രണ്ട് സീറ്റുകള്‍ ആണ് നേടിയത്. ഇപ്രാവശ്യം, ഇവിടെ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാമെന്നാണ് മോഡിയുടെയും ഷായുടെയും കണക്ക് കൂട്ടല്‍. അവര്‍ അവകാശപ്പെടുന്നതുമാതിരി 23 സീറ്റുകള്‍ ഒന്നും ലഭിച്ചെങ്കിലും നാലോ അഞ്ചോ ലഭിച്ചേക്കാം. അതും ഇടതും കോണ്‍ഗ്രസും ബി.ജെ.പി.ക്ക് വോട്ട് ചെയ്താല്‍. ഇടതിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാനശത്രു മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ് ആണ്.
ഈ കണക്കുകള്‍വച്ച് നോക്കുമ്പോള്‍ മോഡിയുടെയും ഷായുടെയും 300 സീറ്റുകള്‍ വെറും പകല്‍കിനാവ് ആണെന്ന് കാണാം. ചിലപ്പോള്‍ പകല്‍ കിനാവുകളും യാഥാര്‍ത്ഥ്യം ആയേക്കാം.

ദക്ഷിണേന്ത്യയിലെ 130 സീറ്റുകളില്‍(കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, പുതുച്ചേരി) ബി.ജെ.പി.ക്ക് കാര്യമായ പ്രതീക്ഷ ഒന്നും ഇല്ല. 2014-ല്‍ 28-ല്‍ 17-0 നേടിയ കര്‍ണ്ണാടകയില്‍ സംഖ്യ താഴേക്ക് പോകും ഇപ്രവാശ്യം.
ബി.ജെ.പി. 200-ല്‍ ഏറെ സീറ്റുകള്‍ നേടിയാല്‍ മോഡിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശം ഉയര്‍ത്താം. അല്ലെങ്കില്‍ വേറെ ആരെങ്കിലും വന്നെന്നിരിക്കും. കോണ്‍ഗ്രസിന് 130-ന് അടുത്ത് സീറ്റുകള്‍ ലഭിച്ചാല്‍ രാഹുലിനും അവകാശവാദം ഉയര്‍ത്താം. അല്ലെങ്കില്‍ പ്രാദേശികകക്ഷികളുടെ ഊഴം ആകും. കോണ്‍ഗ്രസിന് അവരെ പുറത്തുനിന്നു പിന്തുണക്കുകയോ ഗവണ്‍മെന്റിന് ചേര്‍ന്ന് പങ്കാളി ആവുകയോ ചെയ്യാം. ഏതായാലും തെലുങ്കാന രാഷ്ട്രസമതിയുടെ ചന്ദ്രശേഖരറാവുവും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡിയും ബിജ ജനതാദളിന്റെ നവീന്‍ പടനായ്ക്കും ഗവണ്‍മെന്റ് രൂപീകരണത്തില്‍ നിര്‍ണ്ണായ പങ്കു വഹിക്കും. മായാവതി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തിന് അത്ര പിടുത്തം പിടിക്കുന്നില്ല. അതും സീറ്റുകളെ ആശ്രയിച്ചിരിക്കും.

ഇന്‍ഡ്യയുടെ ജനവിധി ആര്‍ക്ക് അനുകൂലം ആയിരിക്കും? പുരോഗതിയുടെ പേരിലുള്ള മനുഷ്യാവകാശ-ന്യൂനപക്ഷാവകാശലംഘത്തിനോ അന്ധവിശ്വാസങ്ങള്‍ക്കോ ശാസ്ത്രത്തിനോ സുസ്ഥിര ഭരണത്തിനോ അഴിമതി വിരുദ്ധ സര്‍ക്കാരിനോ? സുസ്ഥിരത ഫാസിസം ആകരുത്. വികസനം മനു്യാവകാശ ലംഘനവും ചങ്ങാത്ത മുതലാളിത്തതിനും പ്രത്യേക ഒരു ജനവിഭാഗത്തിനും മാത്രം വേണ്ടിയുള്ളതും ആകരുത്. ഇന്‍ഡ്യ എന്ന മതേതര, ജനാധിപത്യ, സമത്വ, നാനാ ജാതി-മത ആശയം വിജയിക്കുമോ? മെയ് 23-ന് വേണ്ടി കാത്തിരിക്കാം.

മെയ് 23: അത് ആരായിരിക്കും? അത് എന്തായിരിക്കും?- (ഡല്‍ഹികത്ത് :പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക