Image

ത്രിപുര ഭൂകമ്പ പേടിയില്‍; തീയും പുകയുമായി `ലാവ'പൊങ്ങി വന്നു

Published on 17 May, 2019
ത്രിപുര ഭൂകമ്പ  പേടിയില്‍; തീയും പുകയുമായി `ലാവ'പൊങ്ങി വന്നു


ത്രിപുരയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി ഭൂമിക്കടിയില്‍ നിന്ന്‌ ലാവയ്‌ക്ക്‌ സമാനമായ ദ്രാവകം പുറത്തേക്ക്‌ പൊങ്ങി വന്നു. അഗര്‍ത്തലയിലെ മധുബന്‍ പ്രദേശത്താണ്‌ കത്തുന്ന ലാവ പോലെയുള്ള ദ്രാവകം മണ്ണില്‍ നിന്ന്‌ പൊങ്ങി വരുന്നതായി കണ്ടെത്തിയത്‌. ഇതോടൊപ്പം തീയും പുകയും ഉണ്ടാകുന്നുണ്ട്‌. ഇതോടെ ജനങ്ങള്‍ ഭൂകമ്പത്തിന്റെ പേടിയിലാണ്‌ ഇവിടെ കഴിയുന്നത്‌.

ഗ്രാമവാസികളാണ്‌ കഥാല്‍ത്തലി ഗ്രാമത്തില്‍ റോഡരികിലെ വൈദ്യുത പോസ്റ്റിന്‌ സമീപത്തായി ദ്രാവകം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ഇവര്‍ വിവരമറിയിച്ചതിന്‌ പിന്നാലെ ത്രിപുര സ്‌പേസ്‌ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ സ്ഥലത്തെത്തി ദ്രാവകത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.

ഭൗമാന്തര്‍ഫലകങ്ങള്‍ തെന്നിനീങ്ങുന്നത്‌ മൂലമുണ്ടാകുന്ന ഘര്‍ഷണമാണ്‌ ഈ പ്രതിഭാസത്തിന്‌ കാരണമെന്നാണ്‌ ഭൗമശാസ്‌ത്രവിദഗ്‌ധര്‍ പറയുന്നത്‌. വിശദമായ പരിശോധനകള്‍ക്ക്‌ ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാവൂ എന്നും അവര്‍ അറിയിച്ചു.

ഒരു വര്‍ഷത്തിനിടെ ഇത്‌ നാലാം തവണയാണ്‌ ത്രിപുരയില്‍ ലാവ പോലെയുള്ള വസ്‌തു കാണപ്പെടുന്നത്‌. ഇന്ത്യാ-ബംഗ്ലാദേശ്‌ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള സബ്രൂം പ്രദേശത്താണ്‌ മുമ്പ്‌ മൂന്നു തവണയും സമാനരീതിയിലുള്ള ദ്രാവകം കണ്ടത്‌. ഭൂകമ്പ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഈ സംഭവം വളരെ ഗൗരവത്തോടെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക