Image

ശാന്തിവനത്തില്‍ ടവറായി; കെഎസ്‌ഇബി വൈദ്യുതി ലൈനും വലിച്ചു

Published on 17 May, 2019
ശാന്തിവനത്തില്‍ ടവറായി; കെഎസ്‌ഇബി വൈദ്യുതി ലൈനും വലിച്ചു

കൊച്ചി: പ്രതിഷേധം തുടരുന്നതിനിടെ പറവൂര്‍ ശാന്തി വനത്തിലെ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കെഎസ്‌ഇബി വൈദ്യുതി ലൈന്‍ വലിച്ചു. ടവറിന്‍റെ ഉയരം കൂട്ടി മരങ്ങള്‍ മുറിക്കാതെയാണ് ലൈന്‍ വലിച്ചത്. നിയമ പോരാട്ടം തുടരുമെന്നും ഇനി മരങ്ങള്‍ മുറിച്ചാല്‍ തടയുമെന്നും സ്ഥലമുടമ അറിയിച്ചു.

ശാന്തിവനത്തിലെ ജൈവവൈവിധ്യം തകര്‍ത്ത് കെഎസ്‌ഇബി ടവര്‍ നിര്‍മ്മാണം തടുങ്ങിയതോടെയാണ് ഉടമയും പരിസ്ഥിതി സ്നേഹികളും സമര രംഗത്തെത്തിയത്. ഇതോടെ കളക്ടര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ടവറിന്‍റെ ഉയരം കൂട്ടാന്‍ തീരുമാനമായി. ഇതനുസരിച്ച്‌ നിര്‍മ്മിച്ച ഉയരം കൂടിയ ടവറിലൂടെയാണ് കെഎസ്‌ഇബി വൈദ്യുതി ലൈന്‍ വലിച്ചത്. 19.4 മീറ്റര്‍ ഉയരത്തില്‍ ടവര്‍ നിര്‍മ്മിച്ചതിനാല്‍ ഇനി മരങ്ങള്‍ മുറിക്കേണ്ടി വരില്ലെന്നാണ് കെഎസ്‌ഇബി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമര രംഗത്തിറങ്ങാനാണ് ഉടമയുടെ തീരുമാനം.

ശാന്തിവനം സംരക്ഷിക്കാന്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പരിസ്ഥിതി സംഘടനകള്‍ ഇപ്പോഴും എത്തുന്നുണ്ട്. ലൈനിന് താഴെ മൂന്ന് നില വരെയുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ടെന്നാണ് കെഎസ്‌ഇബി പറയുന്നത്. ചെറായി, പള്ളിപ്പുറം, മുനന്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വര്‍ഷം മുന്‍പ് ഭരണാനുമതി ലഭിച്ചതാണ് മന്നംചെറായി 110 കെവി ടവര്‍ ലൈന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക