Image

അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ

Published on 17 May, 2019
അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെ തുറന്നുവിട്ടു തുടങ്ങി. ഒരാഴ്ചയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വെള്ളം തുറന്നുവിടാനുള്ള പ്രവൃത്തി നടത്തുന്നത്. അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. 22ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വെള്ളംതുറന്നുവിടുന്നത്.

ഗുണ്ടാസംഘത്തെ കാവല്‍നിര്‍ത്തി ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ച്‌ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. തടയണ തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടാനും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താനുമാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹൈക്കോടതി ഉത്തരവു പ്രകാരം തന്നെ തടയണ തുറന്ന് വെള്ളം ഒഴുക്കിവിടാനും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്കുനിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് തടയണക്കെതിരായ പരാതിക്കാരന്‍ എം.പി വിനോദ് 14ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണക്കും വിദഗ്ദസമിതിയെ നയിക്കുന്ന പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അലോക് മിശ്രക്കും പരാതി നല്‍കിയെങ്കിലും ജില്ലാ ഭരണകൂടം ഇവിടെ സന്ദര്‍ശിക്കുകയോ സ്ഥിതിഗതികള്‍ വിലയിരുത്തുകയോ ചെയ്തിട്ടില്ല.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇത് മുഖവിലക്കെടുത്താണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്ബ്യാര്‍ എന്നിവരുടെ ഡിവിഷന്‍ബെഞ്ച് തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഉത്തരവിട്ടത്.

മണ്‍സൂണ്‍ മഴക്കുമുമ്ബ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും സ്ഥലപരിശോധന നടത്തി വിശദപഠനം നടത്തിയ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച്‌ അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച്‌ കേസില്‍ കക്ഷിചേരുകയായിരുന്നു.

കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്‌ട് 2003 ലംഘിച്ച്‌ ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച്‌ വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതീവപാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ചീങ്കണ്ണിപ്പാലി മലവാരത്ത് 750 മീറ്റര്‍ ഉയരത്തില്‍ ഏതാണ്ട് 25 മുതല്‍ 30 ശതമാനം ചെരിവുള്ള ഭാഗത്താണ് തടയണ നിര്‍മ്മിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാരം മണ്ണിടിച്ചില്‍ സാധ്യതയുള്ള മീഡിയം ഹസാര്‍ഡ് സൊണേഷനിലാണിത്. നിലവില്‍ 10 മീറ്റര്‍ ഉയരമുള്ള തടയണയില്‍ ശരാശി 25000 ക്യുബിക് മീറ്റര്‍ (75000000 ലിറ്റര്‍) വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ പ്രദേശത്ത് നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഹൈക്കോടതി ഉത്തരവു പ്രകാരം തടയണയുടെ ഒരു ഭാഗത്തുകൂടെ വെള്ളം ഒഴുക്കിവിട്ടതിനാല്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ വെള്ളം ഒഴിഞ്ഞുപോയതിനാലാണ് തടയണപൂര്‍ണ്ണമായും തകരാതിരുന്നത്. തടയണ തകര്‍ന്നാല്‍ കരിമ്ബ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യംകൂടി കണക്കിലെടുത്താണ് തടയണ പൊളിച്ച്‌ വെള്ളം ഒഴുക്കിവിടാനുള്ള ഹൈക്കോടതി ഉത്തരവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക