Image

ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

Published on 18 May, 2019
ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ജലക്ഷാമം രൂക്ഷം. വാട്ടര്‍ അതോറിറ്റിയുടെയുടെ പൈപ്പ് ലൈന്‍ വഴിയുള്ള ജലലഭ്യത കുറഞ്ഞതാണ് കാരണം. ദിവസേന ഏകദേശം രണ്ടുലക്ഷം ലിറ്റര്‍ ജലം വേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ 50,000 ലിറ്റര്‍ ജലം പോലും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നും ലഭിക്കുന്നില്ല. ഇത് പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകളില്‍ ജനറല്‍ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തിലെ എല്ലായിടത്തും എത്തേണ്ടതിനാല്‍ ടാങ്കറുകളുടെ ലഭ്യത കുറവ് പ്രധാന പ്രശ്‌നമാണ്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെയും ജനറല്‍ ആശുപത്രി സ്വന്തം നിലയിലും ടാങ്കറുകളില്‍ വെള്ളം ശേഖരിച്ചിട്ടു പോലും തികയാത്ത അവസ്ഥയാണ്. കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്കില്‍ ബോര്‍വെല്‍ സംവിധാനം ഉള്ളതുകൊണ്ട് അവിടെ ഈ പ്രശ്‌നം ബാധിക്കുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജലക്ഷാമം ഒരു വലിയ പ്രശ്‌നമാണ്. അരുവിക്കരയില്‍ ഡാമില്‍ നിന്നും എത്തുന്ന വെള്ളത്തിന്റെ പ്രഷര്‍ ഇപ്പോള്‍ കുറവാണ് വേനലായതിനാല്‍ ജലം ഫില്‍ട്രേഷന്‍ ചെയ്യുന്നതിനായി കൂടുതല്‍ സമയം എടുക്കുന്നുണ്ട്. മാത്രമല്ല വൈദ്യുതി ഇടയ്ക്കിടക്ക് മുടങ്ങുന്നതും പൈപ്പ് ലൈനില്‍ വരുന്ന അറ്റകുറ്റപ്പണികളും ഒക്കെയാണ് നഗരത്തിലെ കുറേ ദിവസമായി ജല ലഭ്യത കുറവിന്റെ കാരണങ്ങള്‍.

ഹോസ്പിറ്റലില്‍ നിന്ന് വഞ്ചിയൂര്‍ ഭാഗത്തേക്ക് താഴ്ന്ന പ്രദേശമായതിനാല്‍ ജലത്തിന്റെ പ്രഷര്‍ കുറവായതോടെ പൈപ്പില്‍ വെള്ളം വാലും ആ ഭാഗത്തേക്ക് ഒഴുകുന്നു. ജനറല്‍ ഹോസ്പിറ്റലിന്റെ ഭാഗത്തേക്ക് എത്തുന്നില്ല. നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി വന്നുപോകുന്ന ജനറല്‍ ഹോസ്പിറ്റലില്‍ ജലലഭ്യത കുറവായാല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. രണ്ട് ദിവസത്തിനകം പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക