Image

രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)

Published on 18 May, 2019
രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)

വയനാട്ടില്‍ ഏറ്റവും നന്നായി ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന വനിത ആരാണെന്നു ചോദിച്ചാല്‍ ഉടന്‍ മറുപടി കിട്ടും---കെസി റോസക്കുട്ടി ടീച്ചര്‍. കൂത്താട്ടുകുളത്തിനടുത്ത് വടകര നിന്ന് കോറോമിലേക്കും അവിടെ നിന്ന് പുല്‍പള്ളിയിലെക്കും കുടിയേറിയ കുരിശിങ്കല്‍ കെ യു ചാക്കോയുടെ മകള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഹൈസ്‌കൂളിലും പ്രോവിഡന്‍സ് കോളേജിലും പഠിപ്പിച്ച മംഗലാപുരം കന്യാസ്ത്രീകളില്‍ നിന്ന് കിട്ടിയ ഇംഗ്ലീഷ് ശിക്ഷണം ജീവിതത്തിലുടനീളം കൂട്ടായും കോട്ടയായും നിന്നു.

''ഹെഡ്മിസ്ട്രസ്സ് ആയും എംഎല്‍എ ആയും വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയും പ്രവര്‍ത്തിക്കുമ്പോഴെല്ലാം പ്രൊവിഡന്‍സിന്റെ സൃഷ്ടി എന്ന നിലയില്‍ എനിക്ക് എന്നും വേണ്ടത്ര ബഹുമാനവും ആദരവും കിട്ടിയിട്ടുണ്ട്. പ്രൊവിഡന്‍സില്‍ പഠിക്കുമ്പോള്‍ അവരുടെ മഠത്തില്‍ ചേര്‍ന്നാലോ എന്നു വരെ ഞാന്‍ ആലോചിട്ടുണ്ട്,'' അടുത്ത ഒക്ടോബര്‍ 23നു എഴുപത്തൊന്നാം ജന്മദിനം ആഘോഷിക്കുന്ന റോസക്കുട്ടി പറഞ്ഞു. റോസക്കുട്ടി ആയ അവര്‍ റോസാ മിസ്റ്റിക്ക ആയതു മറ്റൊരു കഥ.

എഐസിസി എന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വയനാട്ടില്‍ നിന്നു രണ്ടുപേരേയുള്ളു. രണ്ടും വനിതകള്‍. റോസകുട്ടിയും അരുമശിഷ്യ പി.കെ ജയലക്ഷ്മിയും. രണ്ടു പേരും എംഎല്‍എ മാരായി. റോസക്കുട്ടി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ജയലക്ഷ്മി മാനന്തവാടിയില്‍ നിന്നും. രണ്ടാമത് മത്സരിച്ചപ്പോള്‍ ഇരുവര്‍ക്കും തോല്‍വി പറ്റി. നേരിയ ഭൂരിപക്ഷത്തിനാണ് ഇരുവരും സിപിഎം എതിരാളികളോട് തോറ്റത്

സിപിഎമ്മിന്റെ കഴിവിനേക്കാള്‍ കോണ്‍ഗ്രസ്സിലെ അനൈക്യം--ഗ്രൂപ്പുപോരുകള്‍, പാരവയ്പ്പുകള്‍, കുതികാല്‍ വെട്ട്--രണ്ടുപേരുടെയും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നു റോസക്കുട്ടി ടീച്ചര്‍ വിശ്വസിക്കുന്നു. ഇല്ലായിരുന്നുവെങ്കില്‍ 1991-ല്‍ ജയിച്ചപ്പോള്‍ തന്നെ മന്ത്രിയാകേണ്ട ആളായിരുന്നു ടീച്ചര്‍. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അന്ന് എം.ടി പദ്മ മന്ത്രിയായി. റോസമ്മ ചാക്കോ, അല്‍ഫോന്‍സാ ജോണ്‍, ശോഭനാ ജോര്‍ജ് എന്നിവരായിരുന്നു മറ്റു കോണ്‍ഗ്രസ് എംഎല്‍എ മാര്‍.

ജയലക്ഷ്മിയുടെ കാര്യത്തില്‍ മന്ത്രിസ്ഥാനത്തിനു മറ്റാരും മത്സരിക്കാനില്ലെന്ന സ്ഥിതിയായിരുന്നു. 2014-ലെ തെരെഞ്ഞെടുപ്പില്‍ ജയിച്ച ഏക കോണ്‍ഗ്രസ് വനിതയായിരുന്നല്ലോ അവര്‍. എന്നിട്ടും അവരെ മന്ത്രിയാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി മടിച്ചു നിന്നപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ റോസക്കുട്ടി ടീച്ചര്‍ മുമ്പില്‍ നിന്നു. സോണിയയും രാഹുലും ഇടപെട്ടു.

രാഹുല്‍ വയനാട്ടില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം നേടുമെന്നാണ് ടീച്ചറുടെ കണക്കുകൂട്ടല്‍. ആ വിജയം കേരളത്തിലെ ഇതര മണ്ഡലങ്ങള്‍ പ്രതിഫലിക്കും ഇരുപതില്‍ പതിനേഴു സീറ്റിലങ്കിലും യുഡിഎഫ് ജയിക്കുമെന്നാണ് ടീച്ചരുടെ പ്രതീക്ഷ.

രാഹുലിനെപ്പോലൊരാള്‍ ജയിക്കുമ്പോള്‍ വയനാടിനു
ണ്ടാകാവുന്ന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ ടീച്ചര്‍ റെഡി.

പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലക്ക് റെയില്‍വേ ഉപ്ള്‍പ്പെടെ എല്ലാം നേടിയെടുക്കുന്നതിന് ഈ അന്താരാഷ്ട്ര പ്രശസ്തി സഹായിക്കുമെന്ന് ടീച്ചര്‍ ഉറച്ച് വിശ്വസിക്കുന്നു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കൂടുതല്‍ ഗവര്‍മെന്റ് കോളേജുകള്‍ ജില്ലക്ക് വേണം. ഇതൊന്നുമില്ലാതിരുന്നിട്ടും വയനാട്ടിനു ആദിവാസി മന്ത്രിയും ആദിവാസി ഐഎഎസ് കാരിയുമായി. കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ജില്ല എവിടെ നിന്നേനെ!

പരമ്പരാഗതമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള കുടിയേറ്റക്കാരാണ് വയനാടിന്റെ നട്ടെല്ല്. അവര്‍ ഒന്നിച്ചു നില്‍ക്കുന്നതിനു പകരം ചില നേതാക്കളുടെ അധികാരം ഉറപ്പിക്കുന്നതിനുള്ള ഗ്രൂപ് പോരാട്ടത്തില്‍ വയനാട്ടുകാര്‍ ബലിയാടുകള്‍ ആവുകയായിരുന്നുവെന്നു ടീച്ചര്‍ പറയുന്നു. ഭാഗ്യത്തിന് രാഹുലിന്റെ വരവോടെ ആ ഗതികേടിനു മാറ്റം വന്നിരിക്കുന്നു.

മലബാറിലേക്കുള്ള തീരുവിതാംകൂര്‍ കുടിയേറ്റം 1920കളില്‍ ആരംഭിച്ചതാണ്. കൂത്താട്ടുകുളത്തു നിന്നു 1952-ല്‍ പുല്‍പള്ളിയില്‍ എത്തിയ കുരിശുങ്കല്‍ കെ യു പുല്‍പള്ളി എന്ന കെ.യു ചാക്കോയുടെ പുത്രിയാണ് റോസമ്മ. പ്രോവിഡന്‍സില്‍ നിന്ന് പ്രീഡിഗ്രിയും കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നിന്ന് കെമിസ്ട്രി ബിഎസ് സിയും കോട്ടയം മൗണ്ട് കാര്‍മല്‍ നിന്ന് ബി.എഡും മാണ്ട്യ കെമ്പഗൗഡയില്‍ നിന്ന് എല്‍എല്‍ബിയും നേടിയ റോസമ്മ പുല്‍പള്ളിയിലെ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു.

''നടവയലില്‍ ഏഴാം ക്‌ളാസ് കഴിഞ്ഞ ഞാന്‍ കോഴിക്കോട് വെള്ളയിലെ ശതാബ്ദി ഘോഷിക്കുന്ന പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലാണ് 8, 9, 10 വരെ പഠിച്ചത്. എന്നെ പഠിപ്പിച്ച അപോസ്റ്റലിക് കാര്‍മല്‍ കോണ്‍ഗ്രിഗേഷനിലെ ഹെഡ്മിസ്ട്രസ് മേരി ജോസഫാ, അമാദുലിയാ, പോളറ്റ് എന്നിവരുടെ ശിക്ഷണം എന്നെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചു. ക്ലാസിലും പുറത്തും ബോര്‍ഡിങ്ങിലും ഇംഗ്ലീഷ് മാത്രമേ പറയാവൂ എന്നായിരുന്നു അവിടത്തെ നിഷ്‌കര്‍ഷ,' ബത്തേരിയിലെ വീട്ടിലിരുന്നു റോസക്കുട്ടി ഓര്‍മ്മകള്‍ അയവിറക്കി. ഭര്‍ത്താവ് ഡോ. ജോസഫ് കീരഞ്ചിറയും ഒപ്പമുണ്ടായിരുന്നു.

ഇന്നത്തെ പോലെ അന്നും പ്രൊവിഡന്‍സില്‍ അഡ്മിഷന്‍ കിട്ടുക എളുപ്പമല്ലായിരുന്നു. കാരണം അവിടെ വലിയ തിരക്കാണ്. കല്യാണ മാര്‍ക്കറ്റില്‍ പ്രൊവിഡന്‍സിലെ കുട്ടികള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ്. എംപി വീരേന്ദ്രകുമാറിന്റെ സഹേദരിമാര്‍ ബ്രാഹ്മിള, രേണുക, പ്രഭാവതി എന്നിവരും കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിലെ ലളിത, ലൈല എന്നിവരും എന്റെ കൂടെ അന്ന് പ്രൊവിഡന്‍സില്‍ പഠിച്ചവരാണ്. ബ്രാഹ്മിള എന്റെ ക്ലാസ്മേറ്റും.

മുള്ളംകൊല്ലിയില്‍ ഞങ്ങളുടെ അയല്‍ക്കാരായിരുന്ന മഠത്തില്‍ മത്തായിയുടെ മകള്‍ ഏലിയാമ്മ (കോട്ടയത്തെ ചേര്‍പ്പുങ്കല്‍ നിന്ന് കുടിയേറിയവര്‍) സിസ്റ്റര്‍ സ്നേഹലതയായി പ്രൊവിഡന്‍സ് മഠത്തില്‍ ചേര്‍ന്ന് കോഴിക്കോട്ടു അവരുടെ സതേണ്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഉയര്‍ന്നു. രണ്ടു തവണ ആ സ്ഥാനം വഹിച്ചു. ഞങ്ങള്‍ ഒന്നിച്ച് പ്രോവിഡന്‍സില്‍ പഠിച്ചവരാണ്. കോട്ടയം മൗണ്ട് കാര്മലില്‍ ബിഎഡിനും ഒന്നിച്ച് പഠിച്ചു. ഒരേവിഷയത്തില്‍ ബിരുദവും നേടി. കെമിസ്ട്രി. ഞാന്‍ കൂത്തുപറമ്പിലും സിസ്റ്റര്‍ പ്രൊവിഡന്‍സിലും പഠിച്ചു. ഞാന്‍ ഹെഡ്മിസ്ട്രെസ്സ് ആയതു പോലെ സിസ്റ്ററും പ്രൊവിഡന്‍സ് ഉള്‍പ്പെടയുള്ള അവരുടെ സ്‌കൂളുകളില്‍ ഹെഡ്മിസ്ട്രസ് ആയി.

ഹൈസ്‌കൂള്‍ കഴിഞ്ഞു പ്രൊവിഡന്‍സ് കോളേജില്‍ നിന്നു തന്നെ പ്രീഡിഗ്രിയും പാസായി. പഠിക്കാന്‍ മിടുക്കിയായിരുന്നു. കെമിസ്ട്രി എംഎസ്സിക്ക് പോകാമായിരുന്നു. എങ്കില്‍ വയനാട്ടിലെ ആദ്യത്തെ കോളജ് ആയ ബത്തേരി സെന്റ് മേരീസിലോ പുല്‍പള്ളി പഴശിരാജ കോളേജിലോ പ്രൊഫസറോ പ്രിന്‍സിപ്പലോ ഒക്കെ ആയിത്തീരുമായിരുന്നു.

കുടിയേറ്റ കാലത്ത് പുല്‍പള്ളിയിലെ ഏറ്റവും വലിയ ഭൂവുടമ കുപ്പത്തൊട്ടി മാധവന്‍ നായര്‍ ആയിരുന്നു. അദ്ദേഹം സ്ഥാപിച്ച പുല്‍പള്ളിയിലെ ആദ്യത്തെ വിജയ ഹൈസ്‌കൂളിലാണ് റോസക്കുട്ടി ജോലി തുടങ്ങുന്നത്. കോട്ടയം രാജാവില്‍ നിന്ന് ചാര്‍ത്തികിട്ടിയ 14,000 ഏക്കര്‍ ഭൂമിയുടെ ഊരാളന്മാര്‍ ആയിരുന്നു പുല്‍പള്ളി ദേവസ്വം. മാധവന്‍ നായര്‍ അതിന്റെ മാനേജരും. പുല്‍പള്ളിയില്‍ പഴശിരാജയുടെ പേരില്‍ ഒരു കോളേജ് സ്ഥാപിക്കാന്‍ വേണ്ടി കുടിയേറ്റ നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ടി.യു. ജേക്കബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സൊസൈറ്റിയില്‍ അംഗം ആയിരുന്നു റോസക്കുട്ടി. സൊസൈറ്റിക്ക് ദേവസ്വം 25 ഏക്കര്‍ ഭൂമി നല്‍കി.

എന്നാല്‍ സൊസൈറ്റിക്കു സ്ഥലം കിട്ടും മുമ്പ് കുടിയേറ്റക്കാര്‍ അടങ്ങുന്ന എസ്എന്‍ഡിപി സ്ഥലം തങ്ങളുടെ കൈവശത്തിലാണെന്നു അവകാശവാദം ഉന്നയിച്ചു. ഇത് ക്രിസ്ത്യന്‍-ഈഴവ കുടിയേറ്റക്കാര്‍ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനു ഇടയാക്കി. പോലീസും സിആര്‍പിഎഫും രംഗത്തിറങ്ങി. പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലും വെടിവയ്പുണ്ടായി. രണ്ടുപേര്‍ മരിക്കുകയും ചെയ്തു.

അപ്പഴേക്കും മുള്ളന്‍കൊല്ലി പള്ളി വക സെന്റ് മേരിസ് ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആയിക്കഴിഞ്ഞിരുന്നു റോസക്കുട്ടി. അദ്ധ്യാപികയായിരുന്നതിനാല്‍ അവര്‍ സംയമനം പാലിച്ച് മാറിനിന്നെങ്കിലും പോലീസ് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി നരവേട്ട നടത്തി. പാതിരാവിനു വീട്ടില്‍ കയറി ടീച്ചറെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തി. ''എവിടെ നിങ്ങളുടെ വനിതാ പോലീസ്?'' എന്ന് ആക്രോശിച്ചതിനാല്‍ പോലീസ് ഭയന്ന് സ്ഥലം വിടുകയാണ് ചെയ്തത്.

അന്ന് കരുണാകരനാണ് ആഭ്യന്തരമന്ത്രി. അറസ്റ്റ് ഭയന്ന് ടീച്ചര്‍ തരിയോട് പഞ്ചായത്തിലെ മറ്റൊരു സെന്റ് മേരിസ് ഹൈ സ്‌കൂളില്‍ ഒളിച്ചു കഴിയേണ്ടി വന്നു. അവിടെ സ്‌കൂള്‍ സ്ഥാപിച്ച ഫാ. ജേക്കബ് നരിക്കുഴി തന്നെയായിരുന്നു ആ സമയത്ത് മുള്ളന്‍കൊല്ലി സ്‌കൂളിന്റെ മാനേജര്‍. അദ്ദേഹം 91-ആം വയസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണു അന്തരിച്ചത്.

കോട്ടയം വിഴുക്കിത്തോട്ടില്‍ നിന്ന് പേരാവൂരിലേക്കും അവിടെ നിന്ന് ബത്തേരിയിലേക്കും കുടിയേറിയ ഡോ. ജോസഫ് കീരഞ്ചിറയുടെ സഹധര്‍മ്മിണി ആയിക്കഴിഞ്ഞിരുന്നു ടീച്ചര്‍. ബത്തേരിയിലെ സഭവക അസംപ്ഷന്‍ സ്‌കൂളിലേക്കു മാറ്റം വാങ്ങി. അവിടെ ഒരുവര്‍ഷം ജോലി ചെയ്തപ്പോള്‍ രാഷ്ട്രീയത്തിലേക്കു വിളി വന്നു. 1991-ല്‍ ഒമ്പതാം നിയമസഭയിലേക്കു നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ ബത്തേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള വിളി. അതോടെ പതിനെട്ടു വര്‍ഷത്തെ അധ്യാപനത്തോട് വിടവാങ്ങി സജീവ രാഷ്ട്രീയത്തിലേക്ക് കൂപ്പു കുത്തി. തിരിഞ്ഞു നോക്കിയിട്ടില്ല.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വര്‍ഗീസ് വൈദ്യരെ 2506 വോട്ടിനാണ് ടീച്ചര്‍ പരാജയപ്പെടുത്തിയത്. അഞ്ചു വര്ഷത്തിനു ശേഷം അതേ മണ്ഡലത്തില്‍ അതേ സ്ഥാനാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. വര്‍ഗീസ് വൈദ്യര്‍ 1296 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടീച്ചറെ പരാജയപ്പെടുത്തി. പക്ഷെ ടീച്ചര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ കാലുറപ്പിച്ചു നിന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായി.

മഹിളാ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് തവിഞ്ഞാല്‍ പഞ്ചായത്തു മെമ്പറും യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ പി.കെ. ജയലക്ഷ്മിയെ കണ്ടെത്തുന്നതും സംസ്ഥാന, ദേശിയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതും. 2011 ലെ തെരെഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ സിപിഎമ്മിലെ കെസി കുഞ്ഞിരാമനെ 12734 വോട്ടിനു പരാജയപ്പെടുത്തിയ ജയലക്ഷ്മി സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മന്ത്രിയായി. 2016 ല്‍ അതേ മണ്ഡലത്തില്‍ സിപിഎമ്മിലെ ഒ.ആര്‍ കേളു 1307 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജലക്ഷ്മിയെ തോല്‍പ്പിച്ചു.

ജയപരാജങ്ങള്‍ രാഷ്ട്രീയത്തില്‍ സഹജമാണ്. എന്നാല്‍ കോണ്‍ഗ്രസ്‌കാര്‍ തന്നെ സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ മുന്നിറങ്ങുന്നതു ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.

കെസി റോസക്കുട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയാകുന്നത് 2012-ലാണ്. 17 വരെ തുടര്‍ന്നു. തിരക്കിട്ട ഒരുകാലഘട്ടം ആയിരുന്നു ആ അഞ്ചു വര്‍ഷക്കാലം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം അദാലത്തുകള്‍ സംഘടിപ്പിച്ചു. ഓരോ പഞ്ചായത്തിലും വിദഗ്ധര്‍ അടങ്ങിയ ജാഗ്രതാസമിതികള്‍ ഉണ്ടാക്കണമെന്ന് ശുപാര്‍ശ ചെയ്തു.

കുന്ദമംഗലത്തു ദഹിപ്പിക്കാന്‍ കൊണ്ടുപോയ ഒരാളുടെ ശരീരഭാഗം എടുത്ത് ഡീഎന്‍എ പരിശോധനക്കു അയച്ചു ഒരു പത്തുവയസുകാരന്റെ പിതൃത്വം തെളിയിച്ച ആളാണ് ടീച്ചര്‍. അമ്മയും മകനും കമ്മീഷന് പരാതി നല്‍കിയപ്പോള്‍ പിതൃത്വം നിഷേധിച്ച ആള്‍ ആല്മഹത്യ ചെയ്തപ്പോഴാണ് പ്രശ്നം ഗുരുതരമായത്. വനിതാ കമ്മീഷന്‍ തക്കസമയത് ഇടപെട്ടതുകൊണ്ടു അമ്മയുടെയും മകന്റെയും അവകാശം രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു. അന്നത്തെ ഏറ്റവും സെന്‍സേഷണല്‍ ആയ ഇടപെടല്‍ ആയിരുന്നു ഇത്.

കൂത്തുപറമ്പില്‍ പഠിക്കുമ്പോള്‍ ഫാ. ഫ്രാന്‍സിസ് കുര്യാളശ്ശേരി ആയിരുന്നു പ്രിന്‍സിപ്പല്‍. എംഎല്‍എ ആയിരിക്കുമ്പോള്‍ കോളജിലെ ശാന്ത, ശാന്തമ്മ എന്നീ അധ്യാപികമാര്‍ അവരുടെ സര്‍വീസ് സംബന്ധിച്ച് ചില പ്രശ്നങ്ങളുമായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. അന്ന് ഈ.ടി മഹമ്മദ് ബഷീര്‍ ആണ് വിദ്യാഭ്യാസ മന്ത്രി. സെക്രട്ടറിയേറ്റില്‍ അദ്ദേഹത്തെ കാണാന്‍ കാത്തിരുന്ന ഒരു വൈദികനോട് ആരോ പറഞ്ഞു, അച്ചന്‍ പോയി റോസക്കുട്ടി ടീച്ചറെ കാണു. കാര്യംനടക്കും.

ഒ. .സി ഡി സഭാംഗമായ ഫാ. ബര്‍ണാഡിന്‍ കയ്യോടെ എന്നെ കാണാന്‍ എത്തി. എന്റെ ജില്ലയിലോ മണ്ഡലത്തിലോ ഒന്നുമല്ല, കോവളം നിയോജകമണ്ഡലത്തില്‍ വിഴിഞ്ഞം മുല്ലൂര്‍ പുളിങ്കുടിയില്‍ 48 കുട്ടികള്‍ ഉള്ള ഒരു അനാഥ വിദ്യാലയം നടത്തുകയാണ് അച്ചന്‍. ഇരുനൂറു അന്തേവാസികള്‍ എങ്കിലും ഉള്ള സ്ഥാപനങ്ങള്‍ക്കേ അംഗീകാരം നല്‍കൂ എന്നായിരുന്നു അന്ന് സര്‍ക്കാര്‍ നിയമം. അച്ചനുമായി ഞാന്‍ മന്ത്രിയെ പോയി കണ്ടു. ഇരുനൂറു സാധാരണ കുട്ടികളും 48 അനാഥകുട്ടികളും ഒരുപോലെയാണെന്നായിരുന്നു എന്റെ വാദം. മന്ത്രി അത് സമ്മതിച്ചു മന്ത്രിസഭായോഗത്തില്‍ പാസാക്കിയെടുത്ത് സ്‌കൂളിന് അംഗീകാരം നല്‍കി. എന്തുവേണ്ടി എന്നോടുള്ള നന്ദിപ്രകടനമെന്ന നിലയില്‍ ആണെന്ന് തോന്നുന്നു സ്‌കൂളിന് റോസാ മിസ്റ്റിക്ക എന്ന് പേരു മാറ്റി.

റോസാ മിസ്റ്റിക്ക ഓര്‍ഫനേജ് ഹയര്‍ സെക്കന്ഡറി സ്‌ക്കൂള്‍ ആയി വളര്‍ന്ന ആ സ്ഥാപനം ഇപ്പോള്‍ 358 പെണ്‍കുട്ടികളും 392 ആണ്‍കുട്ടികളും പഠിക്കുന്ന വലിയൊരു സ്ഥാപനമാണ്. 2012-ല്‍ ടീച്ചര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി.

മൂന്ന് ആണ്‍മക്കള്‍. റിന്റോള്‍ സൈനിക സ്‌കൂളില്‍ പഠിച്ചു. ബിടെക് നേടി വിദേശകമ്പനികള്‍ക്കു ശേഷം കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സ്വന്തം സ്റ്റാര്‍ട്ടപ് നടത്തുന്നു. ബത്തേരി കരുണാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് മേരി ആന്റണിയുടെ മകള്‍ ഗൈനക്കോളജിസ്റ് റോസ് മേരിയാണ് ഭാര്യ. കെന്റ് കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബിരുദം നേടി. കൂടെപഠിച്ച നടവയല്‍ കല്ലിങ്കല്‍ ജോര്‍ജ് ജോസഫിന്റെ മകള്‍ റിയയെ വിവാഹം ചെയ്തു. ഇരുവരും സിംഗപ്പൂരില്‍. മൂന്നാമന്‍ ജോണ്‍ ഹെരിന്റ എംഎസ് ഫിനാന്‍സ് ചെയ്തു ലക്സംബര്‍ഗ്ഗില്‍ ചൈനീസ് ബാങ്കില്‍.

ടീച്ചര്‍ ഇതുവരെ വിദേശ യാത്ര ചെയ്തില്ല എന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. അതാണ് സത്യം. ഇല്ലെന്നില്ല വനിതാ കമ്മീഷന്‍ ചെയര്‍ പെഴ്സന്‍ ആയിരിക്കുമ്പോള്‍ഒരു ക്ലാസ് എടുക്കാന്‍ നേപ്പാള്‍ വരെ പോയി.
രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)രാഹുലിനു പാട്ടും പാടി മൂന്നരലക്ഷം ഭൂരിപക്ഷം: വയനാട്ടിലെ സമരനായിക കെസി റോസക്കുട്ടി (കുര്യന്‍ പാമ്പാടി)
Join WhatsApp News
Sakav thomman 2019-05-18 16:22:28
Modi in spiritual retreat , hypocrite mixing politics with religion. May gods of Bharat and vedanta take a big lonf cain , or paddle him for fooling with fire.
On the other hand May Rosakutty and Rajiv win this Modern India for which Nehru to Manmohan used their brains . 
Ninan Mathulla 2019-05-19 15:12:27
Inspiring life story!. I feel a little ashamed reading this movie like plot. The materials you and I are made of are the same elements, but some live for ever in the memory of public, and others go to oblivion. It is the determination, perseverance and desire to do good for others that set them apart from others- a sort of Karma yogi as Krishna advice Arjuna.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക