Image

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന്‌ പരാമര്‍ശം നടത്തിയ പ്രജ്ഞാ സിങ്ങിനെ ബി.ജെ.പി പുറത്താക്കണം: നിതീഷ്‌ കുമാര്‍

Published on 19 May, 2019
ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന്‌  പരാമര്‍ശം നടത്തിയ പ്രജ്ഞാ സിങ്ങിനെ  ബി.ജെ.പി പുറത്താക്കണം: നിതീഷ്‌ കുമാര്‍


ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക്‌ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന്‌ വിവാദ പരാമര്‍ശം നടത്തിയ പ്രജ്ഞാ സിങ്‌ ഠാക്കൂറിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ആവശ്യപ്പെട്ടു. പ്രജ്ഞയുടെ പരാമര്‍ശം ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയിലും വര്‍ഗീയതയിലും കുറ്റകൃത്യങ്ങളിലും വിട്ടുവീഴ്‌ച ചെയ്യാന്‍ സാധിക്കില്ലെന്നും നിതീഷ്‌ കുമാര്‍ പറഞ്ഞു. അവസാന ഘട്ട വോട്ടെടുപ്പില്‍ പാറ്റ്‌നയില്‍ വോട്ട്‌ ചെയ്‌ത ശേഷമാണ്‌ എന്‍ഡിഎയുടെ സംഖ്യകക്ഷിയായ ജെഡിയുവിന്റെ പ്രധാന നേതാവിന്റെ പ്രതികരണം.

നേരത്തെ, പ്രജ്ഞാ സിങ്‌ ഠാക്കൂറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേഷീയ അധ്യക്ഷന്‍ അമിത്‌ ഷായും രംഗത്തെത്തിയിരുന്നു. മഹാത്മഗാന്ധിയെ അപമാനിച്ചതിന്‌ ഠാക്കൂറിന്‌ മാപ്പ്‌ നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്‌. ഗോഡ്‌സെയെ വാഴ്‌ത്തി കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്നും അത്‌ നേതാക്കന്മാരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അമിത്‌ ഷായും വ്യക്തമാക്കിയിരുന്നു.

ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന്‌ വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങ്ങിന്റെ പരാമര്‍ശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക