Image

എന്‍ഡിഎയ്‌ക്ക്‌ 286 സീറ്റുകള്‍ പ്രവചിച്ച്‌ ന്യൂസ്‌ നാഷന്‍ എക്‌സിറ്റ്‌ പോള്‍! യുപിഎയ്‌ക്ക്‌ 122, മറ്റുളളവര്‍ 134

Published on 19 May, 2019
എന്‍ഡിഎയ്‌ക്ക്‌ 286 സീറ്റുകള്‍ പ്രവചിച്ച്‌ ന്യൂസ്‌ നാഷന്‍ എക്‌സിറ്റ്‌ പോള്‍! യുപിഎയ്‌ക്ക്‌ 122, മറ്റുളളവര്‍ 134



ദില്ലി: പ്രതിപക്ഷ പ്രതീക്ഷകളെ തകിടം മറിച്ച്‌ രണ്ടാം തവണയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന സൂചനയുമായി ന്യൂസ്‌ നാഷന്‍ എക്‌സിറ്റ്‌ പോള്‍ ഫലം. ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക്‌ 286 സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കും എന്നാണ്‌ ന്യൂസ്‌ നാഷന്‍ എക്‌സിറ്റ്‌ പോള്‍ ഫലം.


അതേസമയം ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ച കെട്ടിയിറങ്ങിയ കോണ്‍ഗ്രസ്‌ നയിക്കുന്ന യുപിഎയ്‌ക്ക്‌ 122 സീറ്റുകള്‍ മാത്രമേ ലഭിക്കു.

2014ലെ 44 ല്‍ നിന്നും കോണ്‍ഗ്രസ്‌ മുന്നോട്ട്‌ പോകുമെങ്കിലും സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം യുപിഎയ്‌ക്ക്‌ ലഭിക്കില്ല. അതേസമയം മറ്റ്‌ പ്രാദേശിക കക്ഷികള്‍ എല്ലാം ചേര്‍ന്ന്‌ 134 സീറ്റുകളും ഇക്കുറി സ്വന്തമാക്കും എന്നാണ്‌ ന്യൂസ്‌ നാഷന്‍ പ്രവചിക്കുന്നത്‌.

2014ല്‍ നിന്നും ഏറെ വ്യത്യസ്‌തമായ സാഹചര്യത്തിലാണ്‌ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. 2014ലേത്‌ പോലുളള മോദി തരംഗം ഇക്കുറി ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്‌ ബിജെപിയെക്കാളും നേരിയ മുന്‍തൂക്കവും ഉണ്ടായിരുന്നു.

എന്നാല്‍ പുല്‍വാമയും അതിന്‌ ശേഷം ബാലാക്കോട്ടില്‍ സൈന്യം നല്‍കിയ തിരിച്ചടിയും മോദിക്ക്‌ വന്‍ ഇമേജ്‌ ബൂസ്റ്റാണ്‌ നല്‍കിയത്‌. മോദി സര്‍ക്കാരിന്‌ എതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അടക്കം ഉയര്‍ത്തിക്കൊണ്ട്‌ വന്ന റാഫേല്‍ അടക്കമുളള വിഷയങ്ങള്‍ അതോടെ ചിത്രത്തില്‍ നിന്നേ മാഞ്ഞ്‌ പോയി.

എങ്കിലും തനിച്ച്‌ ഭരിക്കാനുളള ഭൂരിപക്ഷം നേടാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ബിജെപിക്ക്‌ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. അതുകൊണ്ട്‌ തന്നെ എന്‍ഡിഎയ്‌ക്ക്‌ പുറത്തുളള കക്ഷികളെ കൂടെ നിര്‍ത്താനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക