Image

പതിനാലുകാരന്‍ തൂങ്ങി മരിച്ച സംഭവം; കേസിന്റെ ഫയല്‍ കൊടുക്കാതെ കായംകുളം എസ്.ഐ., പ്രതികളെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Published on 19 May, 2019
പതിനാലുകാരന്‍ തൂങ്ങി മരിച്ച സംഭവം; കേസിന്റെ  ഫയല്‍ കൊടുക്കാതെ കായംകുളം എസ്.ഐ., പ്രതികളെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ആലപ്പുഴ : കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ടതിന്റെ പേരിലുണ്ടായ ഭീഷണി കാരണം പതിനാലുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ആരോപണം തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. മാവേലിക്കര പെരുങ്ങാല സ്വദേശി രമേശന്‍ നല്‍കിയ പരാതിയിലാണ് കമ്മിഷനംഗം പി. മോഹനദാസിന്റെ നിരീക്ഷണം.

>രമേശിന്റെ മകന്‍ രാഹുലിനെയാണ് 2015 ഫെബ്രുവരി 19 ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കമ്മിഷന്‍ ആലപ്പുഴ ഡിവൈ.എസ്.പിയില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. കായംകുളം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസിന്റെ സി.ഡി ഫയല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ. ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കേസിന്റെ സി.ഡി. ഫയല്‍ ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. ഇത് തികഞ്ഞ അച്ചടക്കലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയുമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം ഈ പശ്ചാത്തലത്തില്‍ തള്ളിക്കളയാനാകില്ല. കേസ് ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനില്‍നിന്നു വിശദീകരണം ലഭ്യമാക്കണമെന്നും കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 

കമ്മിഷന്‍ ആവശ്യപ്പെട്ട ഫയല്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ അന്നത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക