Image

വോട്ടിങ് യന്ത്രത്തിലെ ഭീകര അട്ടിമറി! (അബ്ദുള്‍ റഷീദ് )

അബ്ദുള്‍ റഷീദ് Published on 20 May, 2019
വോട്ടിങ് യന്ത്രത്തിലെ ഭീകര അട്ടിമറി! (അബ്ദുള്‍ റഷീദ് )
വോട്ടിങ് യന്ത്ര ഗൂഢാലോചനാ വാദികളെ സംബന്ധിച്ച് ഇത്തവണത്തെ വോട്ടെണ്ണല്‍ കനത്ത വെല്ലുവിളി ആയിരിയ്ക്കും. കാരണം, രാജ്യത്ത് ആദ്യമായി എല്ലാ ബൂത്തുകളിലും വിവി പാറ്റ് ഉപയോഗിച്ച തെരഞ്ഞെടുപ്പാണ് ഇത്.

വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടര്‍ന്നാണ് രാജ്യമെങ്ങും ഇത്തവണ വിവി പാറ്റ് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. അതനുസരിച്ചു 50 കോടിയിലേറെ വോട്ടര്‍മാര്‍ ഇത്തവണ അവര്‍ ചെയ്ത വോട്ട് ഏഴു സെക്കന്‍ഡ് കണ്മുന്നില്‍ കണ്ട് ബോധ്യപ്പെട്ടു. ഒറ്റപ്പെട്ട പരാതികള്‍ ഒഴിച്ചാല്‍ വ്യാപക ആരോപണങ്ങള്‍ വിവി പാറ്റിനെ ചൊല്ലി ഉയര്‍ന്നില്ല.

വി വി പാറ്റുകള്‍ എണ്ണണം എന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചു വോട്ടിങ് യന്ത്രങ്ങള്‍ റാന്‍ഡമായി തെരഞ്ഞെടുത്ത് വി വി പാറ്റ് മെഷീനുകളുമായി ഒത്ത് എണ്ണണം എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഏപ്രില്‍ എട്ടിന് ഉത്തരവിട്ടു. ഏപ്രില്‍ പതിനൊന്നിനുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ വോട്ടിങ് യന്ത്രങ്ങള്‍ എല്ലാം തയാറായി അതാത് മണ്ഡലങ്ങളില്‍ എത്തിയ ശേഷമാണ് കോടതി ഉത്തരവ് വന്നത്.

'ഏതു ബട്ടണ്‍ അമര്‍ത്തിയാലും താമരയ്ക്ക് പതിയും വിധം' മെഷീനുകളില്‍ കൃത്രിമത്വം വരുത്തുന്നു എന്നതാണല്ലോ പ്രധാന ആരോപണം. അതനുസരിച്ചാണെങ്കില്‍ ഇത്തവണ കൃത്രിമത്വം നടത്തിക്കഴിഞ്ഞ ശേഷമാവും അഞ്ചു വോട്ടിങ് യന്ത്രങ്ങള്‍ വി വി പാറ്റുമായി ഒത്തുനോക്കി എണ്ണണമെന്ന സുപ്രീം കോടതി വിധി ഉണ്ടായത്.

വെറുതെ ഏതെങ്കിലും മെഷീനുകള്‍ അല്ല, നറുക്കിട്ട് എടുത്ത അഞ്ചു മെഷീനുകള്‍ ആണ് എണ്ണുന്നത്. ഓരോ ലോക്‌സഭാ സീറ്റിലും ഏതാണ്ട് 35 മെഷീനുകള്‍ വിവി പാറ്റുമായി ഒത്തുനോക്കി എണ്ണും. ഏതു മെഷീന്‍ ആണ് എണ്ണുകയെന്നത് ആര്‍ക്കും മുന്‍കൂട്ടി പറയാനും കഴിയില്ല.

ഗൂഢാലോചനാ വാദം അനുസരിച്ചു നോക്കിയാല്‍ 23 ന് ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളില്‍ ഈ എണ്ണലില്‍ വി വി പാറ്റുകളിലെ വോട്ടും മെഷീനുകളിലെ വോട്ടും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടാകണം. കാരണം 'മെഷീനുകള്‍ താമരയ്ക്ക് സെറ്റ് ചെയ്ത്' വെച്ചിരിക്കുകയാണല്ലോ!

പറഞ്ഞുവന്നത്, 23 ന് എക്‌സിറ്റ് പോളുകള്‍ ശരിയായാല്‍ ഉടന്‍ അടിക്കാന്‍ ഒരു പുതിയ ഗൂഡാലോചനാ സിദ്ധാന്തം അടിയന്തിരമായി ഉണ്ടാക്കണം. വി വി പാറ്റ് , നറുക്കിട്ടുള്ള എണ്ണല്‍ , സുപ്രീം കോടതി വിധി, എന്നിട്ടും തുടരുന്ന കോണ്‍ഗ്രസ് തോല്‍വി ഇതെല്ലാം ചേര്‍ത്ത് ഒറ്റ കേള്‍വിയില്‍ വിശ്വസനീയമായ പുതിയൊരു സിദ്ധാന്തം. അതുവെച്ചു വേണം ഇനിയങ്ങോട്ട് പിടിച്ചുനില്ക്കാന്‍.

അല്ലാതെ, രാഹുല്‍ ഗാന്ധി എന്ന ഒരാളുടെ ദുര്‍ബലമായ ഏകാംഗ പ്രകടനങ്ങള്‍ ഒഴിച്ചാല്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഘടനയെന്ന നിലയില്‍ അസ്ഥികൂടംപോലും ബാക്കിയില്ലെന്നും പൈസ കൊടുത്താലും പോസ്റ്റര്‍ ഒട്ടിക്കാന്‍പോലും ആരെയും കിട്ടാനില്ലെന്നും പലയിടത്തും ബൂത്തിലിരിയ്ക്കാന്‍ പോലും ആളില്ലെന്നുമുള്ള സത്യം ചത്താലും സമ്മതിക്കരുത്!

വോട്ടിങ് യന്ത്രത്തിലെ ഭീകര അട്ടിമറി! (അബ്ദുള്‍ റഷീദ് )
Join WhatsApp News
benoy 2019-05-20 11:07:52
Another conspiracy theorist. Best of luck with you theory buddy.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക