Image

വോട്ട് ശതമാനം ഉയര്‍ന്നതിന് ബിജെപി പിണറായി സര്‍ക്കാരിനോട് നന്ദി പറയണമെന്ന് എകെ ആന്‍റണി

Published on 20 May, 2019
വോട്ട് ശതമാനം ഉയര്‍ന്നതിന് ബിജെപി പിണറായി സര്‍ക്കാരിനോട് നന്ദി പറയണമെന്ന് എകെ ആന്‍റണി

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം ഉയരുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. ഇതിന് പിണറായി സര്‍ക്കാരിനോടാണ് ബിജെപി നന്ദി പറയേണ്ടതെന്നും എകെ ആന്‍റണി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം തിടുക്കത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയതാണ് ബിജെപിക്ക് ഇത്തവണ കേരളത്തില്‍ അനുകൂല കാലാവസ്ഥ ഉണ്ടാക്കികൊടുത്തതെന്നും ആന്‍റണി കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാരിന്‍റെ എടുത്തുചാട്ടമാണ് ബിജെപിക്ക് നേട്ടമായത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ആന്‍റണി പറഞ്ഞു. അതേസമയം ശബരിമല സ്ത്രീപ്രവേശനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും ശബരിമലയെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കിടയില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.


ശബരിമല ആയുധമാക്കിയാണ് ഇത്തവണ കേരളത്തില്‍ ബിജെപി വോട്ട് തേടിയത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരവും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള നാല് മണ്ഡലങ്ങളില്‍ ഇത്തവണ വോട്ട് വിഹിതം ഉയര്‍ന്നെന്ന് ചില സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ട്. ശബരിമല വിഷയമാണ് ഇതിന് പിന്നില്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. നേരത്തേ സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങിന് പിന്നിലും ശബരിമല വിഷയമാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക