Image

മധുപാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; മരിച്ചുവെന്ന്‌ പ്രചാരണവും

Published on 20 May, 2019
 മധുപാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം; മരിച്ചുവെന്ന്‌ പ്രചാരണവും


സോഷ്യല്‍ മീഡിയയിലൂടെ ബിജെപി സര്‍ക്കാരിനെതിരെ തന്റെ നിലപാട്‌ തുറന്നെഴുതിയതിന്‌ സംവിധായകനും നടനുമായ മധുപാലിനെതിരെ സൈബര്‍ ആക്രമണം.

അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്‌ താഴെ അസഭ്യവര്‍ഷം ചൊരിയുകയാണ്‌ സംഘപരിവാര്‍ അനുകൂലികള്‍. `നാം ജീവിക്കണോ മരിക്കണോ എന്ന്‌ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്‌ ഇത്‌' എന്ന്‌ ഇടതുപക്ഷത്തെ അനുകൂലിച്ച്‌ മധുപാല്‍ മുമ്പ്‌ ഒരു പൊതുചടങ്ങില്‍ സംസാരിച്ചിരുന്നു.

തുടര്‍ന്ന്‌ മധുപാല്‍ മരിച്ചുവെന്നും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു കൊണ്ടും വലിയ സൈബര്‍ പ്രചാരണവും നടന്നിരുന്നു.

എന്നാല്‍ ഇതിന്‌ ഫെയ്‌സ്‌ബുക്കിലൂടെ തന്നെ അദ്ദേഹം മറുപടി നല്‍കി വീണ്ടും നിലപാട്‌ ആവര്‍ത്തിച്ച്‌ കുറിപ്പും ഇട്ടു.  ഈ പോസ്റ്റിന്‌ താഴെയാണ്‌  അദ്ദേഹത്തിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച്‌ കൊണ്ട്‌ വീണ്ടും കമന്റുകള്‍ വരുന്നത്‌.

`ജീവനുള്ള മനുഷ്യര്‍ക്ക്‌ ഇവിടെ ജീവിക്കാനാകണം, ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ്‌ ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത്‌ എന്ന്‌ നാം കണ്ടതാണ്‌.

ദേശീയത പറയുന്നവരുടെ കാലത്താണ്‌ ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടത്‌. സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്ക്‌ വേണ്ടത്‌.

അതുകൊണ്ട്‌ ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം'- എന്നായിരുന്നു മധുപാല്‍ ഇടതുപക്ഷത്തെ അനുകൂലിച്ച്‌ പൊതുവേദിയില്‍ പ്രസംഗിച്ചത്‌. ഇതാണ്‌ സംഘപരിവാരത്തെ ചൊടിപ്പിച്ചത്‌.

ഇതിന്‌ പിന്നാലെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ നടന്നു.

എന്നാല്‍, താന്‍ പറഞ്ഞത്‌ മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്‌മയെ ഉള്‍ക്കൊള്ളുന്നുവെന്ന്‌ മധുപാല്‍ ഫെയ്‌സ്‌ബുക്കില്‍ ഏപ്രില്‍ മാസം 21ന്‌ കുറിച്ചിരുന്നു. വീണ്ടും തന്റെ നിലപാട്‌ ആവര്‍ത്തിച്ച്‌ ഒരു പോസ്റ്റും കോപ്പി ചെയ്‌തിരുന്നു.

ഇതൊരു ജീവന്മരണ സമരമാണ്‌. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത്‌ ജനാധിപത്യമാണ്‌. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ലയെന്ന്‌ അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക