Image

മോദി കാലം തുടരുമെങ്കില്‍ തിരിച്ചറിയണം ഇന്ത്യ ഒരു മതരാഷ്ട്രമായി തുടങ്ങിയിരിക്കുന്നു

കലാകൃഷ്ണന്‍ Published on 20 May, 2019
മോദി കാലം തുടരുമെങ്കില്‍ തിരിച്ചറിയണം ഇന്ത്യ ഒരു മതരാഷ്ട്രമായി തുടങ്ങിയിരിക്കുന്നു

2004ല്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴാണ് ഇന്ത്യാ ഷൈനിംഗ് എന്ന തിരഞ്ഞെടുപ്പ് ക്യാംപെയിന്‍ അഴിച്ചു വിട്ടത്. വാജ്പേയി ബിജെപിക്കാരനെങ്കിലും മിതവാദിയായ ഒരു വലതുപക്ഷക്കാരനായിരുന്നു. മതേതരമായ ഒരു പ്രതിഛായ കുറെയെങ്കിലുമുണ്ടായിരുന്നു. വാജ്പേയിയുടെ കാലത്തെ എന്‍ഡിഎ മുന്നണിയിലാണ് ഏറ്റവും കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്കൊപ്പം എത്തിയത്. ഗവണ്‍മെന്‍റ് എന്ന നിലയില്‍ അവകാശപ്പെടാന്‍ മോശമല്ലാത്ത ചില സംഭാവനകളൊക്കെ വാജ്പേയി സര്‍ക്കാരിനുണ്ടായിരുന്നു എന്നതും വാസ്തവം. 
1998ല്‍ വാ്ജ്പേയ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് പൊഖ്റാന്‍ അണുപരീക്ഷണത്തിനുള്ള ശക്തമായ തീരുമാനം ഉണ്ടാവുന്നത്. അത് നടപ്പാക്കപ്പെടുന്നത്. ലാഹോര്‍ ബസ് യാത്ര നടത്തി പാകിസ്ഥാനുമായിട്ടുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചതും വാജ്പേയിയുടെ എടുത്തു പറയേണ്ട നേട്ടമാണ്. ആഭ്യന്തര വികസനങ്ങളിലും വാജ്പേയി സര്‍ക്കാരിന് എടുത്ത പറയാവുന്ന നേട്ടങ്ങളുണ്ടായിരുന്നു. എന്നിട്ടും 2004ലെ ഇലക്ഷനില്‍ വാജ്പേയി സര്‍ക്കാര്‍ പരാജയപ്പെട്ടു പോയി.
2002ലെ ഗുജറാത്ത് കലാപം ഗുജറാത്തിന് സ്ഥിരം ബിജെപി വല്‍ക്കരിച്ചുവെങ്കിലും മതേതര ഇന്ത്യ അതിനെ ലഘുവായി കാണാന്‍ തയാറായില്ല. ഗുജറാത്ത് കലാപം മുതല്‍ നിരവധി മതാത്മകമായ പ്രവര്‍ത്തനങ്ങള്‍ 2004ല്‍ ബിജെപിയെ തൂത്തെറിയാന്‍ കാരണമായിട്ടുണ്ട്. 
ഇക്കുറി വീണ്ടുമൊരു ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരണം തികച്ച് ഇലക്ഷനെ അഭിമുഖീകരിച്ചിരിക്കുകയാണ്. ഇലക്ഷന് ശേഷം എക്സിറ്റ് പോളുകള്‍ പറയുന്നത് ശരിയെങ്കില്‍ മോദിസര്‍ക്കാര്‍ വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ വരും. ഭൂരിപക്ഷം 2014ലേതിനേക്കാളും വര്‍ദ്ധിക്കും എന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. 
എന്നാല്‍ 2004ല്‍ വാജ്പേയി സര്‍ക്കാരിന് മുമ്പോട്ടു വെക്കാന്‍ കഴിഞ്ഞത് പോലെയുള്ള യാതൊരു ഭരണനേട്ടങ്ങളുമില്ലാത്ത ധ്രൂവീകരണം മാത്രം അജണ്ടയാക്കിയ ഒരു സര്‍ക്കാരാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നിട്ടും മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെങ്കില്‍ തീര്‍ച്ചയായും മനസിലാക്കേണ്ടിയിരിക്കുന്നു ഇന്ത്യയുടെ മതേതര പാരമ്പര്യം എവിടെയോ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യ ഒരു മതരാഷ്ട്രമായി എവിടെയൊക്കെയോ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. 
കഴിഞ്ഞ സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന രണ്ട് പരിപാടികള്‍ എന്തൊക്കെയായിരുന്നു. ഒന്ന് നോട്ട് നിരോധനം.  രണ്ട് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലേക്കുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്.
ഇതില്‍ ആദ്യത്തേത് ഈ രാജ്യത്തെ എല്ലാ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ കാര്യമായിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ട ഒരു പുത്തന്‍ സാമ്പത്തിക ക്രമീകരണം. മോഹന്‍ലാല്‍ മുതല്‍ രജനികാന്ത് വരെ സകല മോദി ഭക്തരും ഇതാ പുതിയ ഇന്ത്യ ജനിച്ചു എന്ന് പറഞ്ഞ തീരുമാനം. ലോകത്തിലെ മുഴുവന്‍ സാമ്പത്തിക വിദഗ്ധരും ലോക മണ്ടത്തരം എന്ന് പറഞ്ഞ തീരുമാനം. അവസാനം ജനത്തെ പൊരിവെയിലത്ത് വരി നിര്‍ത്തിച്ച് വറുതിയില്‍ നിന്ന് വറുതിയിലേക്ക് തള്ളി വിട്ടതാണ് നോട്ട് നിരോധത്തിന്‍റെ ബാകി പത്രം. 
എന്നാലിന്ന് നോട്ട് നിരോധനത്തെക്കുറിച്ച് മോദിയോ ബിജെപിക്കാരോ മിണ്ടില്ല. മിണ്ടിയാല്‍ ജനത്തിന് നല്ല ഓര്‍മ്മകളാവില്ല പൊന്തി വരുക എന്നവര്‍ക്ക് നന്നായിട്ടറിയാം. എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ മോദി നന്നായി ഉപയോഗിച്ചു. തലച്ചോറ് കൊണ്ടല്ല ഹൃദയം കൊണ്ട് ജനങ്ങള്‍ ഏറ്റുവാങ്ങുന്ന വിഷയമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. ഏറ്റവുമൊടുവില്‍ ബാലാക്കോട്ട് ആക്രമണം എത്ര വിദഗ്ധമായാണ് മോദി ഇലക്ഷന്‍ കാലത്തേക്ക് ഉപയോഗിച്ച് വെച്ചത്. ബാലാക്കോട്ട് ആക്രമണത്തിന്‍റെ തീരുമാനം മാത്രമല്ല സാങ്കേതിക വിജ്ഞാനം പോലും താനാണ് സൈന്യത്തിന് നല്‍കിയതെന്ന് വീമ്പു പറഞ്ഞു. ഏറ്റവുമൊടുവില്‍ ഏറ്റവും അവസാന തിരഞ്ഞെടുപ്പ് ദിവസം കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയും ഗുഹയില്‍ ധ്യാനമിരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചും ഹിന്ദുത്വ കാര്‍ഡിന്‍റെ ഉപയോഗം നടത്തി. 
പശുവും പാകിസ്ഥാനമായിരുന്നു പോയ അഞ്ചു വര്‍ഷം നരേന്ദ്രമോദിയുടെ ജനപ്രീയ പരിപാടികളില്‍ പ്രധാനം. പശുവിനെ സംരക്ഷിക്കുക, പാകിസ്ഥാനെ തവിടുപൊടിയാക്കുക. ഈ രണ്ടു കാര്യങ്ങള്‍ക്കപ്പുറം ഒന്നം പറയാനില്ലാത്ത ഒരു ഗവണ്‍മെന്‍റാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിരിക്കുന്നത്. ബിജെപിയുടെ എതിരാളികള്‍ നിസാരക്കാരുമല്ല. കോണ്‍ഗ്രസ്, എസ്പി ബിഎസ്പി സഖ്യം, ലല്ലുപ്രസാദ് യാദവ്, മമതാ ബാനര്‍ജി, കര്‍ണാടക ജനതാദള്‍, ഡിഎം.കെ, ചന്ദ്രബാബു നായിഡു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്.... പ്രബലരുടെ നിര എങ്ങനെ വലുതാണ് പ്രതിപക്ഷത്ത്. എന്നിട്ടും വന്‍ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെങ്കില്‍ ഒറ്റക്കാര്യമേ മനസിലാക്കാനുള്ളു. കേവലം ഒരു വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി എന്നതിന് അപ്പുറത്തേക്ക് ബിജെപിയുടെ ഹിന്ദുത്വ പൊളിറ്റിക്സിനെ ജനങ്ങള്‍ക്ക് താത്പര്യമായി തുടങ്ങിയിരിക്കുന്നു. ജനം മതരാഷ്ട്രീയത്തോട് താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നാം എവിടെയൊക്കെയേ മതേതരത്വം മാറ്റിവെച്ച് മതരാഷ്ട്ര തല്‍പ്പരരായിരിക്കുന്നു. അതിന്‍റെ വ്യക്തമായ ചിത്രം മെയ് 23 നമുക്ക് സമ്മാനിക്കുക തന്നെ ചെയ്യും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക