Image

സഭയുടെ കെട്ടുറപ്പും വിശ്വാസ്യതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Published on 22 May, 2019
സഭയുടെ കെട്ടുറപ്പും വിശ്വാസ്യതയും തകര്‍ക്കാന്‍  ആരെയും അനുവദിക്കരുത്: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസജീവിതത്തെയും സഭാചൈതന്യത്തെയും വെല്ലുവിളിച്ചുകൊണ്ട്  നാളുകളായി വിവിധ സഭകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ചേരിതിരിവിനും ഭിന്നതയ്ക്കും അടിയന്തര അവസാനമുണ്ടാകണമെന്നും ചില ആനുകാലിക സംഭവങ്ങള്‍ വിശ്വാസിസമൂഹത്തില്‍ വലിയ ഇടര്‍ച്ചയ്ക്കും സഭാസംവിധാനത്തോടുള്ള അകല്‍ച്ചയ്ക്കും ഇടനല്‍കിയിരിക്കുന്നത് വൈദികസമൂഹവും സഭാനേതൃത്വങ്ങളും തിരിച്ചറിഞ്ഞ് കെട്ടുറപ്പിനും ഐക്യത്തിനുമായി ഉറച്ചനിലപാടെടുക്കണമെന്നും കാത്തലിക് ബിഷപ്‌സ്് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 

ലോകത്താകമാനം ക്രൈസ്തവര്‍ക്കുനേരെ ഭീകരപ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ നിരന്തരമായി തുടരുമ്പോള്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത് സഭകള്‍ക്കുള്ളില്‍ തന്നെ ഭിന്നതകള്‍ രൂപപ്പെടുന്നത് ദുഃഖകരമാണ്. ക്രൈസ്തവര്‍ക്കുനേരെ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം നാം മറന്നിട്ടില്ല. ഭീകരര്‍ക്ക് കേരളവുമായുള്ള ബന്ധവും ആശങ്കയുണര്‍ത്തുന്നു. നിലനില്‍പ്പിനും വിശ്വാസസംരക്ഷണത്തിനുമായി ക്രൈസ്തവസഭകള്‍ പരസ്പരം സഹകരിച്ചുള്ള കൂട്ടായ്മ അടിയന്തരമായിരിക്കുമ്പോള്‍ ഭിന്നിച്ചുനിന്ന് കലഹിച്ച് നശിക്കുന്നത് യാതൊരുകാരണവശാലും അനുവദിച്ചുകൊടുക്കാനാവില്ല. 

വിശ്വാസജീവിതത്തെയും വിശ്വാസിസമൂഹത്തെയും ക്രൈസ്തവ സേവനശുശ്രൂഷകളെയും മറന്ന് അധികാരവും സമ്പത്തും സ്ഥാപനങ്ങളും സഭയുടെ നാശത്തിന് വഴിതെളിച്ചിരിക്കുന്നുവെന്നതിന്റെ പ്രകട ഉദാഹരണമാണ് ഇപ്പോള്‍ വിവിധ സഭാവിഭാഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമ്പത്തിന്റെ പേരിലും അതിന്റെ ഉപയോഗത്തിന്റെ മറവിലും പരസ്പരം പോരടിച്ചും ആക്ഷേപിച്ചും കോടതിവ്യവഹാരങ്ങളിലേര്‍പ്പെട്ടും വിശ്വാസികളെ തെരുവിലിറക്കിയും സഭകള്‍ക്കുള്ളില്‍ ഭിന്നത സൃഷ്ടിച്ചും സ്വയം അപമാനമേറ്റുവാങ്ങുന്നത് ആത്മഹത്യാപരമാണ്.  

രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ വര്‍ത്തിക്കേണ്ടവരല്ല ആത്മീയ ശുശ്രൂഷാകേന്ദ്രങ്ങളായ ക്രൈസ്തവ സഭകള്‍. അനുരഞ്ജനവും സ്‌നേഹത്തിന്റെ പങ്കുവയ്ക്കലും നടപ്പിലാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വീറും വാശിയും കാണിച്ച് സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. തലമുറകളായി നാം കാത്തുസൂക്ഷിക്കുന്നതും പങ്കുവയ്ക്കുന്നതുമായ ക്രിസ്തീയമൂല്യങ്ങളേയും വിശ്വാസങ്ങളേയും ആത്മീയ ആചാരാനുഷ്ഠാനങ്ങളെയും തച്ചുടച്ച്, പൊതുസമൂഹം ക്രൈസ്തവര്‍ക്ക് കല്പിച്ചിരുന്ന നിലയും വിലയും ഇല്ലാതാക്കുവാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. 
ആയിരക്കണക്കിന് വൈദികരുടെയും സന്യാസിനികളുടെയും അല്മായരുടെയും കഷ്ടപ്പാടുകളും നഷ്ടപ്പെടലുകളൂം ആത്മീയ നിറവും സാമൂഹ്യപ്രതിബദ്ധതയുമാണ് ഭാരത ക്രൈസ്തവ സമൂഹത്തെ വളര്‍ച്ചയുടെ ഇന്നത്തെ ഉന്നതതലങ്ങളിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് സുഭിക്ഷതയുടെ ഈ നാളുകളില്‍ പലരും മറന്നുപോകുന്നു. നൂറ്റാണ്ടുകളായി നിസ്വാര്‍ത്ഥ സേവനം ചെയ്ത് ആത്മസമര്‍പ്പണം നടത്തിയ പുണ്യാത്മാക്കളുടെ ത്യാഗവും പ്രാര്‍ത്ഥനയും കരുത്തും പകര്‍ന്നേകിയ സഭയുടെ  കെട്ടുറപ്പിനെ ബലക്ഷയമാക്കുന്ന നീക്കങ്ങള്‍ ഏതുകോണില്‍ നിന്നുണ്ടായാലും അതിനെതിരെ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി വര്‍ത്തിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക