Image

വ്യാജരേഖാ കേസ്: സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം; അനാവശ്യമായ പ്രതികരണത്തിലൂടെ സഭയുടെ കെട്ടുറപ്പ് തകര്‍ക്കരുത്: മീഡിയ കമ്മീഷന്‍

Published on 22 May, 2019
വ്യാജരേഖാ കേസ്: സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം; അനാവശ്യമായ പ്രതികരണത്തിലൂടെ സഭയുടെ കെട്ടുറപ്പ് തകര്‍ക്കരുത്: മീഡിയ കമ്മീഷന്‍


കാക്കനാട്: സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസില്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് സിറോ മലബാര്‍ മീഡിയ കമ്മീഷന്‍. വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സ്ഥിരം സിനഡിന്റെ അടിയന്തര സമ്മേളനം ചേര്‍ന്ന് വിശകലനം ചെയ്തു. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചത് എന്ന് യോഗം വിലയിരുത്തി. അതിനാല്‍ പ്രസ്തുത വ്യാരേഖ നിര്‍മ്മിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചതായി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

എറണാകുളംഅങ്കമാലി അതിരൂപത ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന് മാധ്യമ കമ്മീഷന്റെയും നിലപാട്. ഒരു പ്രമുഖ സ്ഥാപനത്തിലെ സെര്‍വറില്‍ രേഖകള്‍ കണ്ടെത്തിയെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മീഡിയ കമ്മീഷന്‍ ആവശ്യപ്പെടുന്നു.

രേഖാ വിവാദം സംബന്ധിച്ച് കഴിഞ്ഞ ദിവസം അതിരൂപത നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രേഖകള്‍ വ്യാജമല്ലെന്നും ഒരു വ്യവസായ സ്ഥാപനത്തിന്റെ സെര്‍വറില്‍ നിന്നും ലഭിച്ചതാണെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കിയിരുന്നു. കേസിന്റെ പേരില്‍ ഭൂമി ഇടപാടിനെ ചോദ്യം ചെയ്ത വൈദികരെ പ്രതികളാക്കാന്‍ നീക്കം നടക്കുന്നതായും ഭൂമി ഇടപാടിലെ പ്രതികളാണ് ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അതിരുപതയിലെ മറ്റ് ബിഷപുമാരുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണവും ഉയര്‍ത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക