Image

കൂറുമാറാന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ക്ക് 25 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തു; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

Published on 22 May, 2019
കൂറുമാറാന്‍ കോണ്‍ഗ്രസ്സ്  എം.എല്‍.എമാര്‍ക്ക് 25 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തു; മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പത്തിലധികം എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. 10 മുതല്‍ 25 കോടിരൂപവരെ വാഗ്ദാനം ചെയ്‌തെന്നാണ് കമല്‍നാഥ് പറയുന്നത്.

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍  തയ്യാറാണെന്നു നേരത്തെ കമല്‍നാഥ് പറഞ്ഞിരുന്നു. 'ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. യാതൊരു ആശങ്കകളുമില്ല' പിസിസി ഓഫീസില്‍ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയില്‍ നിന്ന് പണ വാഗ്ദാനം ലഭിച്ച എംഎല്‍എമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കമല്‍നാഥ് തയ്യാറായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ഭൂരിഭാഗം സീറ്റുകളും ബിജെപി നേടും എന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ വെറും എന്റര്‍ടെയ്ന്‍മെന്റ് പോളുകളാണ് എന്നും കമല്‍നാഥ്കുറ്റപ്പെടുത്തി. 29 ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ 85 വാഗ്ദാനങ്ങള്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ പാലിച്ചിരുന്നതായി കമല്‍നാഥ് പറഞ്ഞു. ഞങ്ങള്‍ 21 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളി. മുന്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തുടരുന്നുണ്ട്. ബിജെപി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. നഗര, ഗ്രാമ മേഖലങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികളെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനു കത്തയച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍  കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്നും ബിജെപി അവകാശവാദം ഉന്നയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക