Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ... (അനുഭവക്കുറിപ്പുകള്‍ -8: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 24 May, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ... (അനുഭവക്കുറിപ്പുകള്‍ -8: ജയന്‍ വര്‍ഗീസ്)
കൊച്ചപ്പന്റെ മൂത്തമകന്‍ എന്റെ പ്രായക്കാരനായ ജോര്‍ജ് ആണ് മിക്കവാറും കടയില്‍ ഇരുന്നിരുന്നത്. അത് കൊണ്ട് തന്നെ സ്വന്തം വീടുകളിലെ ഒരു അന്തരീക്ഷം സൃഷ്ഠിക്കപ്പെടുകയും, കളിച്ചും, ചിരിച്ചും ആദ്യ കാല നാളുകള്‍ സന്തോഷ കരമായി പറന്നു പോവുകയും ചെയ്തു കൊണ്ടിരുന്നു  ( എന്റെ ആദ്യകാല നാടകങ്ങളില്‍ അഭിനയിക്കുകയു, ഒരുമയോടെ ഒത്തിരി കാര്യങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന ജോര്‍ജ്  ഇന്ന് പെന്തക്കോസ് സഭയിലെ ഒരു പ്രമുഖ പാസ്റ്ററാണ്. )

അക്കാലത്തെ പള്ളിപ്പെരുന്നാളുകളും ക്ഷേത്ര ഉത്സവങ്ങളും ധാരാളം കലാ പരിപാടികള്‍ കൊണ്ട് സന്പന്നമായിരുന്നു. പള്ളികളില്‍ പ്രധാനമായും നാടകങ്ങളും, കഥാപ്രസംഗങ്ങളും നടക്കുന്‌പോള്‍, അന്പലങ്ങളിലെ ഉത്സവപ്പറന്പുകളില്‍ ബാലെ മുതല്‍ മുടിയേറ്റ് വരെയുള്ള എല്ലാ കലാരൂപങ്ങളും അരങ്ങേറിയിരുന്നു. ഇത് കാണുവാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ കുടുംബങ്ങളും ചൂട്ടു വെളിച്ചത്തില്‍ ഉത്സവപ്പറന്പുകളില്‍ എത്തിയിരുന്നു.

 ലോക ക്‌ളാസിക്കുകളിലെ അനശ്വരങ്ങളായ രചനകള്‍ തങ്ങളുടെ കഥാപ്രസംഗങ്ങളിലൂടെ പൊതു ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത് കൊണ്ട് സാംബ ശിവനെയും, കെടാമംഗലം സദാനന്ദനെയും പോലുള്ള കലാകാരന്മാര്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും, ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ വിലപ്പെട്ട പാഠങ്ങള്‍ അവരെ പഠിപ്പിക്കുകയുമായിരുന്നു. ഓരോ നാട്ടുംപുറങ്ങളിലെയും യുവാക്കള്‍ രൂപീകരിക്കുന്ന ആര്‍ട്‌സ് ക്ലബുകള്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് ഒരു നാടകമെങ്കിലും അവതരിപ്പിച്ചിരുന്നു. ക്രാന്ത ദര്‍ശികളായ നാടക കൃത്തുക്കളുടെ ആത്മ ദര്‍ശനങ്ങള്‍ നാട്ടുംപുറങ്ങളിലെ കൊച്ചു കൊച്ചു വേദികളില്‍ നിന്ന് സംവദിക്കാന്‍ ഏതു പണ്ഡിതനും, പാമരനും, ഒരു പോലെ സാധിച്ചിരുന്നു എന്നതിനാലാവണം, മലയാളത്തിന്റെ മഹത്തായ സംസ്ക്കാരം എന്നൊക്കെ നമ്മള്‍ പേരിട്ടു വിളിക്കുന്ന ആ മനോഹര ജീവിത പരിസരങ്ങള്‍ നഗരങ്ങളിലും, നാട്ടുംപുറങ്ങളിലും ഒരു പോലെ നിലവിലിരുന്നത് എന്ന സത്യം നമ്മള്‍ ആദരവോടെ അംഗീകരിക്കേണ്ടതുണ്ട്.

( യഥാര്‍ത്ഥ കലയെയും, കലാകാരനേയും കുഴിച്ചുമൂടിക്കൊണ്ടു രംഗത്തു വന്ന കച്ചവട കലാകാരന്‍ സിനിമയിലും, സീരിയലിലും മാത്രമല്ലാ, നാലാള് കൂടുന്നിടത്ത് നാണം കെടുത്തുന്ന മിമിക്രി വളിപ്പുകളിലൂടെയും മലയാളത്തിന് സമ്മാനിച്ച സ്വര്‍ണ്ണ  മദ്യ  സെക്‌സ്  വയലേഷനുകളുടെ സംവേദന ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നതു  കൊണ്ടാവണം,  മലയാളത്തിന്റെ മനോഹര മുഖം വികൃതമായതും, മൂന്നു വയസുകാരി മുതല്‍ മൂത്തു നരച്ച മുത്തശ്ശിക്ക് വരെ വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യാത്ത ദുരവസ്ഥ ദൈവത്തിന്റെ സ്വന്തം നാടിനു വന്നു ചേര്‍ന്നതും എന്ന് എനിക്ക് തോന്നുന്നു.  ഇക്കൂട്ടരെ മനസ് കൊണ്ടും, ശരീരം കൊണ്ടും തള്ളിപ്പറയുവാനും, തള്ളിക്കളയുവാനുമുള്ള ആര്‍ജ്ജവം എന്ന് മലയാളി നേടിയെടുക്കുന്നുവോ, അന്നേ നാമറിയുന്ന മലയാളം വീണ്ടും പുനര്‍ജ്ജനിക്കുകയുള്ളു എന്നും എനിക്ക് തോന്നുന്നുണ്ട്.)

ഉത്സവപ്പറന്പുകളില്‍ നടക്കുന്ന കലാപരിപാടികളുടെ സ്ഥിരം ആസ്വാദകരായിരുന്നു ഞങ്ങളുടെ നാടക സംഘം. മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചിട്ടാണ് സംഘത്തിന്റെ യാത്ര. നല്ല പരിപാടികളെ നേരിട്ട് അഭിനന്ദിക്കുകയും, കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്‌യുന്നതും ഞങ്ങളുടെ ഒരു രീതിയായിരുന്നു. ഒരിക്കല്‍ പൈങ്ങോട്ടൂര്‍ അന്പലത്തിലെ ഉത്സവപ്പറന്പില്‍ മനോഹരമായി കഥാപ്രസംഗം അവതരിപ്പിച്ച ഒരു പെണ്‍കുട്ടിയെ നേരിട്ട് അനുമോദിക്കണം എന്ന് ജോര്‍ജിന് വാശി. അവിടെ വില്‍ക്കാന്‍ വച്ചിരുന്ന പുഷ്പ ഹാരങ്ങളില്‍ ഒന്ന് വാങ്ങി അതുമായി സ്‌റ്റേജിലെത്തിയ ജോര്‍ജ് അവിടെ വച്ച് പരസ്യമായി അത് അവളുടെ കഴുത്തില്‍ അണിയിച്ചു. വിവാഹ പ്രായത്തിന് അടുത്തെത്തിയ ആ പെണ്‍കുട്ടിയുടെ കഴുത്തില്‍ അതേ പ്രായത്തിലുള്ള ഒരു യുവാവ് പൂമാല അണിയിച്ചത് അവളുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് അലോസരം ഉണ്ടാക്കുകയും കൈയേറ്റത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മനസിലാക്കുകയും ചെയ്ത ഞങ്ങള്‍ ഇരുട്ടില്‍ മറഞ്ഞു കൊണ്ട് തടി രക്ഷപെടുത്തി.

ഇക്കാലത്ത്  തികച്ചും അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലെ ഒരു ദുരനുഭവം സംഭവിച്ചു. അടുത്തടുത്ത മുറികളില്‍ ആയിരുന്നല്ലോ കൊച്ചപ്പന്റെയും, മാത്തൂച്ചേട്ടന്റെയും കടകള്‍. എന്നും ഉച്ചക്ക് കൊച്ചപ്പന്‍ തൊട്ടടുത്തല്ലാത്ത വീട്ടില്‍ ഉണ്ണാന്‍ പോകും. അപ്പോള്‍ കട അടക്കാറില്ല. ആരെങ്കിലും ആ സമയത്ത് സാധനം വാങ്ങാന്‍ വന്നാല്‍ മാത്തൂചേട്ടനോ, ഞാനോ എടുത്ത് കൊടുത്ത് പൈസ വാങ്ങി കടയിലെ മേശയിലിടും. അതായിരുന്നു രീതി.

സംഭവ ദിവസം മാത്തൂച്ചേട്ടനും, ഞാനും ഇത്തരത്തിലുള്ള വില്‍പ്പന നടത്തിയിട്ടുണ്ട്. ഊണ് കഴിഞ്ഞു വന്നപ്പോള്‍ കൊച്ചപ്പന്‍ പറയുന്നു, തന്റെ മേശവലിപ്പില്‍ കിടന്ന അര രൂപാത്തുട്ട് കാണാനില്ലെന്ന്. അവിടെത്തപ്പി, ഇവിടെത്തപ്പി മാത്തൂച്ചേട്ടന്റെ മേശ വലിപ്പില്‍ നിന്ന് അതേ അര രൂപാത്തുട്ട് കൊച്ചപ്പന്‍ കണ്ടെടുക്കുന്നു. ആരാണ് എടുത്തത് എന്ന കൊച്ചപ്പന്റെ ചോദ്യത്തിന് ഞാനല്ല, ഞാനല്ല എന്ന് ഞാനും മാത്തൂച്ചേട്ടനും മറുപടി പറഞ്ഞു. അവസാനം വന്നപ്പോള്‍ അതിന്റെ ചാര്‍ജ് എന്റെ തലയില്‍ വന്നു. കൊച്ചപ്പന്റെ മേശയില്‍ നിന്ന് ഞാനാണ് പണം മോഷ്ടിച്ച് മാത്തൂച്ചേട്ടന്റെ മേശയിലിട്ടത് എന്നാണ് കൊച്ചപ്പന്റെ വിലയിരുത്തല്‍.

മാത്തൂച്ചേട്ടന്റെ മേശ പൂട്ടിയ നിലയിലാണ് കക്ഷി സൂക്ഷിക്കുന്നത്. അഥവാ, ഞാനാണ് എടുത്തതെങ്കില്‍ എന്തിന് മാത്തൂച്ചേട്ടന്റെ മേശയിലിടണം ? ഈ സമയത്തിനിടയില്‍ മാത്തൂച്ചേട്ടന്‍ വെളിയില്‍ പോയിട്ടുമില്ല. എന്റെ വാക്കുകള്‍ക്കൊന്നും യാതൊരു വിലയും ആരും കല്പിച്ചില്ല. മാന്യമായ കത്തോലിക്കാ കുടുംബത്തില്‍ പിറന്ന മാത്തൂച്ചേട്ടന്‍ മോഷ്ടിക്കുകയില്ലെന്നാണ് കൊച്ചപ്പന്റെ വാദം. ഇതിലെ കഥാ പാത്രങ്ങള്‍ എല്ലാവരും മരിച്ചു പോയി. ഇന്ന് ഇതെഴുതുന്‌പോളും അത് ചെയ്തത് ഞാനല്ലാ എന്ന് പറയുവാനേ എനിക്ക് കഴിയൂ. ' കള്ളന്‍ ' എന്നൊരു പുതിയ പേര് കൂടി എനിക്ക് കിട്ടി. അന്ന് വൈകിട്ട് കൊച്ചപ്പന്‍ വീട്ടില്‍ വന്ന് എന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. എന്റെ 'അമ്മ കൊച്ചപ്പനോട് ചൂടായി സംസാരിച്ചു. മരിക്കുന്നത് വരെ 'അമ്മ ആ വിരോധം മനസ്സില്‍ സൂക്ഷിച്ചിരുന്നു.

( അവസാന കാലങ്ങളില്‍ ഞങ്ങളുടെ  മാതാ പിതാക്കളുടെ തുല്യ സ്ഥാനം കൊടുത്ത് കൊച്ചപ്പനെയും,കൊച്ചമ്മയെയും ഞങ്ങള്‍ കരുതിയിരുന്നു. ഞങ്ങളെ സ്വന്തം മക്കളെപ്പോലെ അവരും കരുതിയിരുന്നു. കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞ അവരൊക്കെ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നത് ഹൃദയ പൂര്‍വം ഇവിടെ സ്മരിക്കുന്നു.)

ഞാന്‍ തയ്യല്‍ പഠിക്കാന്‍ പോയിത്തുടങ്ങിയത് അപ്പന് വലിയ ആശ്വാസമായി. തയ്യല്‍ കൊണ്ട് വസ്തു വാങ്ങി വീട് വച്ച യുവാവായ കുളങ്ങാട്ടില്‍ ഒനാച്ചന്റെ കാര്യം എന്നും അപ്പന്‍ ചൂണ്ടിക്കാട്ടിയിരുന്നു
 കുട്ടികള്‍ക്കു പഠനചിലവിനായി പണം കൊടുക്കാന്‍ വീട്ടിലില്ലായിരുന്നു. അതിനുള്ള മനസ്സ് അപ്പനില്ലായിരുന്നു എന്നതാവും കൂടുതല്‍ ശരി. പഴുത്തു വീഴുന്ന അടക്കാ പെറുക്കി വിറ്റും, കണ്ടവന്റെ പറന്പില്‍ നിന്ന് കശുവണ്ടി പെറുക്കി വിറ്റും ഒക്കെയാണ് ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ ഇക്കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്റെ രണ്ടാമത്തെ അനുജന്‍ ബേബിയാണ് ഞങ്ങളുടെ വീട്ടില്‍ എസ് . എസ് . എല്‍ . സി. പാസാകുന്ന ആദ്യത്തെ ആള്‍. പോസ്റ്റു മാസ്റ്ററായി റിട്ടയര്‍ ചെയ്ത ബേബി ഒരു മോട്ടോര്‍ അപകടത്തില്‍പ്പെട്ട് ഭാര്യ കുഞ്ഞമ്മ മരിച്ചതിന് ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഈ ബേബി  എസ് . എസ് . എല്‍. സി. പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്‌പോള്‍ നടന്ന ഒരു സംഭവം കൂടി അറിഞ്ഞിരിക്കേണ്ടതാണ്. നാളെയാണ് പരീക്ഷ. അഞ്ചു മൈല്‍  ദൂരെയാണ് പരീക്ഷാ കേന്ദ്രം.

അന്ന് ഇഞ്ചികൃഷിയുടെ കാലമാണ്. ഇഞ്ചികൃഷി കൊണ്ടാണ് ഞങ്ങള്‍ അല്‍പ്പം സാന്പത്തിക പുരോഗതിയൊക്കെ നേടിയത്. വനം വെട്ടിത്തെളിച് കത്തിച്ചൊരുക്കുന്ന ഭൂമി രണ്ടോ, മൂന്നോ വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനു കിട്ടും. ഇങ്ങനെ ഏക്കറുകള്‍ വരുന്ന പ്ലോട്ടുകള്‍ പണമുള്ളവര്‍ മൊത്തമായി എടുത്ത് ചറുകിട കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കും. അതില്‍കൃഷി ചെയ്തു വിളവെടുക്കുന്‌പോള്‍ ഒരു വീതം പാട്ടക്കാരന് കൊടുത്തിട്ട് ബാക്കി കൃഷിക്കാര്‍ക്കെടുക്കാം. ഇതിനെയാണ് കൂപ്പു കൃഷി എന്ന് വിളിക്കുന്നത്.

നെല്ല് , കപ്പ , ഇഞ്ചി എന്നിവയാണ് പ്രധാന കൃഷികള്‍. തയാറാക്കിയിട്ടിരിക്കുന്ന സ്ഥലത്ത് ഇഞ്ചി നടുന്ന ദിവസമാണ് ബേബിയുടെ പരീക്ഷയുടെ ദിവസമായി വന്നത്. അന്ന് നടുവാനുള്ള മുപ്പതു കിലോ ഇഞ്ചിവിത്ത് മുറിച്ചു തയ്യാറാക്കി ഒരു വല്ലന്‍ കുട്ടയില്‍ വീട്ടില്‍ വച്ചിട്ടുണ്ട്. മുന്‍പൊക്കെ ഇത് അഞ്ചു മൈല്‍ ദൂരെയുള്ള കൃഷി സ്ഥലത്തു എത്തിച്ചിരുന്നത് ബേബിയാണ്. പരീക്ഷ എഴുതാന്‍ പോകാനുള്ളത് കൊണ്ട് അന്ന് ഇഞ്ചിവിത്ത് ചുമക്കേണ്ടി വരില്ലെന്നാണ് ബേബി കരുതിയത്. അപ്പന്‍ സമ്മതിച്ചില്ല. " നാളെ പണിക്കാരുമായി ഞാനവിടെ ചെല്ലുന്‌പോള്‍ ഇഞ്ചിവിത്ത് അവിടെ കണ്ടിരിക്കണം " എന്നാണ് തലേദിവസത്തെ ഓര്‍ഡര്‍. ഉറങ്ങാന്‍ കിടന്ന ബേബി വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റ് മുപ്പതു കിലോ  ഇഞ്ചിവിത്ത് കൃഷിസ്ഥലത്ത് ചുമന്നെത്തിച്ചിട്ട് മടങ്ങി വന്നാണ് അന്ന് പരീക്ഷയെഴുതാന്‍ പോയത്.

എന്റെ ഇളയ പെങ്ങള്‍ മീന ബി. എ. കഴിഞ്ഞ് ടി. ടി. സി. പാസ്സായതു വരെയുള്ള ചിലവുകള്‍ നടന്നത് അപ്പന്‍ കൊടുത്ത പൈസകള്‍ കൊണ്ടായിരുന്നില്ല എന്ന് കൂടി ഇവിടെ പറയേണ്ടി വരുന്നുണ്ട്. അവള്‍ക്ക് പാലക്കാട്ടു ജില്ലയിലുള്ള ഒരു മുസ്ലിം മാനേജുമെന്റ് സ്കൂളില്‍ ജോലി കിട്ടുന്നതിനായി കോഴ കൊടുക്കാന്‍ അപ്പന്‍ എങ്ങിനെയോ കുറേ രൂപ മുടക്കിയെങ്കിലും, അതില്‍ ഒരു രൂപ പോലും തിരിച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് ധാരാളം ആവശ്യങ്ങള്‍ ഉണ്ടാവും, ( പ്രധാനമായും സ്വര്‍ണ്ണം വാങ്ങാന്‍ ) അതൊക്കെ വാങ്ങിച്ചോട്ടെ എന്നായിരുന്നു അപ്പന്റെ നിലപാട്. പാലക്കാട് ജില്ലയില്‍ തന്നെയുള്ള ഒരു വീട്ടില്‍ അവളെ വിവാഹം കഴിച്ചയച്ചതിനുള്ള  ചിലവുകള്‍ അപ്പന്‍ സ്വന്ത നിലയില്‍ വഹിച്ചപ്പോളും, അവളില്‍ നിന്നും ഒരു പൈസ പോലും അതിനായി അപ്പന്‍ കൈപ്പറ്റിയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക