Image

ആയതിനാല്‍ (കവിത: എം.ബഷീര്‍)

എം.ബഷീര്‍ Published on 24 May, 2019
ആയതിനാല്‍ (കവിത: എം.ബഷീര്‍)
പത്തില്‍ തോറ്റുപോയതിനാല്‍
നിങ്ങളുടെ കവിതകള്‍ക്ക്
വേണ്ടത്ര വിദ്യാഭ്യാസമില്ല
അക്ഷരം കൂട്ടിയെഴുതാനെങ്കിലും
അറിയണ്ടേ

കാണാന്‍ ഒരു ഭംഗിയുമില്ലാത്തതിനാല്‍
നിങ്ങളുടെ കവിതകളെ
ആരും പ്രണയിക്കില്ല
കുറച്ചൊക്കെ ഗ്ലാമര്‍ വേണ്ടേ

കമ്മൂണിസ്റ്റായതിനാല്‍
നിങ്ങളുടെ കവിതയെ
കാണുന്നോരൊക്കെ പേടിക്കും
എപ്പോള്‍ വെട്ടുമെന്നാര്‍ക്കറിയാം

പ്രണയിക്കുന്നതിനാല്‍
നിങ്ങളുടെ കവിതകള്‍ക്ക്
ഒട്ടും സദാചാര ബോധമില്ല
എവിടെവെച്ചും ചുംബിച്ചുകളയും

പ്രവാസിയായതിനാല്‍
നിങ്ങളുടെ കവിതകളിലെ
വീടുകള്‍ക്ക് മേല്‍ക്കൂരയില്ല
മഴയില്ലെങ്കിലും ചോരും

മനുഷ്യനായതിനാല്‍
നിങ്ങളുടെ കവിതകളില്‍
മതിലുകളില്ല
പട്ടിയും പൂച്ചയും പാമ്പും കയറിയിറങ്ങും

ആയതിനാല്‍
നിങ്ങളുടെ കവിതകള്‍
പ്രസിദ്ധീകരണയോഗ്യമല്ലെന്ന്
ഖേദത്തോടെ
അറിയിക്കുന്നു.......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക