Image

ശബരിമല വിഷയത്തില്‍ സ്‌ത്രീകള്‍ സര്‍ക്കാറിനെതിരെ വിധിയെഴുതി: ബാലകൃഷ്‌ണപിള്ള

Published on 25 May, 2019
ശബരിമല വിഷയത്തില്‍ സ്‌ത്രീകള്‍ സര്‍ക്കാറിനെതിരെ വിധിയെഴുതി: ബാലകൃഷ്‌ണപിള്ള


കൊല്ലം: ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള. മോദി വിരോധവും ശബരിമലയുമാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌. മോദി വിരോധികളെല്ലാം കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്‌തു. ശബരിമല നേരിട്ടല്ല ബാധിച്ചത്‌.

സ്‌ത്രീകളുടെ വോട്ടുകളിലൂടെയാണ്‌ അത്‌ പ്രതിഫലിച്ചത്‌.
57 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ സജീവമായിരുന്ന ആളാണ്‌ താന്‍. ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തെരഞ്ഞെടുപ്പ്‌ ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത്‌ ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന്‌ അത്യാഗ്രഹമുള്ളവരാണ്‌ കേരളത്തിലെ ആളുകള്‍.

ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന്‌ എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്‌തു.

ലക്ഷക്കണക്കിന്‌ ആളുകള്‍ ഇപ്പോള്‍ നിരാശരാണ്‌. നല്ല പല സ്ഥാനാര്‍ഥികളും തോറ്റുപോയി. ആചാരങ്ങള്‍ക്ക്‌ വീഴ്‌ചവരാതെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. പക്ഷേ, സര്‍ക്കാരിന്‌ കോടതിവിധി അനുസരിച്ചേ പറ്റൂ. പിണറായിക്ക്‌ പിണറായിയുടേതായ സ്വഭാവമുണ്ട്‌.

പിണറായി വന്നതിനുശേഷം സര്‍ക്കാര്‍തലത്തില്‍ അഴിമതി ഇല്ലാതായി എന്നത്‌ വലിയ നേട്ടമാണ്‌. ശബരിമല വിഷയത്തില്‍ ആത്മാര്‍ഥമായ നിലപാടാണ്‌ ആദ്യംമുതല്‍ എന്‍.എസ്‌.എസ്‌. എടുത്തത്‌. ശബരിമല വിധിയില്‍ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നു.

മോദിയുടെ രണ്ടാം വരവില്‍ ന്യൂനപക്ഷങ്ങള്‍ വലിയ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടിവരും. തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തിനു സീറ്റ്‌ ലഭിച്ചത്‌ ഡി.എം.കെ.യുടെ കൂടെ നിന്നിട്ടാണ്‌. മൂന്നുപേരുമായി പാര്‍ലമെന്റില്‍ ഇരുന്നിട്ടുള്ളയാളാണ്‌ താന്‍. വലിയ പ്രയാസമാണ്‌.

കുറഞ്ഞത്‌ പതിനഞ്ച്‌ ഇടത്‌ എം.പി.മാരെങ്കിലും പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടതായിരുന്നു. അതില്ലാതെ പോയത്‌ ഇന്ത്യക്കു മൊത്തം നഷ്ടമാണ്‌. മോദിയെ പ്രതിരോധിക്കാന്‍ ഇവിടെനിന്നു ജയിച്ചിട്ടുള്ള എത്ര എം.പി. മാരുണ്ടെന്നു പറയാന്‍ കഴിയില്ലആര്‍.ബാലകൃഷ്‌ണപിള്ള പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക