Image

രാജിക്കൊരുങ്ങി രാഹുല്‍, പിന്തിരിപ്പിക്കാന്‍ പ്രിയങ്കയും മന്‍മോഹനും, നിര്‍ണ്ണായക വര്‍ക്കിങ്‌ കമ്മറ്റി യോഗം തുടരുന്നു

Published on 25 May, 2019
രാജിക്കൊരുങ്ങി രാഹുല്‍, പിന്തിരിപ്പിക്കാന്‍ പ്രിയങ്കയും മന്‍മോഹനും, നിര്‍ണ്ണായക വര്‍ക്കിങ്‌ കമ്മറ്റി യോഗം തുടരുന്നു


തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എ ഐ സി സി പ്രവര്‍ത്ത സമിതി യോഗത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചു. എന്നാല്‍ രാഹുല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ മന്‍മോഹന്‍ സിംഗും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടുവെന്നാണ്‌ വിവരം. രാഹുലിന്‍റെ രാജി സന്നദ്ധത എഐസിസി പ്രവര്‍ത്തകസമിതി തള്ളാനാണ്‌ സാധ്യത.

എന്നാല്‍, പ്രവര്‍ത്തകസമിതി അത്‌ അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്‌. ഇപ്പോള്‍ രാജി വയ്‌ക്കുന്നത്‌ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക്‌ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട്‌ നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്റെ റിപോര്‍ട്ടുകള്‍ പുറത്തു വന്ന അന്നു തന്നെ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചിരുന്നു. അന്ന്‌ എഐസിസി പ്രവര്‍ത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക്‌ പോകരുതെന്ന്‌ രാഹുലിനോട്‌ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

അന്ന്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ സംസാരിക്കുന്ന പോഡിയത്തിന്‌ പുറത്ത്‌  ആശങ്ക നിറഞ്ഞ മുഖവുമായിപ്രിയങ്കാ ഗാന്ധിയും നില്‍ക്കുന്നത്‌ കാണാമായിരുന്നു.

അതേസമയം വിജയത്തിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചതിന്‌ കേരളത്തിലെ ജനങ്ങളോട്‌ രാഹുല്‍ നന്ദിയും പറഞ്ഞു. അമേഠിയിലെ തോല്‍വി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുല്‍ സ്‌നേഹത്തോടെ സ്‌മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന്‌ ആശംസിക്കുന്നതായും പറഞ്ഞു.

''കോണ്‍ഗ്രസിന്‌ വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി. നരേന്ദ്രമോദി അധികാരത്തില്‍ തുടരണമെന്ന്‌ ജനങ്ങള്‍ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന്‌ തന്നെ ജനവിധിയെക്കുറിച്ച്‌ വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത്‌ ആശയങ്ങളുടെ പോരാട്ടമാണ്‌, പ്രവര്‍ത്തകര്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്‌. ഭയപ്പെടരുത്‌, പോരാട്ടം അവസാനിക്കുന്നില്ല'' രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക