Image

കോൺഗ്രസ് ഓഫീസിനും എംബി രാജേഷിന്‍റെ വീടിനും നേരെ ആക്രമണം; പരസ്പരം പഴി ചാരി മുന്നണികൾ

Published on 25 May, 2019
കോൺഗ്രസ് ഓഫീസിനും എംബി രാജേഷിന്‍റെ വീടിനും നേരെ ആക്രമണം; പരസ്പരം പഴി ചാരി മുന്നണികൾ

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് ജയത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തിന് പുറകിൽ സിപിഎം ആണെന്നും പ്രവർത്തകരെ നിലക്ക് നിർത്തണമെന്നും ഡിസിസി പ്രസിഡന്‍റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു.  എംബി രാജേഷിന്‍റെ കൈല്യാട്ടെ വീടിന് നേരെ ഇന്നലെ അർദ്ധരാത്രിക്ക് ചിലർ പടക്കമെറിഞ്ഞു. സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

പുലർച്ചയോടെയാണ് പാലക്കാട് ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ഓഫീസിലെ ജനൽച്ചില്ലുകൾ ഏതാണ്ട് പൂർണമായി തകർന്നു. ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെട്ടു. ആസൂത്രിതമായ ആക്രമണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കോൺഗ്രസ് വിജയാഹ്ളാദത്തിന്‍റെ തുടർച്ചയെന്നോണമായിരുന്നു എം ബി രാജേഷിന്‍റെ വീടിന് നേരെയുണ്ടായ പ്രതിഷേധം. വീട്ടിലേക്ക് പടക്കം പൊട്ടിച്ചെറിച്ച പ്രവർത്തകർ, രാജേഷിന്‍റെ അച്ഛനുമമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തിയെന്നാണ് പരാതി. രാത്രി വൈകി സംഘർഷാവസ്ഥയുണ്ടായതോടെ, കൂടുതൽ പൊലീസെത്തി രംഗം ശാന്തമാക്കി. സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് എം ബി രാജേഷ് പറഞ്ഞു.

അതേസമയം രാജേഷിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. കൈല്യാട് ആഹ്ളാദപ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.   തുടർ സംഘർഷങ്ങളൊഴിവാക്കാൻ ഡിസിസി ഓഫീസ് പരിസരത്തും കൈല്യാടും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക