Image

മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുളള മന്ത്രി സുരേഷ് ഗോപി? കുമ്മനത്തിനും സാധ്യത

Published on 25 May, 2019
മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുളള മന്ത്രി സുരേഷ് ഗോപി? കുമ്മനത്തിനും സാധ്യത
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്തിട്ടും നരേന്ദ്രമോദിക്ക് കേരളത്തില്‍ നിന്ന് ഒരു എംപിയെ പോലും കൊടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. വോട്ട് ഉയര്‍ത്തിയെന്ന എല്ലാ തവണത്തേയും ന്യായം അമിത് ഷായ്ക്ക് മുന്നില്‍ ഇക്കുറി ശ്രീധരന്‍ പിളളയ്ക്കും സംഘത്തിനും അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.  എംപിമാരെയൊന്നും കിട്ടിയില്ലെങ്കിലും രണ്ടാം മോദി സര്‍ക്കാരില്‍ ഒരു കേന്ദ്രമന്ത്രിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. നിലവില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് മൂന്ന് രാജ്യസഭാ എംപിമാരാണ് ഉളളത്. സുരേഷ് ഗോപിയും വി മുരളീധരനും അല്‍ഫോണ്‍സ് കണ്ണന്താനവും. അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇക്കുറി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മോദി ഒഴിവാക്കാനാണ് സാധ്യത.
പകരം സുരേഷ് ഗോപിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ മത്സരിച്ച് ജയിക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ട് വലിയ തോതില്‍ ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ മോദിയുടെ ഗുഡ്ബുക്കില്‍ ഇടംപിടിച്ച ആള്‍ കൂടിയാണ് സുരേഷ് ഗോപി. നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് എംപിമാരില്‍ ഒരാളാണ് സുരേഷ് ഗോപി. എന്നാല്‍ രാഷ്ട്രപതി നേരിട്ട് നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാ എംപിമാര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ ചട്ടം അനുവദിക്കുന്നില്ല. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകണം എങ്കില്‍ മന്ത്രിസഭയില്‍ എത്തിയ ശേഷം ആറ് മാസത്തിനകം രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റ കുമ്മനം രാജശേഖരനേയും മോദി മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ കുമ്മനവും ആറ് മാസത്തിനകം എംപിയായി തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക