Image

ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ ചെയര്‍മാനെ പുറത്താക്കിയ നടപടി ജനാധിപത്യവിരുദ്ധം : നവയുഗം

Published on 25 May, 2019
ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍  ചെയര്‍മാനെ പുറത്താക്കിയ  നടപടി ജനാധിപത്യവിരുദ്ധം : നവയുഗം
ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ സുനില്‍ മുഹമ്മദിനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധവും, സ്‌ക്കൂളിന്റെ അക്കാദമിക താത്പര്യങ്ങള്‍ക്ക് എതിരുമാണെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. സ്‌ക്കൂളിലെ വിദ്യാര്‍ഥികളിലും അദ്ധ്യാപകരിലും അറുപത് ശതമാനത്തില്‍ ഏറെയുള്ള മലയാളി സമൂഹത്തിനെ അപമാനിയ്ക്കുന്നതിന് തുല്യമാണ് ഈ അന്യായ നടപടിയെന്ന് നവയുഗം കുറ്റപ്പെടുത്തി.

സ്‌ക്കൂളിലെ എയര്‍ കണ്ടീഷന്‍ മെയിന്റനന്‍സ് നടത്താന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി പുതിയൊരു കമ്പനിയ്ക്ക് കൊണ്ട്രാക്റ്റ് കൊടുത്തതിന്, ഹയര്‍ ബോര്‍ഡിന്റെ അനുമതി വാങ്ങിയില്ല എന്ന ന്യായം പറഞ്ഞാണ് ചെയര്‍മാനെതിരെ അച്ചടക്കനടപടി എടുത്തിരിയ്ക്കുന്നത്. വളരെ ദുര്‍ബലമായ ആരോപണമാണിത്. സ്‌ക്കൂള്‍ തുടങ്ങിയ കാലം മുതല്‍ എന്നും പരാതി നേരിടുന്ന ഒരു വിഭാഗമാണ് എ.സി മെയിന്റനന്‍സ്. നിലവിലെ കൊണ്‍ട്രാക്ടാര്‍ കമ്പിനിയുടെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. അദ്ധ്യാപകരില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നും, രക്ഷാകര്‍ത്തൃസമൂഹത്തില്‍ നിന്നും ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടും മുന്‍കമ്മിറ്റികള്‍ യഥാസമയം നടപടി എടുത്തിരുന്നില്ല. അതിനു ഒരു ശാശ്വത പരിഹാരം എന്ന് നിലയില്‍ കോണ്ട്രക്റ്റര്‍ മാറ്റാനുള്ള തീരുമാനം സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ഒന്നടങ്കം എടുക്കുകയും, അതു വഴി ഹയര്‍ ബോഡിന്നു ക്വട്ടേഷന്‍ അയച്ചെങ്കിലും മുറുപടി കിട്ടിയില്ല. മാര്‍ച്ചില്‍ സ്‌കുള്‍ തുറന്നിട്ടും, കുട്ടികള്‍ എ.സിയില്ലാതെ ചൂടില്‍ കഷ്ടപ്പെട്ടിട്ടും, മറുപടി ഇല്ലാതിരുന്നതിനാല്‍, സ്‌കൂള്‍ കമ്മിറ്റി ഏറ്റവും കുറഞ്ഞ കൊട്ടേഷന്‍ അപ്പ്രൂവ് ചെയ്യുകയായിരുന്നു. ഏറ്റവും സുതാര്യവും സ്‌ക്കൂളിന്റെ നേട്ടത്തിനും വേണ്ടി എടുത്ത ആ തീരുമാനത്തിന്റെ പേരില്‍ ആണ് ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടായിരിയ്ക്കുന്നത്.

കഴിഞ്ഞ വര്ഷം ഏറ്റവും വലിയ ഭൂരിപക്ഷം നേടി മാനെജ്‌മെന്റ് കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ തന്നെ സുനില്‍ മുഹമ്മദ്, സ്‌ക്കൂളിനെ കൈപ്പിടിയില്‍ ഒതുക്കി നിര്‍ത്തിയിരുന്ന ഉത്തരെണ്ട്യന്‍ ലോബികളുടെ കണ്ണിലെ കരടായിരുന്നു. സ്‌ക്കൂളിന്റെ വികസനത്തിനും, വളര്‍ച്ചയ്ക്കും ഉതകുന്ന സുനിലിന്റെ പ്രവര്‍ത്തനങ്ങള്‍, പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. അതിനെയൊക്കെ പരിണിതഫലമാണ് കാലാവധി തീരാന്‍ രണ്ടാഴ്ച മാത്രമുള്ള സമയത്ത് സുനിലിനു നേരെ ഉണ്ടായ ഈ അച്ചടക്ക നടപടി. സ്‌ക്കൂളിനു പുതിയ കെട്ടിടം ഉണ്ടാക്കുന്നതിന്റെ പേരിലും മറ്റും കഴിഞ്ഞ മാനെജ്‌മെന്റ് കമ്മിറ്റികള്‍ നടത്തിയ അഴിമതികള്‍ സ്‌ക്കൂളിനു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയപ്പോള്‍ ഒരു നടപടിയും എടുക്കാതെ കണ്ണടച്ച് ഇരുന്ന ഹയര്‍ ബോര്‍ഡ്, ഇപ്പോള്‍ യാതൊരു അഴിമതിയും ഇല്ലാതെ സുതാര്യവും, പരസ്യവുമായി നടത്തിയ ഒരു നടപടിയുടെ പുറത്ത് അച്ചടക്കത്തിന്റെ വാളെടുക്കുന്നതിനു പിന്നിലെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്.

മാനെജ്‌മെന്റ് ഒരുമിച്ച് എടുത്ത ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ പേരില്‍ ഹയര്‍ ബോര്‍ഡിനെ ഉപയോഗിച്ച് ചെയര്‍മാനെ ആക്രമിയ്ക്കാന്‍ ചില താത്പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിയ്‌ക്കെണ്ടത് സ്‌ക്കൂളിനെ സ്‌നേഹിയ്ക്കുന്നവരുടെ ഉത്തരവാദിത്വം ആണ്.
സമാനമനസ്‌കരായ മലയാളി പ്രവാസി സംഘടനകള്‍ക്കും, രക്ഷാകര്‍ത്തൃസമൂഹത്തിനും ഒപ്പം ഈ അനീതിയെക്കെതിരെ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക