Image

മക്കളെ സ്ഥാനാര്‍ഥികളാക്കിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം

Published on 26 May, 2019
മക്കളെ സ്ഥാനാര്‍ഥികളാക്കിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലിന്റെ രൂക്ഷവിമര്‍ശനം


ന്യൂദല്‍ഹി: സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്‌.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍ നാഥ്‌, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി. ചിദംബരം തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പേരെടുത്തുപറയാതെയുള്ള വിമര്‍ശനമെന്ന്‌ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ്‌ ജോധ്‌പുരില്‍ നിന്നു മത്സരിച്ച്‌ പരാജയപ്പെട്ടത്‌ 2.7 ലക്ഷം വോട്ടിനാണ്‌.

ബി.ജെ.പിയുടെ ഗജേന്ദ്ര സിങ്‌ ഷെഖാവത്താണ്‌ വൈഭവിനെ പരാജയപ്പെടുത്തിയത്‌. എന്നാല്‍ കമല്‍ നാഥിന്റെ സ്ഥിരം സീറ്റായ ഛിന്ദ്വാഡയില്‍ നിന്നു മത്സരിച്ച മകന്‍ നകുല്‍ നാഥും, തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നു മത്സരിച്ച ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും വിജയിച്ചിരുന്നു.


പാര്‍ട്ടിയിലെ പ്രാദേശികനേതൃത്വം ശക്തിപ്പെടുത്തണമെന്ന്‌ രാഹുലിന്റെ വിശ്വസ്‌തന്‍ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശമാണു രാഹുലിനെക്കൊണ്ട്‌ ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സിന്ധ്യ പരാജയപ്പെട്ടിരുന്നു. സിന്ധ്യയും കമല്‍ നാഥും തമ്മില്‍ ഏറെനാളായി അസ്വാരസ്യത്തിലാണ്‌.

മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി ഇരുവരും നിലയുറപ്പിച്ചപ്പോള്‍ കമല്‍ നാഥിനെ ആ സ്ഥാനത്തേക്കു പരിഗണിച്ചതും സിന്ധ്യയെ ദേശീയരാഷ്ട്രീയത്തിലേക്കു സ്ഥിരമായി മാറ്റാന്‍ തീരുമാനിച്ചതും രാഹുലായിരുന്നു. മാത്രമല്ല, കമല്‍ നാഥിന്റെ മകന്‍ സ്ഥാനാര്‍ഥിയായതില്‍ പാര്‍ട്ടിയിലെ പ്രാദേശികനേതൃത്വത്തിനു കടുത്ത അതൃപ്‌തിയുമുണ്ടായിരുന്നു.

നാലുമണിക്കൂര്‍ നീണ്ട യോഗത്തില്‍ രാഹുലിന്റെ രാജിയും തോല്‍വിയുടെ കാരണങ്ങളും ചര്‍ച്ചയായതിനു പിറകേ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളും മറനീക്കി പുറത്തുവന്നതായി കോണ്‍ഗ്രസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്‌ഠേന തള്ളിയതാണെന്നു വ്യക്തമാക്കി പാര്‍ട്ടി വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല നേരത്തെ പറഞ്ഞിരുന്നു. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നു രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ നേതൃത്വം കോണ്‍ഗ്രസിന്‌ ആവശ്യമാണെന്നുമായിരുന്നു സുര്‍ജേവാല പറഞ്ഞത്‌.

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താന്‍ സമിതി രാഹുലിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക