Image

ശ്രീലങ്കന്‍ ഭീകരര്‍ തീരത്തേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 26 May, 2019
 ശ്രീലങ്കന്‍ ഭീകരര്‍ തീരത്തേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ശ്രീലങ്കയില്‍ നിന്നും പതിനഞ്ച് ഐഎസ് ഭീകരര്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നതായി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപത്തുളള മിനിക്കോയ് ദ്വീപിലേക്ക് ഭീകരര്‍ നീങ്ങുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഒരു വെളുത്ത ബോട്ടിലാണ് ഭീകരരുടെ സഞ്ചാരമെന്നാണ് റിപ്പോര്‍ട്ട്. 

ഭീകരരുടെ വരവ് സംബന്ധിച്ച വിവരം ലഭിച്ചതോടെ സംസ്ഥാനവും അതീവ ജാഗ്രതയിലാണ്. കേരളത്തിലെ തീരമേഖലയില്‍ കോസ്റ്റ് ഗാര്‍ഡും പോലീസും സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ടോ ആളുകളെയോ കണ്ടാല്‍ വിവരം ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം എന്ന് മത്സ്യത്തൊഴിലാളികള്‍ക്കും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ 72 പോലീസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ എഡിജിപി ടോമിന്‍ തച്ചങ്കരി ജാഗ്രതാ നിര്‍ദേശം കൈമാറിയിട്ടുണ്ട്.  ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചതായി ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു.

ഭീകര പരിശീലനം നടത്തുന്നതിനാണോ ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് വ്യക്തമല്ല. കേരളത്തില്‍ കൊച്ചി അടക്കമുളള സ്ഥലങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ക്ക് പദ്ധതിയുളളതായി നേരത്തെ വിവരം പുറത്ത് വന്നിരുന്നു. നിലവില്‍ മിനിക്കോയിയിലേക്ക് നീങ്ങുന്ന ഭീകരര്‍ കേരളത്തിലേക്ക് കടക്കാതിരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തീരദേശത്ത് കര്‍ശനന പരിശോധന നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക