Image

2019 പറഞ്ഞുവെക്കുന്നത് നെഹ്റു കുടുംബ വാഴ്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് കൂടിയാണ്

കലാകൃഷ്ണന്‍ Published on 26 May, 2019
2019 പറഞ്ഞുവെക്കുന്നത് നെഹ്റു കുടുംബ വാഴ്ചയ്ക്ക്  ഇനി പ്രസക്തിയില്ലെന്ന് കൂടിയാണ്

നെഹ്റു കുടുംബത്തിലെ ഒരു ഇരുപതുകാരന്‍ നാളെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും അവന്‍ ഒരു സുപ്രഭാതം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തെ പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള നൂറു കണക്കിന് നേതാക്കളുടെ നേതാവായി മാറും. അങ്ങനെയാണ് രാജീവ് ഗാന്ധി നേതാവായത്. സോണിയ ഗാന്ധി നേതാവായത്. രാഹുലും നേതാവായത്. ഇപ്പോള്‍ പ്രീയങ്കയും നേതാവായത്. 
സ്വതന്ത്ര്യ ഇന്ത്യയെ പടുത്തുയര്‍ത്തിയതില്‍ ജവഹര്‍ലാല്‍ നെഹ്റു എന്ന കമിറ്റഡ് പൊളിറ്റീഷ്യന്‍റെ ദീര്‍ഘ വീക്ഷണങ്ങളോളും പ്രസക്തമായി മറ്റൊന്നുമില്ല. ഇന്ദിരാഗാന്ധിയും ഉരുക്കു വനിതയായി പ്രധാനമന്ത്രിയായി ഇന്ത്യയെ നയിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കുടുംബ വാഴ്ചയില്‍ അഭിരമിക്കുക മാത്രമായിരുന്നു കോണ്‍ഗ്രസും നെഹ്റു കുടുംബവും. നെഹ്റു കുടുംബത്തെ മാതൃകയാക്കി സംസ്ഥാനങ്ങളില്‍ ചെറു കുടുംബങ്ങള്‍ വാഴ്ചയുറപ്പിച്ചു. രാജ്യത്തെ നിരവധി പ്രാദേശിക കക്ഷികള്‍ക്ക് മക്കള്‍ വാഴ്ചയില്‍ അഭിരമിക്കാന്‍ നെഹ്റു കുടുംബ വാഴ്ച മാതൃകയായി. അവസാനം സ്മൃതി ഇറാനി എന്ന സാധാരണക്കാരി ആ കുടുംബ വാഴ്ചയെ അനിവാര്യമായ പതനത്തിലേക്ക് വലിച്ചെറിഞ്ഞു. 
നെഹ്റു കുടുംബവാഴ്ചയ്ക്ക് പകരം ഇന്ത്യ തേടിപിടിക്കുന്നത്. നരേന്ദ്രമോദിയെയും അമിത് ഷായെയുമൊക്കെയാണ്. അവര്‍ക്ക് രാഷ്ട്രീയത്തിന്‍റെ പാരമ്പര്യം പൈതൃകമല്ല. ബൂത്ത് കമ്മറ്റിയില്‍ തൊട്ട് പ്രവര്‍ത്തിച്ച് പടിപടിയായി മേലേക്ക് ഉയര്‍ന്നവരാണ് ബിജെപിയുടെ ചുക്കാന്‍ പിടിക്കുന്നത്. അതൊരു സന്ദേശം കൂടിയാണ്. സാധാരണക്കാരില്‍ സാധാരണക്കാരന്, ചായവില്‍പ്പനക്കാരന് ബിജെപിയില്‍ വളരാം, പ്രധാനമന്ത്രി വരെയാകാം. പക്ഷെ കോണ്‍ഗ്രസില്‍.... 
രാഹുല്‍ ഗാന്ധി ഒരു തികഞ്ഞ പരാജയം മാത്രമാണെന്നതിന് ഇനി ഉദാഹരണങ്ങള്‍ വേണ്ട. തല്‍ക്കാലം രാഹുലിനെക്കൊണ്ട് അധ്യക്ഷ പദവി ആരും രാജിവെപ്പിക്കാന്‍ പോകുന്നില്ല. എന്നാല്‍ പതിയെ പതിയെ ബാക്കിയുള്ള സംസ്ഥാനങ്ങള്‍ കൂടി കൈവിട്ടു പോകുമ്പോള്‍ രാഹുലിന്‍റെ അധ്യക്ഷ പദവി മാറ്റി പ്രതിഷ്ഠിക്കാന്‍ നെഹ്റു കുടുംബം തയാറാകേണ്ടി വരും. പകരം എത്താന്‍ ഇനി ബാക്കിയുള്ളത് പ്രീയങ്കയാണ്. ്
പ്രാദേശിക സഖ്യമൊന്നും വേണ്ട എല്ലാം പ്രീയങ്കയുടെ കൈയ്യില്‍ ഭദ്രമാകും എന്ന മണ്ടന്‍ ആശയമാണ് 2019 ലോക്സഭയില്‍ പ്രീയങ്കയെ പ്രചരണത്തിന് ഇറക്കാന്‍ കാരണം. ഇന്നേവരെ സാധാരണക്കാരുടെ ഇന്ത്യയെ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത ആഡംബര ബംഗ്ലാവില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലാത്ത കോടികള്‍ വിലയുള്ള കാറില്‍ മാത്രം സഞ്ചരിച്ചിട്ടുള്ള, അതിസമ്പന്ന വിദേശ രാജ്യങ്ങള്‍ ടൂറ് പോകുന്ന ഒരു അരാഷ്ട്രീയ വനിത രാഷ്ട്രീയകളരിയിലെത്തി എന്തെങ്കിലും കോമാളിത്തരം കാണിച്ചാല്‍ കണ്ണുചിമ്മി ജനം വോട്ട് ചെയ്യുന്ന കാലമൊക്കെ പോയി. അമേഠിയില്‍ സ്വന്തം സഹോദരനെ ജയിപ്പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല. പ്രീയങ്കയും രാഹുലിനെ പോലെ ഒരു പരാജയം മാത്രമാണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമായി കഴിഞ്ഞു. 
അമേഠിയില്‍ വന്നിറങ്ങിയപ്പോള്‍ സ്മൃതി ഇറാനിയെക്കുറിച്ച് പ്രീയങ്കയോട് പ്രതപ്രവര്‍ത്തകര്‍ ചോദിച്ചു. സ്മൃതി കോന്‍? (സ്മൃതിയോ ആര് ?) എന്നായിരുന്നു പ്രീയങ്കയുടെ തിരിച്ചുള്ള ചോദ്യം.  അത്രത്തോളം അഹന്ത നിറഞ്ഞ ദുരഭിമാനബോധവുമായിട്ടാണ് സഹോദരനെ ജയിപ്പിക്കാന്‍ പ്രീയങ്കയെത്തിയത്. അവസാനം സ്മൃതി ആരെന്ന് പ്രീയങ്കയും വീട്ടുകാരും ശരിക്കും അറിഞ്ഞു. 
ഇനി കോണ്‍ഗ്രസില്‍ ബാക്കിയുള്ളത് ഒരു കലാപക്കൊടിയുടെ ഉദയമാണ്. അത് എപ്പോള്‍ എങ്ങനെ എന്ന് മാത്രമേ അറിയേണ്ടതുള്ളു.  കുടുംബ വാഴ്ചയുടെ തുടര്‍ച്ച കോണ്‍ഗ്രസിന്‍റെ ബാക്കി  സംസ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെടുത്തുമ്പോള്‍ പ്രാദേശിക കക്ഷികളോടു പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ കോണ്‍ഗ്രസില്‍  സ്വാഭാവികമായും കലപാക്കൊടി ഉയരും. അതിനു പണിയെടുക്കാന്‍ മടിയുള്ള മിടുക്കന്‍മാര്‍ ആദ്യമെ തന്നെ ബിജെപിയില്‍ ചേരും. അധികാരമില്ലെങ്കില്‍ പിരിഞ്ഞു പോകുന്ന ആള്‍ക്കൂട്ടം മാത്രമാണ് കോണ്‍ഗ്രസ് എന്ന് വൈകാതെ എല്ലാവര്‍ക്കും ബോധ്യം വരും. 
അമേഠിയിലെ സ്ഥിതി തന്നെയെടുത്ത് നോക്കുക. പതിറ്റാണ്ടുകളായി നെഹ്റു കുടുംബം കൈവശം വെച്ച മണ്ഡലമാണത്. പക്ഷെ ഇപ്പോഴും അവിടെ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. റോഡുകളില്ല. നല്ല ആശുപത്രികളില്ല. മൊത്തം ലോക്സഭാ മണ്ഡലത്തിലെവിടെയും ഒരു തീയറ്റര്‍ പോലുമില്ല. ശുദ്ധ ജലം മിക്കയിടത്തും ലഭ്യമല്ല. ബഹുഭൂരിപക്ഷവും തൊഴിലില്ലായ്മയും ദാരിദ്രവും അനുഭവിക്കുന്നു. 
രാഹുല്‍ മോദിയെ കുറ്റം പറയുന്നത് നിര്‍ത്തിയിട്ട് ഒരിക്കലെങ്കിലും താന്‍ ഒരു മണ്ഡലത്തിലെ എം.പിയാണെന്നും ഏതെങ്കിലും ഒരു സഹായ പാക്കേജ് തന്‍റെ മണ്ഡലത്തിലേക്ക് അവതരിപ്പിക്കാമെന്നും ചിന്തിച്ചിരുന്നുവെങ്കില്‍.... അതുണ്ടായില്ല. പകരം ജയിച്ച ശേഷം മണ്ഡലത്തിലേക്ക് അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തിരിച്ചു കയറിയില്ല. 
അപ്സെറ്റായാല്‍ ഉടന്‍ വിദേശത്തേക്ക് രഹസ്യ ടൂര്‍ നടത്തുന്ന രാഹുല്‍ ഒരിക്കല്‍ പോലും സ്വന്തം മണ്ഡലത്തിലേക്ക് കാലെടുത്ത് കുത്തിയില്ല. അവസാനം ജനം കഴുത്തിന് പിടിച്ച് പുറത്തു തള്ളി. കാലം കരുതിവെച്ച വിധിയാണിത്. ചരിത്രം കണക്കു തീര്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. 
നെഹ്റു കുടുംബത്തിന് പുറത്തേക്ക് ചിന്തിക്കുക എന്നത് മാത്രമാണ് ഇനി കോണ്‍ഗ്രസ് മുമ്പിലുള്ള പോംവഴി. എന്നാല്‍ ആ സാധ്യതയെ നല്ലൊരു രണ്ടാം നിരയെ വളര്‍ത്താതെ അടച്ചു കളഞ്ഞിരുന്നു കോണ്‍ഗ്രസ്. എന്നാലും ഇനിയും സമയമുണ്ട്. പക്ഷെ തിരിച്ചറിവുണ്ടാകണം എന്ന് മാത്രം. 
ആന്ധ്രയില്‍ രാജശേഖര റെഡ്ഡി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മകനെ ഒതുക്കാന്‍ ശ്രമിച്ചത് സോണിയ ഗാന്ധിയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഭാര്യയെയും മകളെയും വീട്ടില്‍ വിളിച്ച് അപമാനിച്ചിട്ടുണ്ട് സോണിയ. എന്നിട്ടിപ്പോള്‍ എന്തായി. ആന്ധ്രയെ ജഗന്‍മോഹന്‍ നിസാരമായി കൈപ്പിടിയില്‍ ഒതുക്കിയത് കണ്ടില്ലേ. സോണിയയുടെ മക്കളേക്കാള്‍ രാഷ്ട്രീയ ബോധമുണ്ട്, കഴിവും കാര്യപ്രാപ്തിയും ഏറെയുണ്ട് ജഗന്‍മോഹന്. അയാള്‍ നേടുക തന്നെ ചെയ്തു. അത്തരമൊരു നേതൃനിരയെ ഇനി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. നെഹ്റു കുടുംബം വഴിമാറിക്കൊടുക്കേണ്ട കാലം എത്തിയിരിക്കുന്നു. 
Join WhatsApp News
Boby Varghese 2019-05-26 16:08:28
It was Indira Gandhi who destroyed the Indian National Congress. For her personal sake,she suspended the constitution, dismissed all the senior leaders of the party and ruled the country with the help of some socialists. The damage she did to the party is irreversible.
benoy 2019-05-26 22:22:12
അവസാനം കാലകൃഷ്ണനും ബുദ്ധിയുദിച്ചു.
GOP 2019-05-27 08:47:44
It is going to be Trump who will destroy  Republican party
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക