Image

ഇത് കവിതാ മോഷണത്തിന്റെ കാലമാണ് (കാകദൃഷ്ടി-ഗണേഷ്)

Published on 26 May, 2019
ഇത് കവിതാ മോഷണത്തിന്റെ കാലമാണ് (കാകദൃഷ്ടി-ഗണേഷ്)
മറിയയുടെ വരികള്‍ ഫര്‍ഹാന്‍ നിയ്യയുടെയും സുഗിത് ചെമ്പകശ്ശേരിയുടെയും (Sugith Chembakassery ) മഹേഷ് മുണ്ടേരിയുടെയും ( Mahesh Munderi Mahesh Munderi) കവിതകളായി മാറുന്ന ' മാജിക്കല്‍ റിയലിസം ' / മഴ ( ജ്യോതി സന്തോഷ് ) / ഞാനും നീയും ( പ്രസാദ് സി വിജയന്‍) / പ്രണയം (പ്രകാശന്‍ പോത്തുണ്ടി )

മറിയയുടെ വരികള്‍ ഫര്‍ഹാന്‍ നിയ്യയുടെയും സുഗിത് ചെമ്പകശ്ശേരിയുടെയും ( Sugith Chembakassery ) മഹേഷ് മുണ്ടേരിയുടെയും ( Mahesh Munderi Mahesh Munderi ) കവിതയായി മാറുന്ന ' മാജിക്കല്‍ റിയലിസം

സോഷ്യല്‍ മീഡിയയില്‍ ' ദീപയടി ' എന്ന് പറഞ്ഞാല്‍ കാര്യം വേഗം പിടികിട്ടും. അത് തന്നെയാണ് ഇവിടെയും.. മറിയ കോലടിയുടെ കവിത ഫര്‍ഹാന്‍ നിയ്യയുടെയും സുഗിത് ചെമ്പകശ്ശേരിയുടെയും ( Sugith Chembakassery ) മഹേഷ് മുണ്ടേരിയുടെയും ( Mahesh Munderi Mahesh Munderi ) കവിതകളായി മാറുന്ന ' മാജിക്കല്‍ റിയലിസം ' ഒപ്പം ടാഗോറിന്റെ വരികളും തന്റെ കവിതയില്‍ ഫര്‍ഹാന്‍ തിരുകികയറ്റിയിട്ടുണ്ട്. മറിയയുടെ കവിത ഇതാണ്

'എനിക്കുറപ്പുണ്ട്
പാരിജാത ഗന്ധമുള്ള രാത്രികളില്‍ നീയെന്നെ തിരയുമെന്ന് ..
നക്ഷത്രങ്ങള്‍ കണ്ണുചിമ്മിചിരിക്കുന്ന രാവുകളില്‍ എന്റെ സാമീപ്യം നീ കൊതിക്കുമെന്ന് ..
ഇലഞ്ഞി പൂക്കുന്ന മണം നിന്നെ ഉന്മത്തനാക്കുമെന്ന് ..
പ്രണയം തുടുത്തു ചുവന്ന രാത്രികളുടെ ഓര്‍മ്മകള്‍ നിന്നെ ഭ്രാന്തനാക്കുമെന്ന് ...
എന്നെക്കുറിച്ചുള്ള ഓര്‍മകളോരോന്നും നിന്നെ ലഹരിപിടിപ്പിക്കുമെന്ന്...
ഈ കണ്ണുകളില്‍ നിനക്കുവേണ്ടി ഞാന്‍ നക്ഷത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് ..
നിന്നില്‍ പടരാന്‍ നുണക്കുഴികളില്‍
ഒരു നിലാവിനെയും ..
പകലിന്റെ അവസാന വിനാഴികയും കടന്നു പോയ്...
രാവുകളിലേക്കു കടന്നു വരട്ടെ ഞാന്‍..? '

താഴെ ഫര്‍ഹാന്‍ നിയ്യയുടെ കവിത

ഒരുവളെ ആത്മാര്‍ത്ഥമായ് ഇഷ്ട്ടപെടുകയെന്നാല്‍
അവളെ സ്‌നേഹിക്കുകയെന്നാല്‍
അവളെ പ്രണയിക്കുകയെന്നാലത്
ആയുസ്സ് തീരും വരെയുണ്ടാകും ..

അതിനാല്‍ എനിക്കുറപ്പുണ്ട് സഖി ,
പാരിജാതഗന്ധമുള്ള രാത്രികളില്‍
നീയെന്നെ തിരയുമെന്ന് ..
നക്ഷത്രങ്ങള്‍ കണ്ണുചിമ്മി ചിരിക്കുന്ന രാവുകളില്‍ എന്റെ സാമീപ്യം നീ കൊതിക്കുമെന്ന് ..

പ്രണയം തുടുത്തു ചുവന്ന രാത്രികളുടെ ഓര്‍മ്മകള്‍ നിന്നെ ഭ്രാന്തിയാക്കുമെന്ന് ..
എന്നെക്കുറിച്ചുള്ള ഓര്‍മകളോരോന്നും
നിന്നെ ലഹരിപിടിപ്പിക്കുമെന്ന് ..

ഇലഞ്ഞി പൂക്കുന്ന മണം നിന്നെ ഉന്മാദിനിയാക്കുമെന്ന് .
നനുത്ത മഞ്ഞില്‍ നിന്‍ പാദ മുറപ്പിക്കുമ്പോള്‍ എന്‍ സാനിദ്ധ്യം നീ തേടുമെന്ന് ..
വാകമര പൂക്കള്‍ നിന്‍ മേല്‍ കൊഴിഞ്ഞു വീഴുമ്പോള്‍
നിന്‍ മിഴികള്‍ നനയുമെന്ന് ..

എന്തെന്നാല്‍ നീയെന്റെ സ്വപ്നമാണ് ..
എന്തെന്നാല്‍ നീയെന്റെ ഇഷ്ട്ടമാണ് ..
എന്തെന്നാല്‍ നീയെന്റെ സ്‌നേഹമാണ് ..
എന്തെന്നാല്‍ നീയെന്റെ പ്രണയിനിയുമാണ് ..

എന്നിലെ സ്വപ്നവും , ഇഷ്ട്ടവും , സ്‌നേഹവും ,
പ്രണയവുമെല്ലാം ,
കടല്‍തീരത്ത് വന്നടിയുന്ന ചിപ്പികളെ പോലെയാണ് ..
എത്ര കാതം അകലെയാണെന്നാലും ,
എത്ര കാലം കഴിഞ്ഞുവെന്നാലും ,
നെഞ്ചിനുള്ളില്‍ എന്നും ഒരു കടലിരമ്പമത്
കാത്ത് വെക്കും ..!

A flower cannot blossom without sunshine
And man cannot live without love ..
I seem to have loved you in numberless forms,
Numberless times , in life after life,
In age after age forever ..!

ഇതിലെ ഇംഗ്ലീഷ് ഭാഗത്തിലെ രണ്ടു വരികള്‍ മാക്‌സ് മുള്ളറുടെതും ബാക്കിയുള്ള മൂന്ന് വരികള്‍ മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റേതുമാണ്

A flower cannot blossom without sunshine
And man cannot live without love ..
( Love quote of Max Muller )

I seem to have loved you in numberless forms,
Numberless times , in life after life,
In age after age forever ..!
( Quote by Rabindranath Tagore )

courtesy some lines എന്ന് കവിതയുടെ അടിയില്‍ ഫര്‍ഹാന്‍ രേഖപ്പെടുത്തിയിട്ടുണ്ടെകിലും വരികള്‍ ആരുടേതാണെന്ന് എഴുതിയിട്ടില്ല. മറിയയുടെ പേര് പറഞ്ഞു കടപ്പാട് വെച്ചിട്ടില്ലെന്നുമാത്രമല്ല കവിതയെ മറ്റൊരു തരത്തില്‍ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം ടാഗോറിന്റെ വരികളും ചേര്‍ത്ത് കവിതയെ ഒന്ന് സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ട് . ഇങ്ങനെ തങ്ങളുടെ കവിതകള്‍ ഇയാളുടേതായി വിരിഞ്ഞു നില്‍ക്കുന്നുണ്ടോയെന്ന് കണ്ട് ഞെട്ടാന്‍ കവികളൊക്കെ ഫര്‍ഹാന്റെ ടൈം ലൈനിലൂടെ ഒന്ന് സഞ്ചരിക്കുന്നത് നന്നാവും. ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. ദീപയടി അനുസ്യൂതം തുടരുന്നൊരു കാലഘട്ടത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ആരുടെയൊക്കെ കവിതകള്‍ ആരുടെയൊക്കെ ആയി മാറുന്നു എന്ന് ആര്‍ക്കറിയാം ?

ഇതേ കവിത സുഗിത് ചെമ്പകശ്ശേരി ( Sugith Chembakassery ) ( കാവ്യതീര്‍ത്ഥം പെയ്‌തൊഴിയാതെ ) സ്വന്തം കവിത എന്ന രീതിയില്‍ എടുത്തുചേര്‍ക്കുകയും ( മാര്‍ച്ച് 5 ) അതിന് ധാരാളം ലൈക്കും അഭിപ്രായങ്ങളും കിട്ടുകയും ചെയ്തിട്ടുണ്ട്. ആ കവിതയ്ക്ക് അഭിപ്രായം രേഖപ്പെടുത്തിയ ഓരോരുത്തരോടും യാതൊരു ചമ്മലുമില്ലാതെ അയാള്‍ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ മഹേഷ് മുണ്ടേരിയും ( Mahesh Munderi Mahesh Munderi ) ഈ കവിത തന്റെ വാളില്‍ ഇട്ട് ( ഫെബ്രുവരി 8 ) സ്വന്തം കവിത എന്ന പോലെ കയ്യടി നേടുകയും ചെയ്യുന്നുണ്ട്.
------------------------------------------------------------
ചിന്ത

ലോകത്തിന്റെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യത്തെ പുറത്തുകൊണ്ടുവരികയാണ് കവിത ചെയ്യുന്നത്. പരിചിത വസ്തുക്കളെ അത് അപരിചിതമാക്കി കാണിക്കുന്നു

( ഷെല്ലി - Pearcy Bysshe Shelley - ഇംഗ്ലീഷ് കവി )
-------------------------------------------------------------
മഴ

( ജ്യോതി സന്തോഷ് )

ചില മൗനങ്ങളില്‍
മഴയുടെ നാദമുണ്ട്.
പെയ്യുവാന്‍ കൊതിച്ചു
നില്‍ക്കുന്ന വെമ്പലുണ്ട്,
മൗനംമുറിഞ്ഞാല്‍
ഭൂമി പിണങ്ങുമോയെന്ന
ഉത്ക്കണ്ഠയുണ്ട്,
ആ മൗനങ്ങളില്‍
പ്രിയമായി
പറയാതെ പോയ
ഇഷ്ടമുണ്ട്,
വെറുതെയെങ്കിലും
നേടാതെ പോയ
നൊമ്പരക്കൂടുകള്‍
ഒളിപ്പിച്ച മൗനമഴ.

( പറയാത്ത വാക്കുകള്‍ തന്നെയാണ് മധുരം. പ്രണയത്തിന്റെ കാര്യത്തിലാകുമ്പോള്‍ അത് ഏറെ മധുരതരം. പ്രണയമഴ എന്നൊരു സങ്കല്‍പ്പമുണ്ടല്ലോ. മൗനം, പ്രണയം, മഴ .... ഓര്‍ക്കാന്‍ സുഖമുള്ള ചില ഓര്‍മ്മകള്‍ ഇങ്ങനെയും ഉണ്ട്. ജ്യോതി സന്തോഷിന്റെ വരികള്‍ കൊള്ളാം )

----------------------------------------------------------------

ഞാനും നീയും

( പ്രസാദ് സി വിജയന്‍ )

അറിയില്ലയെന്‍ ബാല്യസഖാക്കളും
ഞാനുമീ കാലത്തിനൊപ്പം ചരിക്കവേ
ഓര്‍മ്മ കാണുമോ ? ആ കളിത്തട്ടുകള്‍
ഓടിത്തിമിര്‍ത്തൊരാ നാളുമീ എന്നെയും

നാടറിഞ്ഞും നാട്ടുപാതയിലൂടലഞ്ഞും
ചേറില്‍ കളിച്ചും വളര്‍ന്നൊരു തലമുറ
ഇന്നവര്‍ക്കു പിന്മുറക്കാരായിടുമീ നമു-
ക്കജ്ഞാതമാണാ സ്‌നേഹത്തിന്നിഴയടുപ്പം

അരയാല്‍ത്തറയിലും കലുങ്കിലും കിണര്‍-
വക്കത്തുമൊത്തുകൂടിയിരുന്നോരോ
നാട്ടുവിശേഷങ്ങള്‍ പറഞ്ഞു ചിരിച്ചൊരാ
കാലമിനിയൊരിക്കലും വരികയില്ലല്ലോ

സമാന്തരങ്ങളിലൂടെയലയുന്നു നമ്മളീ
ഭൂഗോളത്തിലെവിടെയൊക്കെയോ
പുതുകാലമേകിയൊരീ വഴിയിലൂടെ-
ത്തുടരാം നമുക്കെന്നുമാ സൗഹൃദം

( കഴിഞ്ഞ കാലത്തിന്റെ കമനീയതയില്‍ വെച്ച് നാം ഒരു സ്‌നേഹത്തെ തൊട്ടറിഞ്ഞിരുന്നു. ഓര്‍മകളില്‍ പൊലിയാതെ നില്‍ക്കുന്നൊരു നനുത്ത സ്പര്‍ശമാണത്. ഗ്രാമ്യസംസ്‌കൃതിയുടെ ഇഴയടുപ്പം നല്‍കുന്ന സ്‌നേഹത്തിന്റെ സുതാര്യമായൊരു അനുഭവം. ഒരുപക്ഷെ പുതിയ തലമുറയ്ക്ക് അന്യമായ ഭാവം. നാഗരികതയുടെ തിരയേറ്റത്തില്‍ സംഭവിച്ച ആധുനികതയില്‍ ആ ജൈവസംസ്‌കൃതി മൃതപ്രായമായി മാറി എന്ന് പറയുന്നതാവും ശരി. നാട്ടു വിശേഷത്തിന്റെ ചമല്‍ക്കാരങ്ങള്‍ എവിടെയോ വെച്ച് നമ്മില്‍ മറവി തീര്‍ത്തിരിക്കുന്നു. ഒരു കവിതയുടെ നിയതമായ തലങ്ങള്‍ നല്‍കുന്നില്ലെങ്കിലും പഴയകാല ഓര്‍മകളിലേക്കുള്ള ചില അയനങ്ങള്‍ പ്രസാദിന്റെ വരികള്‍ നമ്മെ ഗാഢമായി ഓര്‍മിപ്പിക്കുന്നു.)

--------------------------------------------------------------------

പ്രണയം
(പ്രകാശന്‍ പോത്തുണ്ടി )

പ്രണയം
ഇളം വെയിലായ്
വിരല്‍ത്തുമ്പില്‍ തൊടും

നട്ടുച്ചയായി
വിയര്‍ത്തു കുളിക്കും

പോക്കുവെയിലായ്
നൊമ്പരപ്പെടുത്തും

ഇതിനെക്കാള്‍ മനോഹരമായി പ്രണയത്തെ കുറിച്ച് എന്തെഴുതാന്‍ ! എന്തൊരു മനോഹാരിതയാണ് ഈ വരികള്‍ക്ക്. കാലത്തിലേക്ക് പകര്‍ന്നാടുന്ന പ്രണയത്തിന്റെ ആത്മീയ ചോദന... സരളവും സംഗീതാത്മകവുമാണ് പ്രണയം. ഇളം വെയിലിന്റെ സൗമ്യ സ്പര്‍ശം നാം പ്രണയത്തിലൂടെ തിരിച്ചറിയുന്നു. ..... ഒരു സുന്ദരവസ്തു എന്നെന്നും ആനന്ദകാരിയാണ് എന്ന് ' എന്‍ഡിമീയണി' ലും സൗന്ദര്യം സത്യവും സത്യം സൗന്ദര്യവുമാണ് എന്ന് ' ഓഡു റ്റു ദി ഗ്രീഷ്യന്‍ ഏണി' ലും ജോണ്‍ കീറ്റ്‌സ് പാടിയത് പ്രണയമെന്ന സൗന്ദര്യത്തെ കുറിച്ചല്ലാതെ മറ്റെന്താണ് ? പ്രണയം ഒരു ഒഴുക്കാണ്, ഇളം വെയിലിന്റെ ആര്‍ദ്രതയും പേറി... പിന്നെ ഉഷ്ണരാശിയുടെ പിരിമുറുക്കവും നട്ടുച്ചയും.. ഒടുവില്‍ പോക്കുവെയിലിന്റെ നൊമ്പരമായി ഒരു വേര്‍പാടിന്റെ യാത്രാ മുഖം .....പ്രണയത്തെ പ്രണയമായി കാണുമ്പോള്‍ വെറുതെ ചോദിക്കാന്‍ തോന്നുന്നു - നിന്റെ ഉണ്മകളില്‍ ആരാണ് ഇത്രയധികം സൗന്ദര്യം കോരിനിറച്ചത് ? ഏഴ് വരികളില്‍ പ്രണയത്തെ നിര്‍വചിച്ച പ്രകാശന്‍ പോത്തുണ്ടി അഭിനന്ദനമര്‍ഹിക്കുന്നു.
-----------------------------------------
വചനം

ഇങ്ങനെ ദീപയടിച്ചിട്ടെന്തുകാര്യം ?

ഇത് കവിതാ മോഷണത്തിന്റെ കാലമാണ് (കാകദൃഷ്ടി-ഗണേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക