Image

ആദിവാസി ഡോക്ടര്‍ ആത്മഹത്യ ചെയ്‌തത്‌ സഹപ്രവര്‍ത്തകരുടെ ജാത്യധിക്ഷേപം കാരണമെന്ന്‌ അമ്മ; പ്രതികള്‍ക്കെതിരേ കേസെടുത്തു

Published on 27 May, 2019
ആദിവാസി ഡോക്ടര്‍ ആത്മഹത്യ ചെയ്‌തത്‌ സഹപ്രവര്‍ത്തകരുടെ ജാത്യധിക്ഷേപം കാരണമെന്ന്‌ അമ്മ; പ്രതികള്‍ക്കെതിരേ കേസെടുത്തു


ന്യൂദല്‍ഹി: സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാത്യധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു തന്റെ മകള്‍ ആത്മഹത്യ ചെയ്‌തതെന്ന ആരോപണവുമായി വനിതാ ഡോക്ടറുടെ അമ്മ.

ബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ ഗൈനക്കോളജിയില്‍ പ്രാക്ടീസ്‌ ചെയ്യുന്ന പായല്‍ സല്‍മാന്‍ ടഡ്‌വിയെയാണ്‌ (23) മെയ്‌ 22-ന്‌ ആശുപത്രിയിലെ തന്റെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു പായല്‍.

മൂന്ന്‌ ഡോക്ടര്‍മാരാണ്‌ ഇത്തരത്തില്‍ അധിക്ഷേപം നടത്തിയിട്ടുള്ളതെന്ന്‌ പായലിന്റെ അമ്മ അബേഡ ആരോപിച്ചു. ഇതേത്തുടര്‍ന്ന്‌ ഡോക്ടര്‍മാരായ ഹേമ അഹുജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡില്‍വാല്‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ്‌ റെസിഡന്റ്‌ ഡോക്ടേഴ്‌സ്‌ റദ്ദാക്കി. ഈ മൂന്നുപേര്‍ക്കുമെതിരേ പൊലീസ്‌ കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും ജാമ്യം ലഭിക്കില്ലെന്നും കേസന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥന്‍ ദീപക്‌ കുണ്ഡല്‍ പറഞ്ഞു.

മകള്‍ മരിക്കുന്നതിനു മുന്‍പുതന്നെ അവര്‍ പ്രതികള്‍ക്കെതിരേ നേരത്തേ ആശുപത്രിയധികൃതരുടെ പക്കല്‍ പരാതി നല്‍കിയിരുന്നു. അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്‌ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന്‌ അബേഡ പറഞ്ഞു. എന്നാല്‍ ആശുപത്രി ഡീന്‍ രമേഷ്‌ ഭര്‍മല്‍ ആരോപണം നിഷേധിച്ചു.

ഇതുവരെ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ റാഗിങ്‌ വിരുദ്ധ സമിതി രൂപീകരിച്ച്‌ ഡോക്ടര്‍മാരെ വിളിച്ചിരുന്നെന്നും എന്നാല്‍ അവര്‍ മുംബൈയില്‍ ഇല്ലായിരുന്നുവെന്നും രമേഷ്‌ പറഞ്ഞു. അവര്‍ തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.


`എപ്പോഴൊക്കെ എന്നോട്‌ മകള്‍ ഫോണില്‍ സംസാരിക്കുമ്പോഴും ഈ മൂന്നുപേരും അവളെ കളിയാക്കാറുണ്ട്‌. അവളൊരു ആദിവാസിവിഭാഗത്തില്‍ പെട്ടയാളായതുകൊണ്ട്‌ ആ പേരിലായിരുന്നു അവരുടെ പരിഹാസമൊക്കെയും. അവള്‍ക്കു നീതി ലഭിക്കണം.'- അബേഡ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

അര്‍ബുദബാധിതയാണ്‌ അബേഡ. ആശുപത്രി മാനേജ്‌മെന്റ്‌ തക്കസമയത്ത്‌ ഇടപെട്ടിരുന്നെങ്കില്‍ പായലിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും മൂന്ന്‌ ഡോക്ടര്‍മാരുടെ കരിയര്‍ നശിക്കില്ലായിരുന്നെന്നും അവരുടെ സഹപ്രവര്‍ത്തക എന്‍.ഡി.ടി.വിയോടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക