Image

ഇത് കാവി തരംഗം. മതേതര ജനാധിപത്യത്തിന്റെ ഭാവി എന്ത്? ( ദല്‍ഹികത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 27 May, 2019
ഇത് കാവി തരംഗം. മതേതര ജനാധിപത്യത്തിന്റെ ഭാവി എന്ത്? (   ദല്‍ഹികത്ത് :പി.വി.തോമസ്)
ഇന്‍ഡ്യന്‍ ജനത ആ വിധി എഴുതി. തികച്ചും ശക്തവും സുവ്യക്തവും ആയി തന്നെ. ഇന്‍ഡ്യയുടെ 17-ാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വിധിയെ കുറിച്ച് എഴുതുമ്പോള്‍ അത്ഭുതവും ഭയാശങ്കയും സ്വാഭാവീകം ആണ്. കാരണം മോഡിക്കും ബി.ജെ.പി.ക്കും ഇതു പോലെ ഒരു വമ്പന്‍ വിജയം ആരും തന്നെ പ്രതീക്ഷിക്കുകയോ പ്രവചിക്കുകയോ ചെയ്തിരുന്നില്ല തെരഞ്ഞെടുപ്പ് വേളയില്‍.

ഈ വിധിയെ സംഘപരിവാറിന്റെ ഹിന്ദുത്വ ആശയത്തിന്റെ വിജയം ആയി കാണുന്നവര്‍ക്ക് അങ്ങനെ കാണാം. അതിനെ മോഡിയുടെ വികസന- സല്‍ഭരണത്തിന്റെ വിജയം ആയി കാണുന്നവര്‍ക്ക് അങ്ങനെയും കാണാം. അല്ല മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ ദേശഭക്തനായി ചിത്രീകരിച്ച ആശയത്തിനായിട്ടുള്ള അംഗീകാരമായി അതിനെ കാണുന്നവര്‍ക്ക് അങ്ങനെയും കാണാം. ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങളും വ്‌സ്തുതകളും വൈരുദ്ധ്യങ്ങളും ഈ വിധിയില്‍ ഉണ്ട്. അതല്ല ഇലക്ട്രോണിക്  വോട്ടിംങ്ങ് യന്ത്രങ്ങളുടെ തിരിമറിയുടെ ഫലം ആണ് ഇതെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും ഇതിനെ അങ്ങനെയും കാണാം. പക്ഷെ, അവര്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലെയും മറ്റും ഫലങ്ങളെ എങ്ങനെ വിധി ഇരുത്തും? അവ നിര്‍ണ്ണായകം അല്ലെന്നോ?

എന്തായാലും ഇന്ത്യില്‍ ഇത് കാവി തരംഗം ആണ്. മോഡി തരംഗം ആണ്. അതിന്റെ ഭാവി ഫലങ്ങള്‍ കണ്ടും അനുഭവിച്ചും അറിയുവാനുള്ളതാണ് ഇന്‍ഡ്യയില്‍ ജീവിക്കുന്ന 130 കോടിയിലേറെ ജനങ്ങള്‍.

ഈ ലോകസഭ തെരഞ്ഞെടുപ്പ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതുപോലെ നിര്‍ണ്ണായകം ആയിരുന്നു. ചരിത്രപരം ആയിരുന്നു.

2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിലൂടെ അധികാരത്തില്‍ വന്ന മോഡിക്ക് അനുകൂലമായി യു.പി.എ.യ്ക്ക് എതിരായുള്ള ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു. യു.പി.എ. അഴിമതിയുടെയും ഭരണകമ്മിയുടെയും  മൂര്‍ത്തീമത്ഭാവം ആയിരുന്നു. 2014 മുതല്‍ 2019 വരെ ഭരിച്ച മോഡിയുടെ ഭരണവും കലുഷിതം ആയിരുന്നു. റഫേല്‍ പോലുള്ള അഴിമതി ആരോപണം ഉണ്ടായി. ചങ്ങാത്ത മുതലാളിത്ത ആരോപണവും ഉണ്ടായി. ന്യൂനപക്ഷ-ദളിത് പീഢനാരോപണവും ഉണ്ടായി. അസഹിഷ്ണുതയും തീവ്രപ്രാദേശികതയുടെ അഴിഞ്ഞാട്ടവും വിമതാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതായുള്ള ആരോപണവും ഉണ്ടായി. എന്നിട്ടും മോഡിപൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്. ഇവിടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്ര-രാ്ഷ്ട്രീയ-കാലിക പ്രസക്തി. 2014-ല്‍ 282 സീറ്റുകളോടെ കേവല ഭൂരിപക്ഷം നേടിയ മോഡി ഇപ്രാവശ്യം 303 സീറ്റുകലോടെ സ്വന്തമായി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ കണക്കുകളിലേക്കും കാര്യങ്ങളിലേക്കും കാരണങ്ങളിലേക്കും ആഘാത പ്രത്യാഘാതങ്ങളിലേക്കും വരാം.

2014-ലെ യു.പി.എ.ഭരണവിരുദ്ധ വികാരവിജയം ആവര്‍ത്തിക്കുവാന്‍ മോഡിക്ക് സാധിക്കുകയില്ലെന്നതായിരുന്നു പൊതുവെയുള്ള കണക്ക്കൂട്ടല്‍. കാരണം മോഡിക്കെതിരെയും ഭരണവിരുദ്ധ വികാരം പല കോണുകളിലും ഉണ്ടായിരുന്നു. തൊഴിലില്ലായ്മ ഒരു വശത്ത്. സാമ്പത്തീക മാന്ദ്യത മറുവശത്ത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അങ്ങനെ ഒട്ടേറെ ദളിത്-ന്യൂനപക്ഷപീഡനം, പശുസംരക്ഷരുടെ ഗുണ്ടാവിളയാട്ടം, ഹിന്ദുത്വധാര്‍മ്മികസേനകളുടെ ഭരണഘടനേതര വാഴ്ച ഇതെല്ലാം ഇതില്‍ വരും. ഇതിന്റെ എല്ലാം ഫലമായി ഒട്ടേറെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.തോറ്റു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും സംസ്ഥാനഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു 2018-ല്‍. നാണയ നിര്‍വീര്യകരണത്തിന്റെയും ചരക്ക് സേവന നികുതിയുടേയും ദോഷഫലങ്ങളും മോഡി ഭരണത്തിനെതിരായിട്ടുണ്ടായിരുന്നു. അതിനാല്‍ മോഡിക്ക് 2014 ആവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ലെന്നും ബി.ജെ.പി. 282 സീറ്റുകളില്‍ നിന്നും 100 സീറ്റുകള്‍ എങ്കിലും താഴെപോകും എന്നും ആയിരിക്കും കണക്ക് കൂട്ടല്‍. പക്ഷേ, മോഡിയും അദ്ദേഹത്തിന്റെ സന്തത സഹചാരി ആയ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായും ഇതെല്ലാം മാറ്റി എഴുതി ചരിത്രം സൃഷ്ടിച്ചു.

ആദ്യമായി അവര്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛാത്തീസ്ഘട്ടിലും അവരുടെ പ്രമാദിത്വം നിലനിര്‍ത്തി. കോണ്‍ഗ്രസിനെ തുരത്തി. സംസ്ഥാന തെരഞ്ഞെടുപ്പും ദേശീയ തെരഞ്ഞെടുപ്പും വ്യത്യസ്തങ്ങളായ നേതൃത്വങ്ങളും വിഷയങ്ങളും ആശയങ്ങളും ആണ് ഉയര്‍ത്തുന്നതെന്ന ജനാധിപത്യം ആയിരിക്കാം ഇതിന്റെ പിറകില്‍. മദ്ധ്യപ്രദേശില്‍ ഒരു സീറ്റ് കൂടുതല്‍ നേടി(28). രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും ഓരോ സീറ്റ് കുറഞ്ഞെങ്കിലും വന്‍ തിരിച്ചു വരവ് നടത്തി(24, 9). ഇതു തന്നെയാണ് ഗുജറാത്തിലും(25), കര്‍ണ്ണാടകയിലും(25), മഹാരാഷ്ട്രയിലും(23), ബീഹാറിലും(17),ഝാര്‍ഖണ്ടിലും(11), ഹരിയാനയിലും(10), ആസാമിലും(9), ദല്‍ഹിയിലും(7), ഉത്തരാഖണ്ഡിലും (5) എല്ലാം ആവര്‍ത്തിച്ചത്. ഉത്തര്‍പ്രദേശില്‍ എസ്.പി.-ബി.എസ്.പി. മഹാസഖ്യം ഉണ്ടായിരുന്നിട്ടും 71-ല്‍ 62 സീറ്റുകള്‍ നിലനിര്‍ത്തുവാനായി. ബി.എസ്.പി.യില്‍ നിന്നും എസ്.പി.യിലേക്കുള്ള വോട്ട് ട്രാന്‍സ്ഫര്‍ പരാജയപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ 4-ല്‍ 4 സീറ്റും നിലനിര്‍ത്തുവാനായാത് മോഡിയുടെ വിജയം ഉറപ്പിച്ചു. കൂടാതെ ബംഗാളിലും ഒഡീഷയിലും മമത-പട്‌നായിക്കുമാരുടെ പരമ്പരാഗത കോട്ടതകര്‍ത്തു 18-0, 8-0 സീറ്റുകള്‍ നേടുവാന്‍ സാധിച്ചത് മോഡിയുടെ വിജയം ഉറപ്പാക്കി. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടക ഒഴിച്ച് ഒരിടത്തും നേട്ടം ഉണ്ടാക്കുവാന്‍ സാധിക്കാതെ പോയത് ബി.ജെ.പി.ക്ക് വടക്കെ ഇന്‍ഡ്യന്‍ പാര്‍ട്ടി എന്ന പേര് നിലനിര്‍ത്തികൊടുത്തു. ആന്ധ്രയിലും(4) തെലുങ്കാനയിലും(3), തമിഴ്‌നാട്ടിലും(0) കേരളത്തിലും ബി.ജെ.പി.ക്ക് കാര്യമായി ഒന്നും നേടുവാന്‍ സാധിച്ചില്ല. പക്ഷേ ആന്ധ്രയിലെയും തെലുങ്കാനയിലെയും വിജയങ്ങള്‍ ശുഭസൂചകങ്ങള്‍ ആണ്. പ്രത്യേകിച്ചും സഖ്യസാദ്ധ്യതയുള്ള വൈ.എസ്.ആ്ര്‍. കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാന- ലോകസഭ തെരഞ്ഞെടുപ്പുകള്‍ തൂത്തുവാരിയ സാഹചര്യത്തില്‍. തെക്ക് ഒരു നങ്കൂരം എറിയുവാന്‍ സാധിച്ചാല്‍. ബി.ജെ.പി.യുടെ 'ഹിന്ദു-ഹിന്ദി- ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തിന് മാറ്റം വരും. കേരളം മോഡിക്ക് തികച്ചും നിരാശാജനകം  ആയിരുന്നു.

പുല്‍വാമയും ബാലകോട്ട് മിന്നലാക്രമണവും ഭീകരവിരുദ്ധനിലപാടും മോഡിയെ വളരെ സഹായിച്ചു. സൈന്യത്തെ ഇത്രമാത്രം ദുരുപയോഗപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നിട്ടില്ല. പുല്‍വാമ ഒരു സുരക്ഷ വീഴ്ച ആയിരുന്നെങ്കിലും മോഡി അതില്‍ മുതലെടുത്തു. ബാലകോട്ട് മിന്നലാക്രമണത്തിന്റെ വസ്തുതകള്‍ ഇന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും അവിടെയും മോഡി വോട്ട് നേടി. ഈ രണ്ട് വിഷയങ്ങളിലും പ്രതിപക്ഷം, പ്രത്യേകിച്ചും കോണ്‍ഗ്രസിന് അടിതെറ്റി. പ്രാഗ്യാസിംങ്ങ് ഠാക്കൂറിനെ ഭോ്പ്പാലില്‍ സ്ഥാനാര്‍ത്ഥി ആക്കുക വഴി മോഡി ഹിന്ദുതീവ്രവാദത്തിന് മറുപടി നല്‍കുകയായിരുന്നു. ജനം അതും അംഗീകരിച്ചു. മേലാല്‍ഗാവ് സ്‌ഫോടനകേസില്‍ പ്രതിയായി 9 വര്‍ഷം തടവിലായിരുന്നിട്ട് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ സ്വാധി മഹാത്മാഗാന്ധിയെ അവഹേളിച്ചതും ഗോഡ്‌സെയെ ദേശസ്‌നേഹിയായി പ്രകീര്‍ത്തിച്ചതും മുംബൈ സ്‌ഫോടനകേസില്‍ പാക്ക് ഭീകരരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഹേമന്ത്കുമാര്‍ കര്‍ക്കടെ എന്ന വീരപോലീസുകാരനെ ശപിച്ചുകൊന്നതില്‍ ഊറ്റം കൊണ്ടതും അതിനെ എല്ലാം മോഡിയും സമ്മതിദായകരും അംഗീകരിച്ചതും ഈ തെരഞ്ഞെടുപ്പിന്റെ ഭീതിദായകമായ കറുത്തസന്ദേശവും മുന്നറിയിപ്പും ആണ്.

കോണ്‍ഗ്രസിനോ പ്രാദേശികപാര്‍ട്ടികള്‍ക്കോ തെരഞ്ഞെടുപ്പിന് മുമ്പ് യോജിക്കുവാനോ ഒരു പൊതുമിനിമം പ്രോഗ്രാം സമ്മതിദായകര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുവാന്‍ സാധിക്കാതെ പോയതും ഒരു പൊതു പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തികാണിക്കുവാന്‍ കഴിയാതെ പോയതും പ്രതിപക്ഷത്തിന്റെ വിശ്വാസ്യത നശിപ്പിച്ചു. രാഹുല്‍ഗാന്ധിയും, മായാവതിയും മമതബാനര്‍ജിയും ചന്ദ്രബാബു നായ്ഡുവും ചന്ദ്രശേഖരറാവുവും പരസ്പരം കുത്തിവീഴ്ത്തുവാനായി അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് ജനത്തിനറിയാമായിരുന്നു. അങ്ങനെയുള്ള ഒരു പ്രതിപക്ഷത്തിന് അവര്‍ എങ്ങനെ വോട്ട് ചെയ്യും? തമിഴ്‌നാട്ടില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഡി.എം.കെ.യുടെ സ്റ്റാലിന്‍ മാത്രം ആണ് പ്രാദേശിക പാര്‍ട്ടികളില്‍ തിളങ്ങിയത്.
കോണ്‍ഗ്രസും ഇടതും തോറ്റ് തുന്നം പാടി. പ്രധാനമന്ത്രി ആകുവാന്‍ കൊതിച്ച കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് ആകുവാനുള്ള സീറ്റുകള്‍ പോലും കിട്ടിയില്ല(55). 2014-ല്‍ 44 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രം ആണ് ലഭിച്ചത്. എന്തുപതനം? എന്ത് ഭാവി? 18 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. രണ്ടക്കത്തിനു മുകളില്‍ സീറ്റുകള്‍ ലഭിച്ചത് കേരളത്തില്‍ മാത്രം ആണ്(19). കോണ്‍ഗ്രസ് അതിന്റെ അലകും പിടിയും മാറിയില്ലെങ്കില്‍ അത് ഇന്‍ഡ്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന കാലം അതിവിദൂരം അല്ല. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും അല്ലാതെ ഒരു അദ്ധ്യക്ഷനെ പ്രധാനമന്ത്രിയെ കണ്ടെത്തുവാന്‍ എന്തുകൊണ്ട് അതിന് സാധിക്കുന്നില്ല? ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും, നരസിംഹറാവുവിനും, മന്‍മോഹന്‍സിംങ്ങിനും എന്തായിരുന്നു കുറവ്? കോണ്‍ഗ്രസുകാരുടെ പാദസേവ രാഷ്ട്രീയം ആണ്, കുടുംബവാഴ്ചയോടുള്ള അതിഭാവുകത്വമാണ് അതിന്റെ പരാജയകാരണങ്ങളില്‍ ഒന്ന്. മക്കള്‍ക്കുവേണ്ടി കമല്‍നാഥും, അശോക് ഗലോട്ടും ചിദംബരവും വാശി പിടിച്ചെന്ന് രാഹുല്‍ തുറന്നു സമ്മതിക്കുമ്പോള്‍ അദ്ദേഹം മനസിലാക്കണം അദ്ദേഹവും ഇതേ മക്കള്‍ രാ്ഷ്ട്രീയത്തിന്റെ സന്തതി ആണെന്ന്. സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യസിന്ധ്യയെയും രാജസ്ഥനിലെയും മദ്ധ്യപ്രദേശിലെയും മുഖ്യമന്ത്രി ആക്കുവാന്‍ രാഹുല്‍ശ്രമിച്ചതാണ് തലമുറയുടെ മാറ്റത്തിന്റെ ഭാഗമായി. പക്ഷേ, സോണിയ ഗാന്ധി സമ്മതിച്ചില്ലെന്നതാണ് സത്യം. കോണ്‍ഗ്രസിന്റെ സംഘടന ശക്തിപ്പെടുത്തുകയും നേതൃമാറ്റം നടത്തുകയും ചെയ്തില്ലെങ്കില്‍ അതിന് ഭാവി ഇല്ല. ഒപ്പം ആശയപരമായ മാറ്റവും പഴയമൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കും അനിവാര്യം ആണ്. മൃദുഹിന്ദുത്വ ഒരു മണ്ടന്‍ ആശയം ആണ്.

5 സീറ്റ് കൊണ്ട് ഇടതുപക്ഷം ഒതുങ്ങിയിരിക്കുകയാണ്; തമിഴ്‌നാട്ടില്‍ നാലും കേരളത്തില്‍ ഒന്നും. ബംഗാളില്‍ ഒന്ന് പോലും ഇല്ല! എന്താണ് ഇടതിന്റെ ഭാവിയെന്ന് അതിന്റെ താത്വകാചാര്യന്മാര്‍ കണ്ടുപിടിക്കണം. ഇപ്പോഴും ഇടതിന്റെ പ്രസക്തി ആരും തള്ളികളയുന്നില്ല. പക്ഷേ, അത് പ്രായോഗിക രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ മെനയേണ്ടിയിരിക്കുന്നു.

കാവിതരംഗത്തിന്റെ ഈ വിജയം ഇന്‍ഡ്യയുടെ ഗതിയെ ഏത് ദിശയിലേക്ക് ആയിരിക്കും നയിക്കുക? പുരോഗതിയിലേക്കോ അതോ ഭൂരിപക്ഷമത രാഷ്ട്രീയത്തിലേക്കോ? കണ്ടറിയണം.

ഇത് കാവി തരംഗം. മതേതര ജനാധിപത്യത്തിന്റെ ഭാവി എന്ത്? (   ദല്‍ഹികത്ത് :പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക