Image

ഗിരി ബി വാര്യരുടെ കൊഴിഞ്ഞു വീണ ഇതളുകള്‍ (പുസ്തകപരിചയം)

Published on 29 May, 2019
ഗിരി ബി വാര്യരുടെ കൊഴിഞ്ഞു വീണ ഇതളുകള്‍ (പുസ്തകപരിചയം)
ശ്രീ ഗിരി .ബി .വാര്യര്‍ രചിച്ച 'കൊഴിഞ്ഞു വീണ ഇതളുകള്‍' എന്ന കഥാസമാഹാരത്തിലെ ഓരോ  കഥയും സുന്ദരമായ പുഷ്പത്തിന്റെ ദളങ്ങളോട് ഉപമിക്കാം.  വര്‍ണവൈവിധ്യം കൊണ്ടോ  സുഗന്ധം കൊണ്ടോ മനസ്സില്‍ കുടിയേറുന്ന ഓരോ ഇതളുകളും സമകാലിക ജീവിതത്തിന്റെ പരിച്ഛേദങ്ങളാണ്.  അവ ചേര്‍ത്തുവെച്ചാല്‍ അര്‍ത്ഥപൂര്‍ണമായി എങ്ങനെ ജീവിതം കൊണ്ടുപോകാം എന്നതിന്റെ രൂപരേഖ തെളിയും.  രക്തബന്ധവും ആത്മബന്ധവും പ്രതികാരവും പ്രായശ്ചിത്തവും  ഇതിവൃത്തമാകുന്ന    16 കഥകളും സ്‌നേഹത്തിന്റെ   നൂലുകൊണ്ടാണ് തുന്നിയിരിക്കുന്നത്. 

യുവദമ്പതികള്‍ക്കുള്ള താക്കീതാണ് 'ഓര്‍മ്മപ്പെടുത്തലുകളി'ലെ രാജുവും അമ്മുവും. സമാനമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ പ്രണയിച്ച് വിവാഹിതരായി , കുഞ്ഞ് ജനിക്കുന്നതോടെ ഭാര്യയ്ക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുന്നു. പരാതികളില്ലാതെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ത്രീ, ഭര്‍ത്താവില്‍ നിന്നും ചില പരിഗണനകള്‍ ആഗ്രഹിക്കുന്നുണ്ട്. കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവള്‍ക്ക് ,  ഭര്‍ത്താവില്‍ നിന്നുള്ള സ്‌നേഹത്തോടെയുള്ള പെരുമാറ്റം മാത്രം മതിയാകും മനസ്സുനിറയാന്‍. എന്നാല്‍ പരസ്പരം തുറന്നു സംസാരിക്കാതെ തെറ്റിദ്ധാരണ വളര്‍ത്തി ബന്ധങ്ങള്‍ മുറിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് യുവാക്കളില്‍ ബഹുഭൂരിപക്ഷവും.   എല്ലാ നിലയ്ക്കും താന്‍ ഒരു തോല്‍വി ആണെന്ന തോന്നലാണ്   ഭാര്യമാരില്‍ പൊതുവേ സംശയരോഗം ആയി പരിണമിക്കുന്നത്. ഇടറുന്ന ദാമ്പത്യത്തെ നേര്‍വഴിയിലാക്കാന്‍ മുതിര്‍ന്ന ഒരാളുടെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞേക്കാം എന്ന് ദാസേട്ടന്‍  എന്ന കഥാപാത്രത്തിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്.
 പരേതാത്മാക്കളുടെ കാല്‍പനിക ലോകം വരച്ചുകാട്ടുന്ന 'ബലികാക്കകളി'ല്‍ കാകജന്മമെടുത്ത ഭര്‍ത്താവ്  , ജീവിച്ചിരിക്കുന്ന തന്റെ ഭാര്യ രാജിയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം ആസ്വദിക്കുന്നത്  ഉള്ളില്‍ ചെറിയൊരു നീറ്റലോടെയേ വായിക്കാന്‍ സാധിക്കുകയുള്ളൂ. ഒടുവില്‍ മകന് കൂട്ടായി അവള്‍ പടിയിറങ്ങുമ്പോള്‍, ഒരിക്കല്‍ക്കൂടി പ്രിയതമയെ കാണാന്‍ കഴിയുമോ എന്നറിയാതെ ഇരമ്പിപ്പായുന്ന  ആ  കാകജന്മം, മരണാനന്തരവും  സ്‌നേഹമുള്ള ഭര്‍ത്താവ് ദാമ്പത്യത്തിന് കല്‍പ്പിക്കുന്ന  ശ്രേഷ്ഠത വ്യക്തമാക്കുന്നു.

 'മുക്തി' യിലെ മകനും വലിയൊരു ദൃഷ്ടാന്തമാണ്.  മറ്റൊരു മതത്തില്‍പെട്ട  പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍  തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ അമ്മയെ അവസാനനാളില്‍ മറവിരോഗം ബാധിച്ച നിലയില്‍ വൃദ്ധസദനത്തില്‍ കണ്ടുമുട്ടുമ്പോള്‍,  അയാള്‍ കടമകളില്‍ നിന്ന് ഒളിച്ചോടാതെ മാതൃകയാകുന്നു.

മരണംവരെയും അന്യോന്യം കരുതലോടെ കൊണ്ടു പോകേണ്ടതാണ് ദാമ്പത്യബന്ധം എന്ന് അടിവരയിടുകയാണ് 'മായ'.  അനാഥയായ മായ,  താന്‍ എല്ലാമെല്ലാമായി കണ്ട രാജീവും ഒന്നിച്ച് ഒരു ജീവിതം ലഭിക്കില്ലെന്ന   തോന്നലിലാണ് അധിക മാത്രയില്‍ ഉറക്കഗുളിക കഴിക്കുന്നതും ഓര്‍മ  മറയുന്നതും.  ഒരു ഗുണവും ഇല്ലാതെ താന്‍ പേറുന്ന ഭാരം എവിടെയെങ്കിലും ഉപേക്ഷിക്കുന്നതാവും   നന്നെന്ന് ഏതോ ദുര്‍ബലനിമിഷത്തില്‍ തോന്നുന്ന ഭര്‍ത്താവ് , ഗുരുവായൂരമ്പലനടയിലെ  തിരക്കില്‍ അവളെ ഒറ്റയ്ക്കാക്കി കടന്നു കളയുകയാണ്.  ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള   ബോധ്യംകൊണ്ട്    വിങ്ങുന്ന മനസ്സുമായി പശ്ചാത്താപത്തിന്റെ  ഭാരവും പേറി  ദൈവസന്നിധിയില്‍ എത്തുന്ന രാജീവിന് രോഗം ഭേദമായ നിലയില്‍ മായയെ തിരിച്ചു കിട്ടുന്നത്    'മാജിക്കല്‍  റിയലിസം ' കലര്‍ത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 'ദൈവത്തിന്റെ മകനി'ല്‍ കാണാന്‍ കഴിയുന്നത് ബുദ്ധിമാന്ദ്യം വന്ന കുട്ടിയുമായുള്ള മാതാപിതാക്കളുടെ യാതന നിറഞ്ഞ ജീവിതമാണ്.  അച്ഛന്‍ മരിച്ച ശേഷം   മറ്റു രണ്ടുമക്കളും ജീവിതം കരുപ്പിടിപ്പിച്ചിട്ടും  ആ അമ്മയ്ക്ക് വിശ്രമമില്ലാതെ കണ്ണിമവെട്ടാതെ പതിനെട്ടുകാരനായ കുട്ടനെ പരിചരിക്കേണ്ടിവരുന്നു.  കാന്‍സര്‍ രോഗിയാണെന്ന  തിരിച്ചറിവ്     മരണത്തേക്കാള്‍    തന്റെ കാലശേഷം  മകനെ ആര് നോക്കും എന്ന ചിന്തയാണ് അവരില്‍ നിറയ്ക്കുന്നത്. ആ ഭയത്തെ അവര്‍ തോല്‍പ്പിക്കുന്നത് മകനുമൊത്ത് മരണത്തെ   വരിക്കാം  എന്ന് തീരുമാനിച്ചുകൊണ്ടാണ്.
 കുട്ടന്റെ തണുത്ത ശരീരം കെട്ടിപ്പിടിച്ച് അവര്‍ കിടക്കുന്നത് ഗാഢമായി ഉറങ്ങാന്‍ വേണ്ടിയാണ്. 18 വര്‍ഷമായി കിട്ടാതിരുന്ന ഉറക്കം എന്ന വാചകം മനസ്സിനെ  കൊളുത്തി വലിക്കും.   

ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം  അടങ്ങിയ  കഥകളാണ് അടയാളവും ശിക്ഷാവിധിയും. 'ശിക്ഷാവിധി' യിലെ  സോഫിയ , തന്റെ ചാരിത്രശുദ്ധി  കളങ്കപ്പെടുത്തിയ   മുതലാളിയുടെ മകനെ നിയമം ശിക്ഷിക്കില്ല എന്ന ബോധ്യം കൊണ്ടാണ് സ്വയം  ശിക്ഷ നടപ്പാക്കുന്നത്.  'അടയാള'ത്തിലെ  ജാനു    അല്പംകൂടി കരുത്തയായ സ്ത്രീയാണ്. സാഹചര്യം അവളെ അങ്ങനെ  വാര്‍ത്തെടുത്തതും ആകാം.  കോളജില്‍ പഠിക്കുമ്പോള്‍ മുരളി എന്ന ചെറുപ്പക്കാരന്‍ പ്രണയംനടിച്ച് വഞ്ചിച്ച് അവളെ നാലുപേര്‍ക്ക് കാഴ്ച വെക്കുമ്പോള്‍ സ്വയം അവസാനിപ്പിക്കണമെന്നാണ് ജാനു ആദ്യം ചിന്തിച്ചത്.   അങ്ങനൊരു സാഹചര്യത്തിലും  മകളെ  നോക്കു കൊണ്ടുപോലും വേദനിപ്പിക്കാതെ ഒപ്പം  നിന്ന അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ പോറ്റാനാണ്   ജാനു സധൈര്യം ലോറിയുടെ വളയം പിടിക്കാന്‍ തുടങ്ങിയത്. ഓരോരോ അപകടങ്ങളിലായി തന്നെ നശിപ്പിച്ചവരെ  വളരെ ആസൂത്രിതമായി തന്നെ അവള്‍ ഇല്ലായ്മ ചെയ്തു.  അവസാനത്തെ  അപ്രതീക്ഷിതമായ  ട്വിസ്റ്റ് ആണ് കഥയുടെ  മര്‍മ്മം.  സിനിമ കണ്ടിരിക്കും പോലെ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന  ഗിരി .ബി .വാര്യരുടെ രചനാശൈലി അഭിനന്ദനമര്‍ഹിക്കുന്നു.


കൊഴിഞ്ഞു വീണ ഇതളുകള്‍ (കഥാസമാഹാരം)
ഗിരി .ബി .വാര്യര്‍ 
പ്രസാധനം: നല്ലെഴുത്ത് 
വില : 150 രൂപ

ഗിരി ബി വാര്യരുടെ കൊഴിഞ്ഞു വീണ ഇതളുകള്‍ (പുസ്തകപരിചയം)
Join WhatsApp News
Ramji 2019-05-29 22:41:02
പതിനാറുകഥകളുടേയും,കഥകളിലെ ഉള്ളടക്കം കേൾക്കുമ്പോൾ തന്നെ ഇപ്പോൾ തന്നെ വായിക്കാൻ തോന്നുന്നു.
മാർക്കറ്റിൽ അവയിലബിളാണോ..
കഥാകൃത്തിന് ആശംസകൾ..
റാംജി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക