Image

ഡിവൈന്‍ ധ്യാനകേന്ദ്രം ഫ്‌ളോറിഡയില്‍

ജോയി കുറ്റിയാനി Published on 30 May, 2019
ഡിവൈന്‍ ധ്യാനകേന്ദ്രം ഫ്‌ളോറിഡയില്‍
താമ്പ: ഭാരത കത്തോലിക്കാ സഭയുടെ നവീകരണ സംരംഭങ്ങളില്‍ ഒരു നാഴികക്കല്ലായിരുന്നു 1970-കളില്‍ ബോംബെയിലും തുടര്‍ന്നു കേരളത്തിലുമെത്തിയ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം. ഇത് അനേക വ്യക്തികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ചലനമുണ്ടാക്കിയെങ്കിലും കേരളത്തിലെ ഡിവൈന്‍ പോട്ട നവീകരണ മുന്നേറ്റമാണ് ഈ ചലനത്തിനു വേഗം കൂട്ടിയതും ഇതിനെ വ്യാപകമാക്കിയതും.

വിന്‍സെന്‍ഷ്യല്‍ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള പോട്ട ഡിവൈന്‍ ധ്യാന ശുശ്രൂഷകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 52 ധ്യാനകേന്ദ്രങ്ങളിലായി ഇപ്പോള്‍ നടത്തപ്പെടുന്നു. കെനിയ, ഉഗാണ്ട, ജര്‍മ്മനി, ഇംഗ്ലണ്ട്, നേപ്പാള്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക (ന്യൂജേഴ്‌സി) എന്നീ രാജ്യങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമായി ദൈവം ഉയര്‍ത്തിയ ഈ ധ്യാനകേന്ദ്രത്തിലൂടെ വ്യക്തികളിലും കുടുംബങ്ങളിലും ഇടവകകളിലും അങ്ങനെ തിരുസഭ മുഴുവന്റേയും ആത്മീയ നവോത്ഥാനത്തില്‍ പങ്കാളികളാകുന്നു.

ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്‌ളോറിഡയിലെ താമ്പായ്ക്കടുത്ത് പ്ലാന്റ് സിറ്റിയില്‍ ആരംഭിച്ച ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഹൗസ് ഡിവൈന്‍ പോട്ട മിനിസ്ട്രിയുടെ മറ്റൊരു ധ്യാനകേന്ദ്രമാണ്.

ഫാ. ആന്റണി തോക്കാനത്ത് വി.സി സാരഥിയായിരുന്നു. ഈ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ഫാ. മാത്യു ഇലവുങ്കല്‍ വി.സി ചാര്‍ജെടുത്തിരിക്കുകയാണ്.

ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവരോടൊപ്പം കേരളത്തില്‍ ശുശ്രൂഷകളാരംഭിച്ച കൊച്ചു മാത്യു അച്ചന്‍ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഫാ. മാത്യു ഇലവുങ്കല്‍ ആറു വര്‍ഷക്കാലം പോട്ട ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു.

തുടര്‍ന്ന് പതിനൊന്നു വര്‍ഷക്കാലം ബോംബെയിലെ കല്യാണിലുള്ള തബോര്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, തുടര്‍ന്ന് എട്ടു വര്‍ഷക്കാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ മലയാള വിഭാഗം ഡയറക്ടറുമായി സേവനം  അനുഷ്ഠിച്ച് ഇന്ന് പൗരോഹിത്യ ശുശ്രൂഷയുടെ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഫാ. മാത്യു ഇലവുങ്കല്‍ ഇതിനകം നടന്നുനീങ്ങിയ വഴിത്താരകളില്‍ അനേകായിരങ്ങള്‍ക്ക് രക്ഷയുടെ സുവിശേഷം പങ്കുവെച്ച് ദൈവ മഹത്വം കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

വചനാമൃതം, തലമുറകളുടെ ശാപം സത്യമോ മിഥ്യയോ, ആത്മപരിശോധന എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അച്ചന്‍ ദൈവാലയങ്ങളിലും ധ്യാനശുശ്രൂഷകളിലും സ്ഥിരമായി പാടാറുള്ള ഇരുനൂറോളം ഭക്തിഗാനങ്ങളുടെ രചയിതാവുംകൂടിയാണ്.

അള്‍ത്താരയിലാത്മബലിയായ്, സമയം സമാഗതമായി തുടങ്ങിയ എല്ലാവര്‍ക്കും സുപരിചിതമായ അനേക ഗാനങ്ങളടങ്ങിയ പത്തോളം സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

പ്ലാന്റ് സിറ്റി ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഹൗസില്‍ ഇപ്പോള്‍ താമസിച്ച് ധ്യാനിക്കുവാനുള്ള തമസ സൗകര്യങ്ങളില്ലാത്തതിനാല്‍ എല്ലാ മാസങ്ങളിലും ഒരു വാരാന്ത്യ ധ്യാനം ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്നു. ധ്യാനകേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള കംഫര്‍ട്ട് ഇന്‍, ഹോളിഡേ ഇന്‍ എന്നീ ഹോട്ടലുകളില്‍ താമസ സൗകര്യം മിതമായ രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഹൗസ് വിന്‍സെന്‍ഷ്യല്‍ റിട്രീറ്റ് സെന്ററിലെ ഏകദിന ധ്യാനവും മൂന്നു ദിവസത്തെ താമസിച്ചുള്ള (വെള്ളി, ശനി, ഞായര്‍) ധ്യാനവും ഡിസംബര്‍ വരെ ഇപ്പോള്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

കൂടാതെ സെപ്റ്റംബര്‍ 6, 7 (വെള്ളി, ശനി) ദിവസങ്ങളില്‍ ലോകമെമ്പാടും അറിയപ്പെടുന്ന വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും, രോഗശാന്തി ശുശ്രൂഷയും നടത്തുന്നു.

ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ അമേരിക്കയില്‍ എവിടെനിന്നും വന്നു താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ധ്യാനശുശ്രൂഷ നടക്കുന്നത്.

ഇതു കൂടാതെ ചൊവ്വ, വ്യാഴം, ആദ്യ ശനിയാഴ്ച, മൂന്നാം ശനിയാഴ്ച, ആദ്യ വെള്ളി ദിവസങ്ങളില്‍ 4 മണിക്കൂര്‍ വീതമുള്ള ശുശ്രൂഷകളില്‍ വചന പ്രഘോഷണം, ദിവ്യബലി, ആരാധന, രോഗശാന്തിശുശ്രൂഷ എന്നിവയും നടത്തപ്പെടുന്നു.

താമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 30 മൈല്‍ ദൂരമാണ് ഈ സെന്ററിലേക്ക്. ധ്യാനം ബുക്ക് ചെയ്യുന്നതിനോ , കൂടുതല്‍ വിവരങ്ങള്‍ക്കോ ബന്ധപ്പെടുക:
ഫോണ്‍: 8135671226
E-mail: divinefl12@gmail.com
Web: www.divinefl.org
2905 S. Frontage Rd, Plant City, FL 33566



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക