Image

ജടായു എർത്ത് സെന്റർ; ഇന്ത്യൻ വിനോദ സഞ്ചാര ലോകത്തെ അത്ഭുതം

കല Published on 31 May, 2019
ജടായു എർത്ത് സെന്റർ; ഇന്ത്യൻ വിനോദ സഞ്ചാര ലോകത്തെ അത്ഭുതം

ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയില്‍ പുതിയൊരു ഡെസ്റ്റിനേഷന്റെ പിറവി... അതാണ് ജടായു എര്‍ത്ത് സെന്റര്‍. ഒരു ശില്പത്തിന്റെ ലോകപ്രശസ്തി നാടിന്റെ വികസനത്തിന് വഴിയൊരുക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്. അതുകൊണ്ടു തന്നെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ ജടായു ശില്പം രാജ്യത്തിന് മാതൃകയാവുന്നു. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമെന്ന് ഖ്യാതി നേടിയ ജടായുവിനെ മുഖ്യ ആകര്‍ഷണമാക്കിയാണ് ജടായു എര്‍ത്ത് സെന്റര്‍ സംഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രകൃതിയും പൈതൃകവും കലയും സംസ്‌കാരവും ഒരുപോലെ സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു സഞ്ചാര അനുഭവമാണ് ജടായു എര്‍ത്ത് സെന്ററില്‍ സഞ്ചാരികള്‍ക്ക് ലഭ്യമാകുക. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് 65 ഏക്കര്‍ വിസ്തൃതമായ ഭൂമികയില്‍ ജടായു എര്‍ത്ത് സെന്റര്‍ സംഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. ചലച്ചിത്രകാരനും ശില്പിയുമായ ശ്രീ.രാജീവ് അഞ്ചലാണ് ജടായു ശില്പവും ഈ ടൂറിസം പദ്ധതിയും സാക്ഷാത്കരിച്ചത്.

സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തിലേക്ക് തലയെടുപ്പോടെ നില്‍ക്കുന്ന ജടായുപ്പാറയിലാണ് ജടായു എര്‍ത്ത് സെന്റര്‍ എന്ന വിനോദ സഞ്ചാര കേന്ദ്രം. ലോകത്തോര നിലവാരമുള്ള കേബിള്‍ കാര്‍ സംവിധാനം, കേരളാ ടൂറിസം രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ളൈയിഗ്, സാഹസിക വിനോദകേന്ദ്രം, ജടായു ശില്പ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങള്‍ ഇപ്പോള്‍ ജടായു ടൂറിസത്തില്‍ ലഭ്യമാണ്. സഞ്ചാരികള്‍ യഥേഷ്ടമെന്ന പോലെ ഇവിടെ ദിനം പ്രതി വന്നു പോകുന്നു. കേരളത്തിലെ ടൂറിസം രംഗത്ത് പെട്ടന്ന് തന്നെ ഏറ്റവും വ്യത്യസ്തമായ വിനോദ സഞ്ചാര അനുഭവമാകാന്‍ ജടായുവിന് കഴിഞ്ഞു.

പൂര്‍ണ്ണമായും സ്വിറ്റ്സര്‍ലന്റില്‍ നിന്നും ഇറക്കുമതി ചെയ്ത കേബിള്‍കാര്‍ സംവിധാനമാണ് ജടായു എര്‍ത്ത് സെന്ററിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. തെന്നിന്ത്യയില്‍ ഇത്തരമൊരു കേബിള്‍കാര്‍ സംവിധാനം ഇല്ല എന്നത് കേരളാ ടൂറിസത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്. ഗ്ലാസ് ഭിത്തികളുള്ള ഈ കേബിള്‍കാറിലെ യാത്രയ്ക്ക് 360 ഡിഗ്രിയിലുള്ള കാഴ്ചയുടെ വിസ്മയം സഞ്ചാരിക്ക് നല്‍കാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ആയിരം അടി ഉയരത്തിലേക്ക് കേബിള്‍ കാറിലൂടെയുള്ള യാത്ര തീര്‍ച്ചയായും ഒരു ആകാശ യാത്രയുടെ അനുഭവം പ്രദാനം ചെയ്യും. കൂറ്റന്‍പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയുള്ള കേബിള്‍ കാര്‍ യാത്ര ഏതാണ്ട് ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ്. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള 16 കേബിള്‍കാറുകളാണ് ഇവിടെയുള്ളത്. മണിക്കൂറില്‍ 400 പേരെ ജടായു എര്‍ത്ത് സെന്ററിന്റെ ഉയരത്തിലേക്ക് എത്തിക്കാന്‍ കഴിയുംവിധമാണ് കേബിള്‍കാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കേബിള്‍ കാര്‍ വഴി ജടായു ശില്പത്തിന് സമീപമെത്തുന്ന സഞ്ചാരികള്‍ക്ക് 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്പത്തെ ചുറ്റിനടന്ന് കാണാന്‍ കഴിയും. ഏറെ കൗതുകങ്ങള്‍ ഉള്ളില്‍ നിറച്ചാണ് ശില്പിയായ രാജീവ് അഞ്ചല്‍ ഈ പക്ഷി ശില്പം സാക്ഷാത്കരിക്കുന്നത്. അഞ്ച് നിലകളുള്ള ഈ ശില്പത്തിന്റെ ഉള്‍വശത്ത് അന്താരാഷ്ട്രനിലവാരത്തില്‍ ഒരു ഓഡിയോ വിഷ്വല്‍ മ്യൂസിയവും, സിക്സ് ഡി തീയറ്ററും ഒരുക്കുന്നുണ്ട്. എര്‍ത്ത് സെന്ററിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഈ കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങുകയുള്ളു. അധികം വൈകാതെ തന്നെ മൂന്നാംഘട്ടവും പൂര്‍ത്തീകരിക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൂറ്റന്‍ പാറക്കെട്ടുകള്‍, താഴ്വരകള്‍, പതിനായിരകണക്കിന് ഔഷധസസ്യങ്ങള്‍, സംരക്ഷിത സ്വകാര്യവനം എന്നിവയെല്ലാം ചേര്‍ന്നതാണ് ജടായു ടൂറിസം പദ്ധതി പ്രദേശം. 65 ഏക്കര്‍ വിസ്തൃതമാണിത്. പദ്ധതി പ്രദേശമൊന്നാകെ ഒരു ഒറ്റ മതില്‍ക്കെട്ടിനുള്ളിലേക്ക് കൊണ്ടുവന്നാണ് ജടായു എര്‍ത്ത് സെന്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നര കീലോമീറ്റര്‍ വരുന്ന കൂറ്റന്‍ മതില്‍ക്കെട്ട് ഈ വിനോദ സഞ്ചാര കേന്ദ്രത്തിന് മറ്റെവിടെയും ലഭ്യമല്ലാത്ത സുരക്ഷ പ്രദാനം ചെയ്യുന്നു. ഇതു കൂടാതെ 24 മണിക്കൂര്‍ സെക്യൂരിറ്റി ഗാര്‍ഡുകളുടെ സേവനവും അന്താരാഷ്ട്രനിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ കുടുംബങ്ങള്‍ക്ക് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന ഏറ്റവും സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.

65 ഏക്കര്‍ വരുന്ന ജടായു എര്‍ത്ത് സെന്ററിന്റെ ആകാശ കാഴ്ചക്കുള്ള അവസരമാണ് ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ളൈയിംഗിലൂടെ നല്‍കുന്നത്. ഒരേ സമയം ആറുപേര്‍ക്ക് ഹെലികോപ്ടര്‍ റൈഡിന് സാധിക്കും. അഞ്ച് മിനിറ്റ് മുതല്‍ പതിനഞ്ച് മിനിറ്റ് വരെയാണ് ലോക്കല്‍ ഫൈയിംഗിന്റെ സമയദൈര്‍ഘ്യം.

സാഹസിക വിനോദ കേന്ദ്രമാണ് ജടായു എര്‍ത്ത് സെന്ററിലെ മറ്റൊരു വിനോദ സഞ്ചാര പദ്ധതി. സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ അഡ്വഞ്ചര്‍ സെന്ററില്‍ ഇരുപതില്‍പ്പരം സാഹസിക വിനോദങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കൂറ്റന്‍പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ സാഹസിക വിനോദകേന്ദ്രം ഒരു വനാന്തരീക്ഷത്തിന്റെ പ്രതീതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുക. കൂറ്റന്‍പാറക്കെട്ടുകളിലാണ് സാഹസിക വിനോദങ്ങള്‍ സംഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. 118 അടി ഉയരമുള്ള പാറക്കെട്ടിലേക്ക് കയറുന്ന ഫ്രീ ക്ലൈബിംഗ് മുതല്‍ 45 അടി ഉയരമുള്ള പാറക്കെട്ടില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങാന്‍ അവസരമൊരുക്കുന്ന റാപ്പലിംഗ് ഗെയിം വരെ ഇവിടെയുണ്ട്. റോക്ക് ക്ലൈബിംഗ്, ബോള്‍ഡറിംഗ്, ജൂമറിംഗ്, ചിമ്മിനി ക്ലൈബിംഗ്, കമാന്‍ഡോ നെറ്റ്, സിപ് ലൈന്‍, ബര്‍മ്മാ ബ്രിഡ്ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങള്‍ ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയും. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഔട്ട് ഡോര്‍ പെയിന്റ് ബോള്‍ ഡെസ്റ്റിനേഷനും ജടായു അഡ്വഞ്ചര്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നു. രാജസ്ഥാന്‍ കോട്ടകളുടെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന പെയിന്റ് ബോള്‍ ഡെസ്റ്റിനേഷനില്‍ സഞ്ചാരികള്‍ക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരങ്ങളില്‍ ഏര്‍പ്പെടാം. സംരക്ഷിത സ്വകാര്യ വനത്തിലൂടെയുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ട്രെക്കിംഗും ജടായു അഡ്വഞ്ചര്‍ സെന്ററിലെ വിനോദ പദ്ധതിയുടെ ഭാഗമാണ്. യാതൊരു വിധ അപകടസാധ്യതകളുമില്ലാതെ സുരക്ഷാ സംവിധാനങ്ങളോടു കൂടി തന്നെ ട്രെക്കിംഗിന് അവസരമൊരുക്കുന്നു എന്നതാണ് പ്രത്യേകത. ഗ്രൂപ്പായി വന്ന് ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് സാഹസിക വിനോദ കേന്ദ്രത്തിന്റെ രൂപകല്പന എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജടായു അഡ്വഞ്ചര്‍ സെന്ററില്‍ ഇപ്പോള്‍ പ്രവേശനം സാധ്യമാണ്.

രാജീവ് അഞ്ചല്‍; ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സാധ്യമാക്കിയ പ്രതിഭ


തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളജ് വിദ്യാര്‍ഥിയായി കലാജീവിതത്തിന് തുടക്കം.

1984ല്‍ കെ.ജി ജോര്‍ജ്ജ് ഒരുക്കിയ പഞ്ചവടിപ്പാലം എന്ന പ്രശസ്തമായ ചിത്രത്തിലൂടെ കലാസംവിധായകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശനം.

അഥര്‍വ്വം (1989) , അയ്യര്‍ ദി ഗ്രേറ്റ് (1990), പുറപ്പാട് (1990), ഞാന്‍ ഗന്ധര്‍വ്വന്‍ (1991) എന്നീ ചിത്രങ്ങളിലെ കലാസംവിധാനം ഏറെ ശ്രദ്ധനേടുകയുണ്ടായി. ഞാന്‍ ഗന്ധര്‍വ്വനിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

1986ല്‍ അമ്മാനംകിളി എന്ന ചിത്രത്തിലൂടെയാണ് രാജവ് അഞ്ചല്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്. 1993ല്‍ മോഹന്‍ലാലിനെ നായകനാക്കി ബട്ടര്‍ഫ്ളൈസ് എന്ന ചിത്രം സംവിധാനം ചെയ്തു.

തുടര്‍ന്ന് 1994ല്‍ സുരേഷ്ഗോപിയെ നായനാക്കി കാശ്മീരം എന്ന ചിത്രമൊരുക്കി. സാമൂഹിക പ്രസക്തിയുള്ള ചിത്രമെന്ന നിലയില്‍ കാശ്മീരം ഏറെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടുകയുണ്ടായി. ഈ സിനിമയില്‍ മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം രാജീവ് അഞ്ചലിനെ തേടിയെത്തി.

തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി മാറിയ മലയാളത്തിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ ഗുരു (1997) രാജീവ് അഞ്ചല്‍ ഒരുക്കുന്നത്.

ഓസ്‌കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രമായി ഗുരു മാറിയത് ചരിത്രം.

മലയാള സിനിമയിലെ പരമ്പരാഗ ശൈലിയെ മാറ്റിമറിച്ചുകൊണ്ട് കാഴ്ചയുടെയും ചിന്തയുടെയും പുതിയ തലമാണ് ഗുരു തുറന്നിട്ടത്. ഗുരു പിറന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറ്റവും കാലിക പ്രസക്തിയോടെ ഈ ചിത്രം ഓര്‍മ്മിക്കപ്പെടുന്നു.

ഗുരുവിന് ശേഷം ഋഷിവംശം (1999), പൈലറ്റ്സ് (2000) എന്നീ ചിത്രങ്ങള്‍ രാജീവ് അഞ്ചല്‍ ഒരുക്കി. 2002ലാണ് ബിയോണ്ട് ദി സോള്‍ എന്ന ഇംഗ്ലീഷ് ചിത്രം രാജീവ് അഞ്ചല്‍ ഒരുക്കുന്നത്. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് വീഡിയോ ഫെസ്റ്റിവെലില്‍ മികച്ച സംവിധായകനും തിരക്കഥാകൃത്തിനും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ബിയോണ്ട് ദി സോള്‍ സ്വന്തമാക്കി. തുടര്‍ന്ന് നത്തിംഗ് ബട്ട് ലൈഫ്, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളും രാജീവ് അഞ്ചല്‍ സംവിധാനം ചെയ്തു.

ശില്പി എന്ന നിലയില്‍ രണ്ട് കേരളാ ലളിത കലാ അക്കാദമി പുരസ്‌കാരങ്ങള്‍ രാജീവ് അഞ്ചലിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമെന്ന് ഖ്യാതി നേടിയ ജടായു ശില്പത്തിന്റെ അവസാന മിനുക്കു പണികളിലാണ് രാജീവ് അഞ്ചല്‍.

ലോകം അറിയുന്ന ജടായു ശിലപ്ത്തിനായി രാജീവ് അഞ്ചലിന്റെ തപസ്യ തുടങ്ങിയിട്ട് ഏതാണ്ട് പത്ത് വര്‍ഷത്തോളമാകുന്നു. ചടയമംഗലം ജടായുപ്പാറയിലാണ് ഈ അത്ഭുത ശില്പം ഒരുക്കിയിരിക്കുന്നത്. 200 അടി നീളവും 150 അടിനീളവും 70 അടി ഉയരവുമുണ്ട് ഈ ലോകാത്ഭുതത്തിന്. ശില്പത്തിനുള്ളില്‍ ഓഡിയോ വിഷ്വല്‍ മ്യൂസിയവും, തിയറ്ററുമടക്കം നിരവധി സവിശേഷതകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ജടായു ശില്പത്തെ കേന്ദ്രമാക്കി ജടായു എര്‍ത്ത് സെന്റര്‍ എന്ന കേരളാ ടൂറിസം രംഗത്തെ ആദ്യത്തെ ബിഒടി ടൂറിസം പ്രോജക്ട് സാക്ഷാത്കരിച്ചതും രാജീവ് അഞ്ചലാണ്. ഈ വരുന്ന ചിങ്ങം ഒന്നിന് ജടായു ശില്പവും ജടായു എര്‍ത്ത് സെന്ററും ലോകത്തിന് സമര്‍പ്പിക്കപ്പെടും.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുളള സന്ദേശമായിട്ടാണ് (വുമണ്‍ സേഫ്റ്റി ആന്‍ഡ് ഹോണര്‍) ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ ജടായുവിനെ ശില്പിയായ രാജീവ് അഞ്ചല്‍ സമര്‍പ്പിച്ചിരിക്കുന്നത്. മനുഷ്യനന്മ ലക്ഷ്യമാക്കി ആത്മീയ പാതയിലൂടെയുള്ള കലാജീവിതമാണ് ഈ സമര്‍പ്പണത്തിലേക്ക് രാജീവ് അഞ്ചല്‍ എന്ന കലാകാരനെ എത്തിച്ചത്. അതിന് ശക്തിയായി നിന്നത് നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ചൈതന്യവും.

ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്റെ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ക്ലബിലെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ് അഞ്ചല്‍. 
 


ജടായു എർത്ത് സെന്റർ; ഇന്ത്യൻ വിനോദ സഞ്ചാര ലോകത്തെ അത്ഭുതം
ജടായു എർത്ത് സെന്റർ; ഇന്ത്യൻ വിനോദ സഞ്ചാര ലോകത്തെ അത്ഭുതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക