Image

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയം ഇനി എങ്ങോട്ട്?

കലാകൃഷ്ണന്‍ Published on 31 May, 2019
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയം ഇനി എങ്ങോട്ട്?

'നിങ്ങള്‍ ഒരു രാജ്യത്ത് ജനിച്ചത് കൊണ്ട് ആ രാജ്യമാണ് ലോകത്തിലെ ഏറ്റവും മഹത്തരം എന്ന മിഥ്യാബോധം മാത്രമാണ് ദേശിയത'. ബെര്‍ണാഡ് ഷാ ദേശിയതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. രാജ്യസ്നേഹവും ദേശിയതയും അമിത ദേശിയതയും തീവ്ര ദേശിയതയുമൊക്കെ വലിയ അന്തരങ്ങളുള്ള യഥാര്‍ഥ്യങ്ങളുമാണ്. ഒരു ജനത ഇതില്‍ എവിടെ നില്‍ക്കുന്നു എന്നതാണ് ആ ജനതയുടെ രാഷ്ട്രത്തിന്‍റെ രാഷ്ട്രീയത്തെ നിശ്ചയിക്കുക. 
ഇന്നലെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു. അതേ സമയം തന്നെ കേരളത്തിലെ ഒരു തീവ്രഹിന്ദുത്വ വാദിയുടെ, ശബരിമല സമരത്തിന്‍റെ മുന്‍നിരയില്‍ നിന്ന ഹിന്ദുത്വ വാദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഈ വിധമായിരുന്നു. 
ക്രിസ്ത്യന്‍ പുരോഹിതന്‍മാരെ വൈദീകര്‍ എന്ന് വിളിക്കുന്നത് നിയമം മൂലം നിരോധിക്കേണ്ടിയിരിക്കുന്നു. വേദം എന്നാല്‍ ഈശ്വരനില്‍ നിന്നും നിശ്വിസിതമായ അറിവാകുന്നു. വേദം എന്ന ശബ്ദം ഹിന്ദുക്കളുടെ മൂലഗ്രന്ഥരാശിക്ക് അതായത് ഋഗ്വേദം മുതലായവയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് അന്യമതസ്ഥര്‍ തന്നിഷ്ടം പോലെ ഉപയോഗിക്കുന്നത് ഹിന്ദുക്കളില്‍ നിരക്ഷരരായ ആളുകളെ തെറ്റുദ്ധരിപ്പിച്ച് മതം മാറ്റുവാന്‍ മാത്രമാണ്. വേദം എന്ന് ബൈബിളിനെയോ, വൈദീകന്‍ എന്ന് പോള്‍ തേലക്കാട്ട്, ആലഞ്ചേരി തുടങ്ങിയ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെയോ സംബോധന ചെയ്യുന്നത് അങ്ങേയറ്റം നെറികേടാണ്. ഇവരെ വികാരി എന്ന് വിളിക്കുക. ഇവരെ വൈദീകര്‍ എന്ന് വിളിക്കുന്നത് നിയമം മൂലം നിരോധിക്കേണ്ടതാണ്.... 
ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന വാചകങ്ങള്‍ തിരുത്തലുകളില്ലാതെയാണ് ലേഖകന്‍ ഇവിടെ പകര്‍ത്തിയെഴുതിയിരിക്കുന്നത്. ഭഗവത് ഗീതാ പ്രഭാഷകനും ഉപസാകനുമാണ് പ്രസ്തുത വ്യക്തി. ശബരിമല സമരത്തിന്‍റെ മുന്‍നിരക്കാന്‍. സര്‍വ്വോപരി നരേന്ദ്രമോദിയുടെ ഭക്തന്‍. അയാളുടെ പേര് ഇവിടെ ഉപയോഗിക്കാത്തത് അനാവശ്യമായ കുപ്രസക്തി അയാള്‍ക്ക് നല്‍കേണ്ട എന്നത് കൊണ്ട് മാത്രമാണ്. 
എന്നാല്‍ തീവ്രഹിന്ദുത്വവാദികളുടെ ആശയങ്ങള്‍ കേരളത്തിലും ഏത് വിധമാണ് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നത് എന്ന് ഈ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം അനുയായികളുള്ള വ്യക്തിയാണ് ഇയാള്‍ എന്നത് തീവ്രഹിന്ദുത്വ പൊതുബോധം എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന് ഉദാഹരമാണ്. 
യഥാര്‍ഥ്യമെന്തെന്നാല്‍ ഇവിഎം മിഷ്യനില്‍ തട്ടിപ്പ് നടന്നു എന്നതൊക്കെ പ്രതിപക്ഷത്തിന്‍റെ മണ്ടന്‍ ആരോപണങ്ങള്‍ മാത്രമാണ്. തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും തെളിയിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ യഥാര്‍ഥ വസ്തുത മഹാത്മ ഗാന്ധിയില്‍ തുടങ്ങി നിരവധി മഹാന്‍മാരാല്‍ സന്നിവേശിക്കപ്പെട്ട ഇന്ത്യന്‍ ദേശിയത, അതായത് ബഹുസ്വരവും മതേതരവുമായ ദേശീയത, തീവ്രഹിന്ദുത്വ ദേശിയതയായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ആ തീവ്ര ദേശിയത തന്നെയാണ് രണ്ടാം മോദി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചിരിക്കുന്നത്. ആ വിഷയത്തെ ഇവിടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വേണ്ടവിധം അഡ്രസ് ചെയ്യേണ്ടതുണ്ട്. 
പാര്‍ലമെന്‍റില്‍ രണ്ട് എംപിമാരില്‍ നിന്ന് രാജ്യം ഒറ്റക്ക് ഭരിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയായ ബിജെപി വളര്‍ന്നുവന്നത് നന്നായി സമയമെടുത്ത് തന്നെയാണ്. ഘട്ടം ഘട്ടമായിട്ടായിരുന്നു ബിജെപിയുടെ വളര്‍ച്ച. തൊണ്ണുറുകളിലെ രാമജന്മഭൂമി പ്രക്ഷോഭം തന്നെയായിരുന്നു ബിജെപിയുടെ ആരംഭത്തിലെ മൂലധനം. അതായത് രാജ്യത്തിനുള്ളില്‍ പ്രചരിപ്പിക്കപ്പെട്ട വര്‍ഗീയത. ബാബറി മസ്ജിദ് ധ്വംസനവും തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപവും. അത് ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കി കൊടുത്തു. അപ്പോഴും കോണ്‍ഗ്രസിന്‍റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്‍റെയും മതേതര മൂല്യങ്ങളെ മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഭരണം നടത്തുമ്പോള്‍ പോലും വാജ്പേയിയുടെ മതേതര മുഖം ആവശ്യമായിരുന്നു ബിജെപിക്ക്. ഒരിക്കലും രഥയാത്രകളിലൂടെ തീവ്രഹിന്ദുത്വത്തെ വളര്‍ത്തിയെടുത്ത എല്‍.കെ അദ്വാനിയെ ഒന്നാമനാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഒന്നാമന്‍ സ്ഥാനത്തേക്ക് അദ്വാനി വന്നപ്പോള്‍ ബിജെപി വീണ്ടും അധികാരത്തില്‍ നിന്ന് പുറത്തു പോകുകയും ചെയ്തു. 
അപ്പോഴേക്കും നരേന്ദ്രമോദി ഗുജറാത്തില്‍ ഉദയം ചെയ്ത് ഏറെക്കാലമായിരുന്നു.  മോദി മുഖ്യമന്ത്രിയായ ആദ്യകാലഘട്ടത്തില്‍ സംഭവിച്ച ഗുജറാത്ത് കലാപം ഗുജറാത്തിനെ മാത്രമല്ല ഇന്ത്യയെ തന്നെ വര്‍ഗീയമായി പിളര്‍ന്നു.  എന്നാല്‍ തുടര്‍ന്നങ്ങോട്ട് വികസന നായകന്‍ എന്ന പരിവേഷം കൂടി മോദി എടുത്തണിഞ്ഞപ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി പദത്തിലേക്ക് മോദി അതിവേഗം നടന്നു കയറി. 
ഇന്ത്യന്‍ മധ്യവര്‍ഗത്തിന് സ്വപ്നങ്ങള്‍ വിറ്റു കൊണ്ടാണ് കോണ്‍ഗ്രസിനെ മോദിയിലൂടെ ബിജെപി മറികടന്നത്. 2014ല്‍ അധികാരത്തില്‍ ഏറുമ്പോള്‍ തീവ്രദേശിയതയും ഹിന്ദുത്വ അജണ്ടയും പിന്നിലേക്ക് നിര്‍ത്തി ഗുജറാത്ത് മോഡല്‍ വികസനത്തെ മുന്നിലേക്ക് നിര്‍ത്തിയാണ് മോദി അധികാരം പിടിച്ചത്. വികസനത്തിന്‍റെ വലിയൊരു പ്രോപ്പഗാന്‍ഡ ക്യാംപെയിന്‍. അഴിമതി വിരുദ്ധതയ്ക്കും വികസനത്തിനും ജനങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് മൊത്തമായി അഴിമതി നിറഞ്ഞതാണെന്ന് ഹസാരെ മൂവ്മെന്‍റ് സ്ഥാപിച്ചെടുത്തു. ഹസാരെയും ഒരു സംഘപരിവാര്‍ സൃഷ്ടിയായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്. 
രാജ്യഭരണം നേടിയപ്പോഴും വികസനത്തെ കൈവിടാതെ ഒന്നൊന്നായി സംസ്ഥാനങ്ങളെ നേടിയെടുത്തു ബിജെപി. ിമഹരാഷ്ട്രയെ കീഴടക്കിയതും വികസനത്തിന്‍റെയൊക്കെ പേരില്‍ തന്നെ. എന്നാല്‍ യു.പി തിരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും തീവ്രഹിന്ദുത്വവാദത്തെ ബിജെപി സുശക്തം തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. മുസാഫര്‍പൂര്‍ കലാപങ്ങള്‍ വര്‍ഗീയതയെ നടപ്പാക്കി. അതി ശക്തമായ ഭൂരിപക്ഷവുമായി ബിജെപി യു.പിയില്‍, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത്, അധികാരത്തില്‍ എത്തി.
തുടര്‍ന്നങ്ങോട്ട് തീവ്രദേശിയതയുടെ പ്രയോഗമായിരുന്നു. വര്‍ഗീയതയില്‍ നിന്നും തീവ്രദേശിയതയിലേക്ക്. ഒന്നാം സര്‍ജിക്കല്‍ സ്ട്രൈക്കും രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കും തീവ്രദേശിയ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു. 
ഇത്തരം സര്‍ജിക്കല്‍ സ്ട്രൈക്ക് ഇതാദ്യമല്ലെന്നും മുന്‍പും നടന്നിരുന്ന സൈനീക നടപടികളാണെന്നും അന്നൊന്നും ആരുമിത് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്നും പലരും വെളിപ്പെടുത്തിയിട്ടും അതൊന്നും ചെവികൊള്ളപ്പെട്ടില്ല. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആരുമത് കേട്ടുമില്ല. 
രാജ്യം മുഴുവന്‍ തീവ്രദേശിയതയിലേക്ക് വഴിമാറുന്നു എന്നതാണ് ബിജെപിക്ക് കിട്ടയ വന്‍ ഭൂരിപക്ഷം തെളിവാക്കുന്നത്. കേരളത്തില്‍ പോലും വോട്ട് ഷെയര്‍ ചിലയിടങ്ങളില്‍ വല്ലാതെ വര്‍ദ്ധിച്ചത് ഈ തീവ്രദേശിയ ബോധത്തിന്‍റെ തെളിവാണ്.    
തീവ്രദേശിയത അക്രമോല്‍സുകവും ഭൂരിപക്ഷ ജനക്കൂട്ടത്തിന്‍റെ നീതിയുമാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മേല്‍പറഞ്ഞ കേരളത്തിലെ ശബരിമല സമരനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പശുവിന്‍റെ പേരില്‍ ഇനിയും ആളുകള്‍ അക്രമിക്കപ്പെടുമെന്ന് തന്നെയാണ് ഇതില്‍ നിന്നും ബോധ്യമാകുന്നത്. അതുകൊണ്ടു തന്നെ രാജ്യം തീവ്രഹിന്ദുത്വ ദേശിയതയിലേക്ക് ചുവടുവെക്കുകയാണ് എന്ന് ജാഗ്രതയോടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക