Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 May, 2019
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷന്‍ മുഴുവനായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് വന്‍ വിജയമായി കണക്കാക്കുന്നുവെന്നും, ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും രജിസ്ടഷ്രേന്‍ കോഓര്‍ഡിനേറ്റര്‍മാരായ റവ. ഫാ. ആകാശ് പോള്‍, ചാണ്ടി തോമസ്, ജെറില്‍ സജുമോന്‍ എന്നിവര്‍ അറിയിച്ചു.

ഇതിനോടകം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെട്ട കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് ഇടവകകളില്‍നിന്നും മികച്ച സഹകരണമാണ് ലഭിച്ചിട്ടുള്ളത്.  ഈ വര്‍ഷത്തെ കുടുംബമേള വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകളും സുന്ദരമായ കിടപ്പുമുറികളും  ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡിഎഫ്ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബമേളക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളും ഇതിനോടകം ആവശ്യക്കാര്‍ ബുക്കു ചെയ്തു കഴിഞ്ഞിരിക്കുന്ന സദ്‌വാര്‍ത്ത സംഘാടകര്‍ ഏവരുമായി പങ്കു വയ്ക്കുന്നു. തങ്ങളുടെ മാതൃസഭയോടുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയും, ഈ ഭദ്രാസനത്തിനോടുള്ള കരുതലും, ഇവിടെ നടത്തപ്പെടുന്ന കുടുംബമേള വന്‍ വിജയമാക്കിത്തീര്‍ക്കാനുള്ള അഭിനിവേശവുമാമാണ് വിശ്വാസികളില്‍ കാണാന്‍ കഴിഞ്ഞത്.

അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  മുഖ്യപ്രഭാഷകന്‍ ആയിരിക്കും. 'സമൃദ്ധമായ ജീവന്‍റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

യാക്കോബായ സഭയുടെ തന്നെ അങ്കമാലി ഹെറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്‌നേഹം, സാങ്കേതിക വിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ അധികരിച്ച് രണ്ട് ശില്പശാലകള്‍ നയിക്കും.

റവ. ഫാ. സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുള്ള മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസപ്രഖ്യാപനം, സംഗീത വിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികള്‍, വിബിഎസ്സിന്‍റെ  ഭാഗമായി ലോഗോ ലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്‌റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരേയും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വളരെ നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ മുഴുവനായും പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച സഭാംഗങ്ങളേയും ഭദ്രാസന മെത്രാപ്പൊലീത്ത, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് പ്രത്യേകം അഭിനന്ദിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 973 637 0757. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക