Image

കാവി ഉടുക്കാനൊരുങ്ങുന്ന ബംഗാള്‍ (പി. ടി. പൗലോസ്)

Published on 31 May, 2019
കാവി ഉടുക്കാനൊരുങ്ങുന്ന ബംഗാള്‍ (പി. ടി. പൗലോസ്)
മെയ് 19 ഞായറാഴ്ച. പശ്ചിമ ബംഗാളില്‍ പതിനേഴാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന ദിവസം, കൊല്‍ക്കത്തയിലെയും ചില ഉള്‍നാടന്‍ ഗ്രാമങ്ങളിലെയും ബൂത്തുകളിലൂടെ ഒരു മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ഈ ലേഖകന് അവസരമുണ്ടായി. പലരോടും ആശയവിനിമയം നടത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഗുണ്ടായിസത്തോടുള്ള അമര്‍ഷം പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞു. ആ അമര്‍ഷം വോട്ടായത് ബിജെപി ക്ക് മാത്രം ഗുണം ചെയ്തു. കാരണം കോണ്‍ഗ്രസിന്റെയും സിപിഎം ന്‍റെയും രാജകീയകാല ത്ത് പാര്‍ലമെന്ററി മോഹത്തിന്റെ ചക്കരഭരണിയില്‍ അള്ളിപ്പിടിച് അവര്‍ സ്വയം ശവക്കുഴി തോണ്ടുകയായിരുന്നല്ലോ. ഒരു കാലത്ത് തെരഞ്ഞെടുപ്പ് വേളകള്‍ സിപിഎം ന് ഉത്സവകാലമായിരുന്നു. ഇന്ന് അവരുടെ തെരഞ്ഞെടുപ്പ് സഹായകേന്ദ്രങ്ങളില്‍ ആളനക്കമില്ല. ഇല്ലിമുളകളില്‍ കെട്ടിയുയര്‍ത്തിയ അരിവാള്‍ചുറ്റിക ചെങ്കൊടികള്‍ മമത ബാനര്‍ജിയുടെ ഗുണ്ടായിസത്തിന്റെ അശാന്തിയില്‍, ബിജെപി യുടെ വര്‍ഗ്ഗീയതയുടെ ഉഷ്ണക്കാറ്റില്‍ പാറാന്‍ മടിക്കുന്നു. ആ കൊടികള്‍ക്കു താഴെ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന തല നരച്ച കവിളൊട്ടിയ ചില വൃദ്ധസഖാക്കളെ കണ്ടു. അവരുടെ വിഷാദചിന്തകള്‍ എഴുപതുകളിലെ എരിഞ്ഞടങ്ങിയ വിപ്ലവവീര്യത്തെക്കുറിച്ചായിരിക്കാം. കാലത്തിന്റെ ചാരക്കൂനവീണ് മൂടിയെങ്കിലും അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ ഇന്നും കാണാം വിപ്ലവത്തിന്റെ കെടാത്ത ചില കനല്‍ക്കട്ടകള്‍ വിഫലമായ കുറെ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളായി , അതിവിചിത്രമായ ഒരു പുരാരേഖ പോലെ...

തെരുവ് രാഷ്ട്രീയത്തില്‍നിന്നും മുഖ്യമന്ത്രി കസേരയിലെത്തിയ മമതയുടെ പ്രധാനലക്ഷ്യം ബംഗാള്‍ നന്നാക്കുക എന്നതല്ലായിരുന്നു, മാര്‍ക്‌സിസ്റ്റ് കോട്ട തകര്‍ക്കുക എന്നതായിരുന്നു. അതിലവര്‍ വിജയിച്ചു. ഇടതുപക്ഷത്തിന് ജ്യോതി ബാസുവിനു ശേഷം കഴിവുള്ള നേതാവില്ലായിരുന്നു എന്നതും കാരണമായി. കഴിവുള്ള സോംനാഥ് ചാറ്റര്‍ജിയെ പോലുള്ളവരെ പാര്‍ട്ടി തന്നെ മൂലയ്ക്കിരുത്തി. അധികാരം കയ്യിലമര്‍ന്ന മമതയുടെ കീഴില്‍ ഗുണ്ടായിസം വളര്‍ന്നപ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിക്കാന്‍ തുടങ്ങി. ഇന്ത്യ എന്ന വൈവിദ്ധ്യങ്ങളുടെ മഹാരാജ്യത്ത് മതേതരമാനവീകതയുടെ കടക്കല്‍ കത്തിവക്കാനെന്നവണ്ണം കപട ദേശീയതയുടെ വന്മരമായി ബിജെപി വളര്‍ന്നു. മരത്തിന്റെ ശാഖകള്‍ അശാന്തിയുടെ മണ്ണിലേക്ക് ചാഞ്ഞ അനുകൂലസാഹചര്യത്തില്‍, ആ കമ്പിലൂടെ പിടിച്ചുകയറാന്‍ പശ്ചിമബംഗാളിലെ വോട്ടര്‍മാര്‍ ശ്രമിച്ചു.

സിപിഎം ബൂത്തുകളില്‍ ഈ ലേഖകന്‍ കണ്ട വൃദ്ധരായ സഖാക്കളുടെ വിഷാദചിന്തകള്‍ യുവതലമുറ ഏറ്റെടുത്ത് പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റായി തിരികെ വന്നാല്‍ വിപ്ലവവും വിശ്വാസവും ഒരുമിച്ചുപോകുന്ന ആദിമതവും ആധുനികതയും ഒപ്പം സഞ്ചരിക്കുന്ന മന്ത്രങ്ങളും മുദ്രാവാക്യങ്ങളും ഒരേ കാറ്റില്‍ ലയിക്കുന്ന ബംഗാളിന്റെ തനതായ നാളുകള്‍ തിരികെ വന്നേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക