Image

സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ യുവജങ്ങള്‍ക്കു പ്രാധാന്യം നല്‍കി

രാജുതരകന്‍ Published on 01 June, 2019
സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ യുവജങ്ങള്‍ക്കു പ്രാധാന്യം നല്‍കി
ഹൂസ്റ്റണ്‍ : ഏഴു വര്‍ഷത്തിനുശേഷം ഹൂസ്റ്റണില്‍ നടക്കുന്ന  ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ യുവജങ്ങള്‍ക്കു വളരെ  പ്രാധാന്യം നല്കിയുള്ളതാവുമെന്നു രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്. ഏഴ് എന്ന സംഖ്യ ദൈവത്താല്‍ നിര്‍ണയിക്കപ്പെട്ട പൂര്‍ണതയെ കുറിക്കുന്നു.  സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെയാണ്. പതിനെട്ടു വയസിലേക്കു പ്രവേശിക്കുന്ന അമേരിക്കയിലെ സീറോ മലബാര്‍ രൂപതയും  വളര്‍ച്ചയുടെ പടവിലാണ്.  ഹൈസ്‌കൂള്‍, കോളേജ് , കോളേജ്  കഴിഞ്ഞവര്‍   ഉള്‍പ്പെടെ 1200 യുവജനങ്ങള്‍ ഇതു വരെ കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തു.  യൂത്ത്  അപോസ്റ്റലേറ്റ് ഉള്‍പ്പെടെ നിരവധി യുവജന കൂടായ്മകള്‍ മുന്നോട്ടു വന്നു ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. 

ഹൂസ്റ്റണില്‍ ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ദേശീയ കണ്‍വന്‍ഷന്റെ മുന്നോടിയായി ഹൂസ്റ്റണ്‍ ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാര്‍. അങ്ങാടിയത്ത്. യോഗത്തില്‍ സഹായമെത്രാനും ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, രൂപതാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ ചാലുശേരി, അസി. കോഓര്‍ഡിനേറ്റര്‍ ഫാ. രാജീവ് വലിയവീട്ടില്‍, ഡോ. എബ്രഹാം മാത്യു (മനോജ്) തുടങ്ങിയവര്‍  സന്നിഹിതരായി.  

നാല്പതോളം വരുന്ന കമ്മിറ്റികളുടെയും  ഉപകമ്മിറ്റികളുടെയും  ഭാരവാഹികള്‍  പ്രവര്‍ത്തന അവലോകനം നടത്തി. നാഷണല്‍  രജിസ്‌ടേഷന്‍  ചെയര്‍ സുനില്‍ കുര്യന്‍  രജിസ്‌ടേഷന്‍ പുരോഗതി വിലയിരുത്തി.  ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്‍ സാമ്പത്തിക അവലോകനം  അവതരിപ്പിച്ചു. ചടങ്ങില്‍  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ സ്വാഗതവും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ നന്ദിയും  പ്രകാശിപ്പിച്ചു.


സഭയുടെ വളര്‍ച്ച യുവജനങ്ങളിലൂടെ: മാര്‍ ജേക്കബ് അങ്ങാടിയത്ത്. ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ യുവജങ്ങള്‍ക്കു പ്രാധാന്യം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക