Image

ദുബായില്‍ റസിഡന്‍സ്‌ വിസക്ക്‌ എമിറേറ്റ്‌സ്‌ ഐ.ഡി കര്‍ശനമാക്കി

Published on 26 April, 2012
ദുബായില്‍ റസിഡന്‍സ്‌ വിസക്ക്‌ എമിറേറ്റ്‌സ്‌ ഐ.ഡി കര്‍ശനമാക്കി
അബൂദബി: ദുബൈയില്‍ പിഴയില്ലാതെ എമിറേറ്റ്‌സ്‌ ഐ.ഡി രജിസ്‌ട്രേഷനുള്ള സമയപരിധി മേയ്‌ 31ന്‌ അവസാനിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജൂണ്‍ ഒന്ന്‌ മുതല്‍ പിഴ ചുമത്തും. ഫ്രീസോണില്‍ ജോലി ചെയ്യുന്നവരും ഈ സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്യണം. ഒരു ദിവസത്തേക്ക്‌ 20 ദിര്‍ഹം എന്ന നിരക്കിലാണ്‌ പിഴ. അതേസമയം, ഒരു വ്യക്തിയില്‍നിന്ന്‌ പരമാവധി 1,000 ദിര്‍ഹമാണ്‌ ഈടാക്കുക.
ജൂണ്‍ വരെ കാത്തുനില്‍ക്കാതെ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ദുബൈയിലെ താമസക്കാരോട്‌ ഐ.ഡി അതോറിറ്റി ആവശ്യപ്പെട്ടു.

അതിനിടെ, ദുബൈയില്‍ റസിഡന്‍സ്‌ വിസക്ക്‌ എമിറേറ്റ്‌സ്‌ ഐ.ഡി കര്‍ശനമാക്കി. ഏപ്രില്‍ ഒന്നിന്‌ റസിഡന്‍സ്‌ വിസയും എമിറേറ്റ്‌സ്‌ ഐ.ഡിയും തമ്മില്‍ ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണിത്‌. അതിനാല്‍ റസിഡന്‍സ്‌ വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്‌സ്‌ ഐ.ഡി രജിസ്‌ട്രേഷനും നടത്തണം.
പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തുന്നതിനൊപ്പം ഐ.ഡി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുകയുള്ളൂ. ദുബൈയിലെ ആറ്‌ പ്രിവന്‍റീവ്‌ മെഡിസിന്‍ സെന്‍ററുകളോട്‌ ചേര്‍ന്ന്‌ ഐ.ഡി കേന്ദ്രങ്ങളുണ്ട്‌.

അബൂദബിയില്‍ പിഴയില്ലാതെ എമിറേറ്റ്‌സ്‌ ഐ.ഡി രജിസ്‌ട്രേഷന്‍ നടത്താനുള്ള സമയപരിധി മാര്‍ച്ച്‌ 31ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍, വൈകി രജിസ്‌ട്രേഷന്‍ നടത്തുന്നവരില്‍നിന്ന്‌ ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കുന്നുണ്ട്‌. പല തവണ അറിയിപ്പുണ്ടായിട്ടും നിരവധി പേര്‍ ഐ.ഡി എടുത്തില്ല. നിശ്ചിത തിയതി മുതല്‍ പിഴ ഈടാക്കില്ലെന്ന്‌ കരുതി രജിസ്‌ട്രേഷന്‍ നീട്ടിക്കൊണ്ടുപോയവരാണ്‌ കുടുങ്ങിയത്‌. ഒരു ദിവസത്തേക്ക്‌ 20 ദിര്‍ഹം എന്ന നിരക്കിലാണ്‌ ഇവര്‍ക്ക്‌ പിഴ ചുമത്തുന്നത്‌.
എന്നാല്‍, ഈ വര്‍ഷം ഡിസംബര്‍ 31ന്‌ മുമ്പ്‌ വിസ കാലാവധി അവസാനിക്കുന്ന അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലുള്ളവര്‍ വിസ പുതുക്കുമ്പോള്‍ എമിറേറ്റ്‌സ്‌ ഐ.ഡി എടുത്താല്‍ മതി. രാജ്യത്തെ മുഴുവന്‍ വിദേശികളും സ്വദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന്‌ മുമ്പ്‌ നടത്തണം.

അബൂദബിയില്‍ ഏപ്രില്‍ ഒന്നിന്‌ നിലവില്‍ വന്ന പിഴയും ദുബൈയില്‍ ജൂണ്‍ ഒന്ന്‌ മുതലുള്ള പിഴയും 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ബാധകമല്ല. എന്നാല്‍, ഒക്ടോബര്‍ ഒന്ന്‌ മുതല്‍ ഇവര്‍ക്കും പിഴ ചുമത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക