Image

മെര്‍ക്കല്‍ സര്‍ക്കാറിന് ഭീഷണി ഉയര്‍ത്തി സോഷ്യലിസ്റ്റ് പാര്‍ട്ടി മേധാവി രാജിവച്ചു

Published on 03 June, 2019
മെര്‍ക്കല്‍ സര്‍ക്കാറിന് ഭീഷണി ഉയര്‍ത്തി സോഷ്യലിസ്റ്റ് പാര്‍ട്ടി മേധാവി രാജിവച്ചു

ബര്‍ലിന്‍: ജര്‍മനിയിലെ കൂട്ടുമുന്നണി സര്‍ക്കാര്‍ തകര്‍ച്ചാ ഭീഷണിയില്‍. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനുമായി ഭരണം പങ്കിടുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ആന്ത്രയാ നാലസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് പി ഡി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ആന്‍ഡ്രിയയ്ക്കു മേല്‍ കടുത്ത സമ്മര്‍ദം നേരിട്ടിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ സി ഡി യുവിനെതിരേ മത്സരിച്ച എസ് പി ഡി, വലിയൊരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ചാണ് കൂട്ടുകക്ഷി സര്‍ക്കാരില്‍ പങ്കു ചേര്‍ന്നത്.

മൂന്നു സ്‌റ്റേറ്റുകളില്‍ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ നയം മാറ്റുന്നത് സജീവമായി പരിഗണിക്കുകയാണ് എസ് പി ഡി നേതൃത്വം. ഫെഡറല്‍ സര്‍ക്കാരിലെ പങ്കാളിത്തം അവസാനിപ്പിച്ച് സ്‌റ്റേറ്റ് തെരഞ്ഞെടുപ്പുകളെ നേരിടണമെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ആന്ത്രയായുടെ രാജി എന്നതും ഏറെ പ്രത്യേകതയുളവാക്കുന്നതാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിനു പുറമേ, പാര്‍ലമെന്ററി ഗ്രൂപ്പ് നേതൃത്വവും ഒഴിയുന്നതായി അവര്‍ അറിയിച്ചിട്ടുണ്ട്.150 ലേറെ വര്‍ഷത്തെ പാരന്പര്യമുള്ള സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രഥമ വനിതാ അധ്യക്ഷയാണ് നാലെസ്.

ആന്ത്രയായുടെ രാജി സര്‍ക്കാരിനെ ബാധിക്കില്ല: മെര്‍ക്കല്‍ 

സഖ്യകക്ഷിയായ എസ് പി ഡിയുടെ മേധാവി ആന്ത്രയാ നാലസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത് മുന്നണി സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ആന്ത്രയായുടെ തീരുമാനം ദൂരവ്യാപക സ്വാധീനം ഉണ്ടാക്കുന്നതാണെന്നും അതിനെ താന്‍ മാനിക്കുന്നു എന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ് പി ഡി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനെത്തുടര്‍ന്നാണ് ആന്ത്രയ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്.

മുന്നണി സര്‍ക്കാരിലെ പങ്കാളിത്തം പാര്‍ട്ടി അവസാനിപ്പിക്കണമെന്ന വാദം ഇതോടെ ശക്തമായിരിക്കുകയാണ്. ഇക്കാര്യം എസ് പി ഡി ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം.

2021 ലാണ് ജര്‍മനിയില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, എസ് പി ഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് അനിവാര്യമായേക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക