Image

ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നാട്ടു കൂട്ടായ്മകള്‍

Published on 03 June, 2019
ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നാട്ടു കൂട്ടായ്മകള്‍


ദമാം: തൊഴില്‍ പ്രതിസന്ധിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന ലേബര്‍ ക്യാമ്പില്‍ പ്രവാസി നാട്ടുകൂട്ടായ്മകളുടെ സംയുക്ത ഇടപെടല്‍ മാതൃകയാകുന്നു. ശമ്പളവും ഭക്ഷണവുമില്ലാതെ പ്രയാസപ്പെടുന്ന ആയിരത്തോളം തൊഴിലാക്കികള്‍ക്കാണ് മലബാര്‍ മേഖലയിലെ പ്രവാസി കൂട്ടായ്മകള്‍ മുന്‍കൈ എടുത്ത് ആശ്വാസം പകരുന്നത്. 

മാസങ്ങളായി വറുതിയില്‍ കഴിയുന്ന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളി ക്യാമ്പുകളിലാണ് മലബാര്‍ കൂട്ടായ്മകളുടെ വേറിട്ട കൈയൊപ്പ് പതിഞ്ഞത്. വിവിധ പ്രവാസി സംഘടനകള്‍ ക്യാമ്പിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മലയാളികളടക്കമുള്ള തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപെട്ടത്. ഇതോടെയാണ് ദമാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടായ്മകള്‍ സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്. 

സേവനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും വിവിധ ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികള്‍ക്കുള്ള സഹായങ്ങള്‍ കൈമാറുന്നതിനുമായി, സന്നദ്ധത പ്രകടിപ്പിച്ച മലബാറില്‍ നിന്നുള്ള മുഴുവന്‍ പ്രദേശിക നാട്ടുകൂട്ടായ്മകളെ ഒരു കുട കീഴിലാക്കി ദമാം മലബാര്‍ കൂട്ടായ്മക്ക് രൂപം നല്‍കി. കെപ്‌വാ  കീഴ്പറമ്പ്, ഇരിക്കൂര്‍ എന്‍ ആര്‍ഐ ഫോറം, കൊയിലാണ്ടി കൂട്ടം, കിസ്മത്ത്, എടവണ്ണ പ്രവാസി അസോസിയേഷന്‍, ദമാം പോപ്പി, മാവൂര്‍ പ്രവാസി സംഘം, നിലമ്പൂര്‍ അസോസിയേഷന്‍, തെക്കേപുറം, കസവ്, ചേലേമ്പ്ര കൂട്ടായ്മ, കൊടിയത്തൂര്‍കാരശേരി കോക്ക, തൃശൂര്‍ നാട്ടുകൂട്ടം, ഫാറൂഖ് കോളജ് അസോസിയേഷന്‍, വടകര എന്‍.ആര്‍.ഐ ഫോറം, വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍, ഫറോഖ് ഇസ്‌ലാമിക് സെന്റര്‍, തലശേരി മാഹി മുസ് ലിം അസോസിയേഷന്‍, പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറം, അരീക്കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് ദമാം മലബാര്‍ കൂട്ടായ്മയില്‍ പങ്കാളികളായിരിക്കുന്നത്. ഭഷ്യ കിറ്റുകളും ഒപ്പം ഇഫ്താര്‍ കിറ്റും ഇവിടെയുള്ള തൊഴിലാളികള്‍ക്ക് നല്‍കിയതോടൊപ്പം പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണവും നല്‍കുവാനുള്ള തയാറെടുപ്പുകള്‍ മലബാര്‍ കൂട്ടായ്മ പൂര്‍ത്തികരിച്ചതായി സംഘാടകരായ അസ്‌ലം കൊളക്കോടന്‍, ഫൈസല്‍ ഇരിക്കൂര്‍, ഷിറാഫ് മൂലാഡ്, ജൗഹര്‍ കുനിയില്‍ എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക