Image

താലി മാല അണിഞ്ഞ്‌ നാട്ടിലെത്തിയാല്‍ പോലും പിഴ

Published on 26 April, 2012
താലി മാല അണിഞ്ഞ്‌ നാട്ടിലെത്തിയാല്‍ പോലും പിഴ
പറഞ്ഞുവരുന്നത്‌ സ്വര്‍ണ കള്ളക്കടത്തു തടയാനെന്ന പേരില്‍ ആഭരണം ധിരച്ച്‌ നാട്ടില്‍ വിമാനമിറങ്ങുന്നവരില്‍ നിന്ന്‌ നികുതി ഈടാക്കാനുള്ള നിയമത്തക്കെറിച്ചാണ്‌. 20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്‌ത്രീകളില്‍ നിന്നും 10,000 രൂപയ്‌ക്കുമേല്‍ വിലയുള്ള ആഭരണം ധരിച്ചത്തെന്നു പുരുഷന്‍മാരില്‍ നിന്നും നികുതി ഈടാക്കാമെന്ന കാലാഹരണപ്പെട്ട നിയമമാണ്‌ യാത്രക്കാരെ പിഴിയാന്‍ കസ്റ്റംസ്‌ അധികൃതര്‍ എടുത്ത്‌ തന്നിഷ്‌ടം പോലെ പ്രയോഗിക്കുന്നത്‌. സ്വര്‍ണവില പവന്‌ 22,000 രൂപയുടെ അടുത്ത്‌ എത്തിനില്‍ക്കുന്ന ഇക്കാലത്ത്‌ സ്‌ത്രീകള്‍ ഒരു പവന്റെ താലി മാല അണിഞ്ഞ്‌ നാട്ടിലെത്തിയാല്‍ പോലും പിഴ ഒടുക്കേണ്‌ടിവരുമെന്നാണ്‌ സ്ഥിതി.

നിയമം പണ്‌ടുമുതലേ നിലവിലുള്ളതാണെങ്കിലും കള്ളക്കടത്ത്‌ തടയാനെന്ന പേരില്‍ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന്‌ സാധാരാണ യാത്രക്കാരോടുംപോലും ഇത്‌ കര്‍ശനമായി പ്രയോഗിക്കുന്നതാണ്‌ യാത്രക്കാരെ ഇപ്പോള്‍ ദുരിതത്തിലാക്കിയിരിക്കുന്നത്‌. കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളങ്ങള്‍ വഴി ലക്ഷക്കണക്കിന്‌ രൂപയുടെ സ്വര്‍ണക്കള്ളക്കടത്ത്‌ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക്‌ നടുവിലാണ്‌ സാധാരണയാത്രക്കാരോടുള്ള ഈ പീഡനമെന്നതാണ്‌ വിരോധാഭാസം. രാജ്യത്തെ എല്ലാം വിമാനത്താവളങ്ങളിലും ഈ നിയമം ബാധകമാണെങ്കിലും പ്രവാസി മലയാളികളായ യാത്രക്കാര്‍ ഏറ്റവും കൂടുതലെത്തുന്ന നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ പിഴിയല്‍ കൂടുതലെന്നാണ്‌ വാര്‍ത്തകള്‍.

ഇത്രയും കാലം കര്‍ക്കശമായി നടപ്പാക്കിയിരുന്നില്ല എന്നതിനാല്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ പോലും ഈ നിയമത്തെ കുറിച്ച്‌ തീര്‍ത്തും അജ്ഞരാണ്‌. അവധികാലം ആഘോഷിക്കാനും മറ്റുമായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ എത്തുന്ന യാത്രക്കാരാണ്‌ കാലാഹരണപ്പെട്ടൊരു നിയമം നടപ്പാക്കാനുള്ള അധികൃതരുടെ ശുഷ്‌കാന്തിയുടെ ഇരകളാവുന്നത്‌. ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക്‌ നിയമത്തിന്റെ പേരില്‍ പീഡനമനുഭവിക്കേണ്‌ടി വന്നതായി പരാതിയുണ്ട്‌. പതിവായി ധരിക്കുന്ന ആഭരണങ്ങളുടെ പേരില്‍ അപ്രതീക്ഷിതമായി ആയിരങ്ങള്‍ നികുതി ആവശ്യപ്പെട്ടത്‌ യാത്രക്കാരെ അമ്പരപ്പിച്ചു.

വിദേശത്തേക്ക്‌ പോകുമ്പോള്‍ ധരിച്ചിരുന്ന ആഭരണം തന്നെ തിരിച്ചുവരുമ്പോള്‍ ധരിച്ചാല്‍പോലും രക്ഷയില്ലെന്നതാണ്‌ നെടുമ്പാശേരിയിലെ അനുഭവമെന്ന്‌ ചില യാത്രക്കാര്‍ പറയുന്നു. പോവുമ്പോള്‍ ധരിച്ചിരുന്ന ആഭരണങ്ങളുടെ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ പറഞ്ഞാണ്‌്‌ ഇത്തരം യാത്രക്കാരില്‍ നിന്ന്‌ നികുതി ഈടാക്കുന്നത്‌. ഗര്‍ഭിണികളായ ഒട്ടേറെ സ്‌ത്രീ യാത്രക്കാരെയും ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തടഞ്ഞുവെക്കുന്നുവെന്നും പരാതിയുണ്‌ട്‌. കെയില്‍ വേണ്ടത്ര പണം കരുതാതെ തനിച്ച്‌ യാത്ര ചെയ്യുന്ന സ്‌ത്രീകള്‍ക്കും മറ്റും അപ്രതീക്ഷിതമായുണ്ടാകുന്ന ഈ അനുഭവം കനത്ത മാനസിക സംഘര്‍ഷത്തിനും കാരണമാകുന്നുണ്‌ട്‌.

ഈ മാസം പതിനെട്ടിന്‌ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന്‌ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മയോട്‌ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്ക്‌ കസ്റ്റംസ്‌ അധികൃതര്‍ നികുതായായി ആവശ്യപ്പെട്ടത്‌ 12,000 രൂപയാണ്‌. പതിവായി ഉപയോഗിക്കുന്ന കുറച്ച്‌ സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ്‌ ഇവര്‍ ധരിച്ചിരുന്നത്‌.

പിഴ അടയ്‌ക്കാന്‍ നിര്‍വാഹമില്ലെങ്കില്‍ ആഭരണങ്ങള്‍ യാത്രക്കാര്‍ക്ക്‌ വിമാനത്താവളങ്ങളില്‍ തന്നെ സൂക്ഷിക്കാന്‍ സംവിധാനമുണ്‌ട്‌. തിരിച്ചുപോകുമ്പോള്‍ കൊണ്‌ടുപോകുകയുമാവാം. ഇതിന്‌ പ്രതിദിനം 15 രൂപ വാടക നല്‍കേണ്‌ടി വരും. ഇത്‌ സൗകര്യപ്രദമാണെങ്കിലും തിരിച്ചുപോകുമ്പോള്‍ ആഭരണം ലഭിക്കണമെങ്കിലുള്ള നടപടിക്രമങ്ങള്‍ യാത്രക്കാര്‍ക്ക്‌ അത്ര സുഖകരമായ അനുഭവമല്ല സമ്മാനിക്കുന്നത്‌. അവധി ദിവസം ചെല്ലരുതെന്നും ചെല്ലുന്നതിന്‌ ഒരുദിവസം മുമ്പ്‌ വിളിച്ച്‌ പറയണമെന്നുമുള്ള നിര്‍ദേശങ്ങളാണ്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്‌.

പലപ്പോഴും തിരിച്ചുപോകാനുള്ള ടിക്കറ്റ്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്‌തിട്ടുണ്‌ടാവുമെന്നതിനാല്‍ അവധി ദിവസങ്ങള്‍ ഒഴിവാക്കി ചെല്ലണമെന്ന നിര്‍ദേശമാണ്‌ യാത്രക്കാരെ വിഷമവൃത്തത്തിലാക്കുന്നത്‌.

എന്തായാലും ഉള്ള നിയമങ്ങള്‍ ശരിയായി നടപ്പാക്കാന്‍ ശുഷ്‌കാന്തി കാട്ടാത്ത ഉദ്യോഗസ്ഥരും സര്‍ക്കാരും കാലാഹരണപ്പെട്ടൊരു നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്‌ പിന്നില്‍ പിഴിയല്‍ എന്ന ഒറ്റ ഉദ്ദേശമേയുള്ളൂവെന്ന കാര്യത്തില്‍ രണ്‌ടഭിപ്രായമില്ല. നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും അതുവരെ നടപ്പാക്കുന്നതില്‍ നിന്ന്‌ ഉദ്യോഗസ്ഥരെ വിലക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ വിവിധ പ്രവാസി സംഘടനകള്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്‌ ഇപ്പോള്‍.

നാട്ടിലെ ജനങ്ങളെ പിഴിയാന്‍ നമ്മുടെ അധികാരികള്‍ക്ക്‌ നൂറും നിയമങ്ങളും രീതികളും മാര്‍ഗങ്ങളുമുണ്‌ട്‌. പെട്രോളിന്റെ വില വര്‍ധിപ്പിച്ചും റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ മദ്യപിച്ചു കയറിയാല്‍ പിഴ അടപ്പിച്ചും ഹെല്‍മറ്റും സീറ്റ്‌ ബെല്‍റ്റുമിടാതെ വണ്ടിയോടിക്കുന്നവരെ വേട്ടയാടിപ്പിടിച്ചും അത്‌ അവര്‍ തരാതരം പോലെ നടപ്പാക്കാറുമുണ്‌ട്‌. എന്നാല്‍ ഈ പിഴിയലില്‍ നിന്നും പിഴകളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ട്‌ നില്‍ക്കുന്നവരാണ്‌ പ്രവാസി ഇന്ത്യക്കാര്‍. അതുകൊണ്‌ടാവണം സ്വന്തം നാട്ടില്‍ വന്നിറങ്ങുമ്പോഴെ ഇവരെ പിഴിഞ്ഞു തുടങ്ങുകയെന്ന നിയമം നടപ്പാക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ കര്‍ക്കശബുദ്ധി കാണിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക