Image

ആയുഷ്‌മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്‌: പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു; മന്ത്രി ശൈലജ

Published on 08 June, 2019
ആയുഷ്‌മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്‌: പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു; മന്ത്രി  ശൈലജ

തിരുവനന്തപുരം: ആയുഷ്‌മാന്‍ ഭാരത്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക്‌ അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ.

ആയുഷ്‌മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്‌. കേരളത്തിന്‌ പദ്ധതിയുടെ ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു.

ആയുഷ്‌മാന്‍ ഭാരത്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയില്‍ നിന്നും പുറത്താകുന്ന സാഹചര്യത്തില്‍, കേരളത്തിലെ നിലവിലുള്ള എല്ലാ ഇന്‍ഷുറന്‍സ്‌ പദ്ധതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ അവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കിയാണ്‌ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരില്‍ ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത്‌ നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യരംഗത്ത്‌ കേരളം മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രസ്‌താവന ഉണ്ടായത്‌ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കാര്യങ്ങള്‍ അറിയുമ്പോള്‍ പ്രധാനമന്ത്രി പ്രസ്‌താവന തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യവകുപ്പ്‌ മന്ത്രി പറഞ്ഞു. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ അനുമോദന സമ്മേളനത്തില്‍ സംസാരിക്കവെയാണ്‌ കേരളത്തില്‍ പദ്ധതി നടപ്പാക്കിയിലെന്ന്‌ പ്രസ്‌താവിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക