Image

സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌; ദേഹത്ത്‌ ബൈക്ക്‌ കയറ്റി, വളഞ്ഞിട്ട്‌ വെട്ടി

Published on 09 June, 2019
സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌; ദേഹത്ത്‌ ബൈക്ക്‌ കയറ്റി, വളഞ്ഞിട്ട്‌ വെട്ടി

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌. അക്രമികള്‍ ദേഹത്ത്‌ ബൈക്ക്‌ കയറ്റുന്നതും നസീറിനെ വളഞ്ഞിട്ട്‌ വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്ക്‌ പിന്നില്‍ സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറാണെന്ന്‌ നസീര്‍ പറഞ്ഞിരുന്നു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ്‌ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നസീര്‍ പറഞ്ഞിരുന്നു.


ഷംസീറിനോടൊപ്പമുള്ളവരാണ്‌ തന്നെ ആക്രമിച്ചത്‌. വടകരയിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ്‌ വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ പറഞ്ഞിരുന്നു.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചത്‌ ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. ഷംസീര്‍, എം.എല്‍.എ ഓഫീസില്‍വെച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ രണ്ട്‌ സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌തിരുന്നു. കൊളശേരി കളരിമുക്ക്‌ സ്വദേശി സോജിത്ത്‌, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്‌ എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയത്‌.


കഴിഞ്ഞ മെയ്‌ 18നാണ്‌ സി.ഒ.ടി നസീറിനെ തലശ്ശേരി കയ്യത്ത്‌ റോട്ടില്‍ വെച്ച്‌ ആക്രമിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക