Image

കാന്‍സര്‍ ഇല്ലാതെ കീമോ: രജനിക്ക്‌ തുടര്‍ ചികിത്സയ്‌ക്ക്‌ എല്ലാ സഹായവും ഉറപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി

Published on 09 June, 2019
കാന്‍സര്‍ ഇല്ലാതെ കീമോ: രജനിക്ക്‌ തുടര്‍ ചികിത്സയ്‌ക്ക്‌ എല്ലാ സഹായവും ഉറപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി


കാന്‍സര്‍ ഇല്ലാതെ കീമോ നല്‍കിയ കോട്ടയം സ്വദേശി രജനിക്ക്‌ എല്ലാ സഹായവും ഉറപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ. തെറാപ്പി നല്‍കുന്നതിന്‌ മുമ്പ്‌ മെഡിക്കല്‍ ബോര്‍ഡ്‌ ചേരണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യം വിദഗ്‌ധ ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഡോക്ടര്‍മാര്‍ മനപ്പൂര്‍വം പിഴവ്‌ വരുത്തി എന്ന്‌ കരുതുന്നില്ലെന്നും രജനിക്ക്‌ തുടര്‍ ചികിത്സക്ക്‌ എല്ലാ സംവിധാനവും ഒരുക്കുമെന്നും കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

കാന്‍സര്‍ ഇല്ലാതെ കീമോ ചെയ്‌ത സംഭവത്തില്‍ രജനിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ്‌ കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ രണ്ട്‌ ലാബുകള്‍ക്കെതിരെയും ചികിത്സിച്ച രണ്ട്‌ ഡോക്ടര്‍മാര്‍ക്കെതിരെയുമാണ്‌ കേസ്‌. കുടശനാട്‌ സ്വദേശി രജനിക്ക്‌ കാന്‍സര്‍ ഇല്ലെന്ന്‌ അന്തിമ ഫലത്തിലും സ്ഥിരീകരിച്ചിട്ടും കീമോ ചെയ്യുകയായിരുന്നു.

ഡോ.രഞ്‌ജിന്‍, ഡോ. സുരേഷ്‌ കുമാര്‍ എന്നിവര്‍ക്കെതിരെയും സിഎംസി സ്‌കാനിംഗ്‌ സെന്റര്‍, റിപ്പോര്‍ട്ട്‌ നല്‍കിയ ഡയനോവ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.

രജനിയുടെ മാറിടത്തില്‍ നിന്നും നീക്കം ചെയ്‌ത മുഴയില്‍ നിന്നുള്ള സാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ലാബില്‍ പരിശോധിച്ച്‌ കാന്‍സര്‍ ഇല്ലെന്ന്‌ സ്ഥിരീകരിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിക്ക്‌ സമീപത്തുള്ള ഡയനോവ ലബോറട്ടറിയില്‍ നിന്നുള്ള ഫലത്തിലാണ്‌ ആദ്യം കാന്‍സറാണെന്ന്‌ തെറ്റായി കണ്ടെത്തിയത്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ രജനിക്ക്‌ കീമോ നല്‍കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക