Image

കാൻസർ ഇല്ലാത്ത രോഗിക്ക് കിമോ തെറാപ്പി: ഡോക്ടർ മനപൂർവം വീഴ്ച വരുത്തിയെന്ന് കരുതുന്നില്ലെന്ന് കെകെ ശൈലജ

Published on 09 June, 2019
കാൻസർ ഇല്ലാത്ത രോഗിക്ക് കിമോ തെറാപ്പി: ഡോക്ടർ മനപൂർവം വീഴ്ച വരുത്തിയെന്ന് കരുതുന്നില്ലെന്ന് കെകെ ശൈലജ

കോട്ടയം: കാൻസർ ഇല്ലാത്ത രോഗിക്ക് കിമോ നൽകിയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണ്. മെഡിക്കൽ ബോർഡ് കൂടാതെ കീമോ തീരുമാനിക്കരുതെന്ന് നിർദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ ഡോക്ടർ മനപൂർവം വീഴ്ച വരുത്തിയെന്ന് കരുതുന്നില്ല. കീമോ നൽകിയത് സദുദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുന്നു. കൂടുതൽ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവ പാടം ഈ സംഭവം നൽകുന്നു. രജനിയ്ക്ക് തുടർ ചികിത്സയ്ക്കുള്ള എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കീമോ തെറാപ്പി നല്‍കുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലെന്ന്  കെ.കെ ശൈലജ പറഞ്ഞു. വിദഗ്ദ ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. കോട്ടയത്ത് കാൻസർ ഇല്ലാത്ത രോഗിക്ക് കീമോ നൽകിയതിനെ തുടർന്നാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാൻൻസർ ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളെജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കോട്ടയം ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകൾക്കെമെതിരെയും ആലപ്പുഴ സ്വദേശി രജനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഗാന്ധിനഗറിലെ മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോ‌ർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജിലെ ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പരാതി.

ഡോ രഞ്ജനാണ് സ്വകാര്യലാബിൽ പരിശോധനക്ക് നിർദ്ദേശിച്ചത്. ഇവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് രജനി പൊലീസിനെ സമീപിച്ചത്. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും. മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽകോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

സ്വകാര്യലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്മേലാണ് രജനി പരാതി നൽകിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക