Image

മരടിലെ ഫ്‌ളാറ്റ്‌ സമുച്ചയം പൊളിക്കുന്നതിന്‌ സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

Published on 10 June, 2019
മരടിലെ ഫ്‌ളാറ്റ്‌ സമുച്ചയം പൊളിക്കുന്നതിന്‌ സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്‌റ്റേ
ന്യൂഡല്‍ഹി: എറണാകുളം മരട്‌ മുനിസിപ്പാലിറ്റിയില്‍ ചട്ടം ലംഘിച്ച്‌ നിര്‍മിച്ച ഫ്‌ളാറ്റ്‌ സമുച്ചയം പൊളിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്‌ താല്‍ക്കാലിക സ്‌റ്റേ. ഫ്‌ളാറ്റിലെ താമസക്കാര്‍ നല്‍കിയ റിട്ട്‌ ഹരജിയിലാണ്‌ സുപ്രിംകോടതി ഉത്തരവ്‌. ആറ്‌ ആഴ്‌ചത്തേക്ക്‌ തല്‍സ്ഥിതി തുടരാനാണ്‌ സുപ്രിംകോടതിയുടെ നിര്‍ദേശം.

സുപ്രിംകോടതി അവധിക്കാല ബെഞ്ചിന്റേതാണ്‌ വിധി. താമസക്കാര്‍ നല്‍കിയ ഹരജി, ഫ്‌ളാറ്റ്‌ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ്‌ അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ജൂലൈ ആദ്യവാരം ബെഞ്ച്‌ ഈ ഹരജി പരിഗണിക്കും. ഫ്‌ളാറ്റ്‌ സമുച്ചയം പൊളിക്കണമെന്ന ഉത്തരവ്‌ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ 32 താമസക്കാരാണ്‌ കോടതിയെ സമീപിച്ചത്‌.

താമസക്കാരുടെ ഭാഗം കേള്‍ക്കാതെയാണ്‌ സുപ്രിംകോടതി ഉത്തരവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തീരദേശ പരിപാലന ചട്ടം ലംഘിച്ച്‌ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്‌. ഇതറിയിച്ചുകൊണ്ട്‌ ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കുകയും ചെയ്‌തിരുന്നു.

അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ആദ്യ ഉത്തരവില്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചിരുന്നു. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹരജിയിലായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഹോളിഡേ ഹെറിറ്റേജ്‌, ഹോളി ഫെയ്‌ത്ത്‌, ജെയിന്‍ ഹൗസിങ്‌, കായലോരം അപ്പാര്‍ട്ട്‌മെന്റ്‌, ആല്‍ഫാ വെഞ്ചേഴ്‌സ്‌ എന്നിവ പൊളിച്ചുമാറ്റാനാണ്‌ ഉത്തരവിട്ടിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക