Image

കത്വ കൂട്ടബലാത്സംഗം; ആറുപേര്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

Published on 10 June, 2019
കത്വ കൂട്ടബലാത്സംഗം; ആറുപേര്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു


പത്താന്‍കോട്ട്‌: ജമ്മു കശ്‌മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട്‌ പോയി കൂട്ടബലാത്സംഗം ചെയ്‌ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഏഴ്‌ പ്രതികളില്‍ ആറു പേര്‍ കുറ്റക്കാര്‍.

ഗ്രാമമുഖ്യന്‍ സഞ്‌ജി റാം, മകന്‍ വിശാല്‍, പോലീസ്‌ ഉദ്യോഗസ്ഥരായ ദീപക്‌ കജൂരിയ, സുരേന്ദര്‍ വര്‍മ, സുരീന്ദര്‍ കുമാര്‍, ഹെഡ്‌ കോണ്‍സ്റ്റബിള്‍ തിലക്‌ രാജ്‌ എന്നിവരെയാണ്‌ പത്താന്‍കോട്ടിലെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തിയത്‌. ഒരാളെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഉച്ച തിരിഞ്ഞ്‌ പ്രഖ്യാപിക്കും.

കുറ്റകൃത്യം നടന്ന്‌ 16 മാസത്തിന്‌ ശേഷമാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന്‌ അവസാനിച്ചിരുന്നു. ആകെ എട്ടു പ്രതികളാണ്‌ കേസിലുണ്ടായിരുന്നതെങ്കിലും ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെന്നുള്ള അവകാശവാദത്തെ തുടര്‍ന്ന്‌ ഇയാളുടെ വിചാരണ തുടങ്ങിയിരുന്നില്ല.

സുരക്ഷാകാരണങ്ങളാല്‍ കശ്‌മീരില്‍നിന്ന്‌ മാറ്റി പഞ്ചാബിലെ പത്താന്‍കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ. അറസ്റ്റിലായ പ്രതികളെ അവിടുത്തെ ജയിലിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. വിധി പറയുന്ന പത്താന്‍കോട്ടെ പ്രത്യേക കോടതിയില്‍ വന്‍സുരക്ഷാസംവിധാനങ്ങളാണ്‌ ഒരുക്കിയിരുന്നത്‌.

ജമ്മുകശ്‌മീരിലെ കത്വ ഗ്രാമത്തില്‍നിന്ന്‌ 2018 ജനുവരി പത്തിന്‌ കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17ന്‌ കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ്‌ പെണ്‍കുട്ടി കൊല്ലപ്പെടുന്നത്‌. പ്രദേശത്തുനിന്ന്‌ നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന്‌ പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ കശ്‌മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
കത്വ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നതെന്നും അവിടെ വെച്ച്‌ ലഹരി മരുന്ന്‌ നല്‍കി കുട്ടിയെ നാല്‌ ദിവസത്തോളം പ്രതികള്‍ ബലാല്‍സംഗം ചെയ്‌തെന്നുമാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളടക്കം എട്ടു പേര്‍ കേസില്‍ പ്രതികളാണ്‌.

പ്രതികളുടെ അറസ്റ്റിനെതിരേ രണ്ട്‌ ജമ്മുകശ്‌മീര്‍ മന്ത്രിമാരുള്‍പ്പെടെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്‌ വലിയ വിമര്‍ശനത്തിന്‌ ഇടവെച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക