Image

സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

Published on 10 June, 2019
സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളില്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളിന്മേല്‍ സര്‍ഫാസി ചുമത്തുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന കര്‍ഷകര്‍ക്കുമേലും ബാങ്കുകള്‍ സര്‍ഫാസി ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പലയിടത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായതും സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോയതായിരുന്നു. ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

സഹകരണ മേഖലയില്‍ സര്‍ഫാസിയേര്‍പ്പെടുത്തിയതു സംബന്ധിച്ച് വലിയ വാക്കുതര്‍ക്കമാണ് നിയമസഭയിലുണ്ടായത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സര്‍ഫാസി നിയമം സഹകരണ മേഖലയ്ക്കു കൂടി ബാധകമാക്കിയതെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ ആരോപിച്ചു.

ഈ സര്‍ക്കാര്‍ വന്നശേഷം 2400ഓളം കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് കിട്ടിയെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയായിരുന്നു സഭയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയായത്.

വയനാട്ടില്‍ നിന്നുള്ള എം.എല്‍.എയായ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു, സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങളൊക്കെ വെറുംവാക്കായി മാറുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം സഭയില്‍ ഉയര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക