Image

വായു ചുഴലിക്കാറ്റ്‌ ഗുജറാത്ത്‌ തീരത്തേക്ക്‌, ജാഗ്രതയില്‍ കേന്ദ്രം

Published on 11 June, 2019
വായു ചുഴലിക്കാറ്റ്‌ ഗുജറാത്ത്‌ തീരത്തേക്ക്‌, ജാഗ്രതയില്‍ കേന്ദ്രം
അഹമ്മദാബാദ്‌: വായു ചുഴലിക്കാറ്റിന്‍റെ ശക്തി കൂടി ഗുജറാത്ത്‌ തീരത്തേക്കടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 13-ഓടെ വായു ചുഴലിക്കാറ്റ്‌ തീരം തൊടുമെന്നാണ്‌ കരുതുന്നത്‌.

പോര്‍ബന്ദറിനും മഹുവയ്‌ക്കുമിടയില്‍ വെരാവല്‍ ദിയു മേഖലയ്‌ക്കടുത്ത്‌ ചുഴലിക്കാറ്റ്‌ തീരം തൊടുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്‌. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ്‌ വീശാം. ഇത്‌ മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഒരുക്കങ്ങള്‍ വിലയിരുത്തി. വേണ്ടത്ര ദുരിതാശ്വാസക്യാമ്‌ബുകള്‍ തുറക്കണമെന്നും കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നും ആവശ്യമായ മറ്റ്‌ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. ഓരോ കമ്‌ബനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ബോട്ടുകളും മരങ്ങള്‍ മുറിച്ച്‌ നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന്‌ ഓരോ ടീമിന്‍റെയും പക്കലുണ്ട്‌.

ഇവിടേക്ക്‌ പത്ത്‌ ടീമുകളെക്കൂടി നിയോഗിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നാളെ രാവിലേക്ക്‌ ഈ സംഘങ്ങളും അവിടേക്ക്‌ എത്തും. ഇതോടെ ആകെ 35 കമ്‌ബനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തും.

വൈദ്യുതി, വാര്‍ത്താ വിനിമയം എന്നീ സൗകര്യങ്ങളും കുടിക്കാന്‍ ശുദ്ധമായ വെള്ളം ഉറപ്പാക്കുകയും ആശുപത്രികള്‍ സജ്ജമാക്കുകയും ചെയ്യണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിലേതെങ്കിലുമൊന്നിന്‌ തടസ്സം നേരിട്ടാല്‍ അടിയന്തരമായി ഇടപെടണമെന്നും നിര്‍ദേശമുണ്ട്‌.

ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം പ്രതിഫലിക്കാനിടയുണ്ട്‌. ഇവിടങ്ങളില്‍ കനത്ത മഴ പെയ്യുമ്‌ബോള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക